തള്ളപ്പൂച്ചയെ അയൽവാസി മരുഭൂമിയിൽ തള്ളി; അഞ്ച് പൂച്ചക്കുഞ്ഞുങ്ങളെ രക്ഷിക്കാൻ മലയാളി കുടുംബത്തിന്റെ സാഹസിക ഇടപെടൽ
text_fieldsദോഹ: മനുഷ്യജീവനുപോലും വിലകൽപിക്കാത്ത കാലത്ത് കാണാതെപോയ പൂച്ചയെ കണ്ടെത്തി അഞ്ചു ജീവൻ രക്ഷിക്കാൻ മരുഭൂമിയിൽ അലഞ്ഞ മലയാളി സഹോദരങ്ങളാണ് ഖത്തറിൽ സമൂഹ മാധ്യമങ്ങളിൽ താരങ്ങൾ.
എറണാകുളം നോർത്ത് പറവൂർ സ്വദേശികളും ഖത്തറിലെ അൽ ഖറൈതിയാതിൽ താമസക്കാരുമായ ജഫീദും അനുജൻ റംഷീദും ഭാര്യ ആയിഷയുമാണ് കരുണ നഷ്ടപ്പെടുന്ന കാലത്ത് ഒരു മിണ്ടാപ്രാണിയുടെ ജീവനുവേണ്ടി സമാനതകളില്ലാത്ത ഇടപെടലിലൂടെ പ്രശംസ പിടിച്ചുപറ്റിയത്. ഉംസലാലിൽ ഫാസ്റ്റർ മെഡിക്കൽ കെയർ ജീവനക്കാരാണ് മൂവരും.
രണ്ടുദിവസം മുമ്പായിരുന്നു സംഭവ കഥകളുടെ തുടക്കം. 10-12 പൂച്ചകളുള്ള ഇവരുടെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ പൂച്ചകൾ അപ്രത്യക്ഷമാവുന്നത് നേരത്തെ തന്നെ ശ്രദ്ധയിൽപെട്ടിരുന്നു.
ഒടുവിൽ തിങ്കളാഴ്ച വൈകീട്ട് അഞ്ച് പിഞ്ചുകുഞ്ഞുങ്ങളുള്ള തള്ളപ്പൂച്ചയെയും കാണാതായതോടെ സംഭവം വീട്ടുകാർ ഗൗരവത്തിലെടുത്തു. കണ്ണുതുറക്കാത്ത കുഞ്ഞുങ്ങളെ തേടി അധികം വൈകാതെ തന്നെ തള്ളപ്പൂച്ച തിരികെയെത്തുമെന്ന കാത്തിരിപ്പിലായിരുന്നു വീട്ടുകാർ.
പക്ഷേ, മണിക്കൂറുകൾ കഴിഞ്ഞ് രാത്രി പിന്നിട്ടിട്ടും പൂച്ചയെ കാണാതായതോടെ അന്വേഷിച്ചിറങ്ങി. മാർക്കറ്റിലും ഹോട്ടലുകളിലും സമീപത്തെ വീടുകളിലുമെല്ലാം അന്വേഷണമായി. എങ്ങും കണ്ടെത്താനായില്ല. അതിനിടയിലാണ് അയൽവാസിയുടെ 'കൈകളാണ്' പൂച്ചക്കടത്തിന് പിന്നിലെന്ന് തിരിച്ചറിയുന്നത്. തങ്ങൾ വളർത്തുന്ന പൂച്ചയെ കെണിവെച്ചുപിടിച്ച് മരുഭൂമിയിലും മറ്റുമായി തള്ളലായിരുന്നു അയൽവാസിയുടെ ജോലി.
മണിക്കൂറുകൾ പിന്നിട്ടതോടെ കണ്ണുതുറക്കാത്ത അഞ്ച് പൂച്ചക്കുഞ്ഞുങ്ങളുടെ മുലപ്പാലിനു വേണ്ടിയുള്ള കരച്ചിൽ തങ്ങൾക്കും വലിയ നോവായെന്ന് ജഫീദ് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
പിന്നെ, എങ്ങനെയെങ്കിലും പൂച്ചക്കുഞ്ഞുങ്ങളുടെ ജീവൻ നിലനിർത്താനുള്ള ശ്രമത്തിലായി ഇവർ. കൈകൊണ്ടുള്ള ഫീഡിങ് ശ്രമം വിജയിക്കാതായതോടെ, ഖത്തറിലെ ഏറ്റവും വലിയ മലയാളി സമൂഹ മാധ്യമ കൂട്ടായ്മയായ 'ഖത്തർ മലയാളീസിൽ' സഹായം തേടി പോസ്റ്റിട്ടു.
പലകോണിൽനിന്നും സാഹയ വാഗ്ദാനമുണ്ടായെങ്കിലും ഫലപ്രദമായില്ല. അമ്മയെ തേടി കണ്ടുപിടിക്കൽ തന്നെയാണ് അഞ്ചു ജീവൻ രക്ഷിക്കാനുള്ള വഴിയെന്ന് മനസ്സിലാക്കിയ ജഫീദും സഹോദരനും അയൽക്കാരനെതന്നെ സമീപിച്ച് ദയനീയാവസ്ഥ ധരിപ്പിച്ചു. ആദ്യമൊക്കെ നിഷേധിച്ച ഇയാൾ, ഒടുവിൽ മനസ്സലിഞ്ഞ് വണ്ടിയെടുത്ത് പൂച്ചയെ ഉപേക്ഷിച്ച സ്ഥലത്തേക്ക് ഇവരെ നയിച്ചു. കാർ ഓടിയെത്തിയത് വീട്ടിൽനിന്നും 30 കി.മീ അകലെ ദുഖാനിലെ മരുഭൂമിയിൽ.
ഉപേക്ഷിച്ചുവെന്ന് പറയപ്പെടുന്ന സ്ഥലത്ത് കാണാതായതോടെ, പരിഭ്രാന്തരായെങ്കിലും അധികം ദൂരെയല്ലാതെ കുറ്റിച്ചെടിയുടെ തണലിൽ കുടിവെള്ളം പോലുമില്ലാതെ മൃതപ്രായനായ പൂച്ചയെ കണ്ടെത്തിയപ്പോഴാണ് ഇവരുടെ അലച്ചിൽ അവസാനിക്കുന്നത്. പൂച്ചയെ, വീട്ടിലെത്തിച്ച് കുഞ്ഞുങ്ങൾക്കൊപ്പം ചേർത്തുകൊണ്ടുള്ള അതി വൈകാരികമായ വിഡിയോയും ഇവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. തങ്ങളുടെ പ്രയത്നം വൈറലായതോടെ നാട്ടിലെയും ഖത്തറിലെയും സുമനസ്സുകളും മൃഗസ്നേഹികളുമെല്ലാം ജഫീദിനും റംഷീദിനും ആയിഷക്കും അഭിനന്ദനങ്ങൾ ചൊരിയുകയാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.