ചൂട്: തൊഴിലാളികൾക്ക് സുരക്ഷാ മുൻകരുതൽ നടപ്പാക്കി അശ്ഗാൽ
text_fieldsദോഹ: കനത്ത ചൂടിൽനിന്ന് തൊഴിലാളികൾക്ക് സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കാൻ പൊതുമരാമത്ത് അതോറിറ്റി-അശ്ഗാൽ കർശന സുരക്ഷാ മുൻകരുതലുകൾ നടപ്പാക്കുന്നു.
2021ലെ തൊഴിൽമന്ത്രാലയ ഉത്തരവ് നമ്പർ 17 പ്രകാരം തുറസ്സായ സ്ഥലങ്ങളിലെ തൊഴിലാളികൾക്കുള്ള മധ്യാഹ്ന വിശ്രമം ഉറപ്പുവരുത്തുന്നതായും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതായും അശ്ഗാൽ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
രാവിലെ 10 മുതൽ വൈകീട്ട് 3.30വരെ തുറസ്സായ സ്ഥലങ്ങളിൽ തൊഴിലെടുക്കുന്നവർക്ക് നിർബന്ധമായും വിശ്രമം നൽകണമെന്ന് നിയമം അനുശാസിക്കുന്നുണ്ട്.
ജൂൺ ഒന്നിന് പ്രാബല്യത്തിൽ വന്ന ഈ നിയമം സെപ്തംബർ 15 വരെ നീണ്ടുനിൽക്കും.
ഏറ്റവും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം തൊഴിലാളികൾക്ക് ഉറപ്പുവരുത്തണമെന്ന് കരാറുകാർക്ക് നിർദേശം നൽകിയതായും ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നാണിതെന്നും അശ്ഗാൽ ചൂണ്ടിക്കാട്ടി. കനത്ത ചൂടിൽ നിന്നും തൊഴിലാളികൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താൻ കരാറുകാർ ബാധ്യസ്ഥരാണ്. പദ്ധതി പ്രദേശത്ത് തൊഴിലാളികൾക്ക് വിശ്രമിക്കുന്നതിനാവശ്യമായ വിശ്രമകേന്ദ്രങ്ങൾ സ്ഥാപിച്ചിരിക്കണം.
എല്ലാ തൊഴിലാളികൾക്കും മുഴുവൻ സമയവും സൗജന്യമായി ശുദ്ധജലം നൽകണം. അവരുടെ സുരക്ഷക്കാവശ്യമായ വിവിധ ഉപകരണങ്ങളും സാമഗ്രികളും എത്തിച്ച് കൊടുക്കണം.
കൂടാതെ തൊഴിലാളികൾക്കാവശ്യമായ പ്രാഥമിക ശുശ്രൂഷകൾ നൽകുന്നതിനും ബോധവൽകരണം നടത്തുന്നതിനുമായി പാരാമെഡിക്കൽ ജീവനക്കാരെയും ഒക്യുപേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റി സൂപ്പർവൈസർമാരെയും പദ്ധതി പ്രദേശത്ത് നിയമിച്ചിരിക്കണമെന്നും കരാറുകാർക്ക് നിർദേശം നൽകിയതായി അശ്ഗാൽ അറിയിച്ചു.
ജൂൺ മുതൽ സെപ്തംബർ പകുതി വരെ നിലനിൽക്കുന്ന കനത്ത ചൂടിൽനിന്ന് സുരക്ഷ ഉറപ്പാക്കാൻ തൊഴിലാളികൾക്കിടയിൽ പ്രത്യേക ബോധവൽകരണവും നടത്തേണ്ടതുണ്ടെന്നും അശ്ഗാൽ പറഞ്ഞു.
അതേസമയം, തൊഴിലാളികൾക്കിടയിലെ മാറാരോഗങ്ങളുള്ളവരെ കണ്ടെത്തുന്നതിനായി അശ്ഗാൽ പ്രത്യേക ആരോഗ്യ പരിശോധനാ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. പൂർണമായും സൗജന്യ നിരക്കിലാണ് പരിശോധനകൾ. 2020ലും 2021െൻറ ആദ്യ പകുതിയിലുമായി 67,719 തൊഴിലാളികൾക്ക് സ്ക്രീനിങ് നടത്തിയിട്ടുണ്ട്.
ആകെ തൊഴിലാളികളുടെ 89.12 ശതമാനം വരുമിത്. ഏതെങ്കിലും തൊഴിലാളിക്ക് പരിശോധനക്കിടയിൽ അസ്വാഭാവികമായ സാഹചര്യം ബോധ്യപ്പെടുകയാണെങ്കിൽ അവരെ ആശുപത്രിയിലേക്ക് റഫർ ചെയ്യും.
തൊഴിലാളികൾക്കായുള്ള ഇത്തരം ആരോഗ്യ പരിപാടികൾ ലോകത്ത് വളരെ കുറഞ്ഞ സ്ഥലങ്ങളിൽ മാത്രമാണുള്ളതെന്നും അശ്ഗാൽ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.