ചൂട് കൂടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
text_fieldsദോഹ: തണുപ്പുകാലം വിട്ട്, ചൂടിനെ പുണർന്നുകഴിഞ്ഞു അറബ് നാടുകൾ. ജൂണെന്ന് കേട്ടാൽ മലയാളികൾക്ക് തുള്ളിതോരാത്ത മഴയുടെ ഓർമയാണെങ്കിൽ പ്രവാസത്തിലെത്തിക്കഴിഞ്ഞാൽ അത് അകവും പുറവും പൊള്ളുന്ന ചൂടിനെ വരവേൽക്കാനുള്ള കാലമാണ്. ജൂൺ പിറന്നതോടെ, ചൂടും കൂടിക്കഴിഞ്ഞു. ദിവസവുമെത്തുന്ന കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പുകൾ പ്രകാരം ഓരോ ദിനവും അന്തരീക്ഷ താപനില മുകളിലോട്ടാണ് കുതിക്കുന്നത്. ഒപ്പം, പൊടിക്കാറ്റ് മുന്നറിയിപ്പുകളും വരുന്നു. ഈ ചൂടേറുന്ന കാലാവസ്ഥയിൽ എല്ലാകാലത്തെയും പോലെ ആരോഗ്യ കരുതലുകൾ വേണമെന്ന് ഓർമപ്പെടുത്തുകയാണ് പ്രാഥമികാരോഗ്യ കേന്ദ്രം (പി.എച്ച്.സി.സി).
വേനൽ രോഗങ്ങളെ ശ്രദ്ധിക്കുക
വേനൽക്കാലത്ത് ഉയർന്ന താപനിലയും ഈർപ്പവും കാരണം ചില രോഗങ്ങൾക്ക് കാരണമായേക്കാമെന്ന് ഫാമിലി മെഡിസിൻ സീനിയർ കൺസൽട്ടന്റും പി.എച്ച്.സി.സി ഖത്തർ യൂനിവേഴ്സിറ്റി ഹെൽത്ത് സെന്റർ മാനേജറുമായ ഡോ. അൽ അനൂദ് സാലിഹ് അൽ ഫിഹൈദി പറഞ്ഞു. കുടുംബങ്ങളുടെ ഒത്തുചേരലുകളിലൂടെയുണ്ടാകുന്ന നേരിട്ടുള്ള സമ്പർക്കം മൂലം ശ്വാസകോശ, ആന്തരിക രോഗങ്ങളുടെ വ്യാപനത്തിന് കാരണമാകുന്ന രോഗാണുക്കളുടെ വ്യാപനമുണ്ടാക്കുന്നുവെന്നും കൂടാതെ നേരിട്ട് സൂര്യപ്രകാശമേൽക്കുന്നതിലൂടെ ചർമത്തിന് പൊള്ളലേൽപ്പിക്കുമെന്നും ഡോ. അൽ അനൂദ് കൂട്ടിച്ചേർത്തു.
പൾമണറി, ശ്വാസകോശ സംബന്ധമായ അണുബാധകൾ, അലർജിക് റിനിറ്റിസ്, സൈനസൈറ്റിസ്, നേത്രസംബന്ധമായ രോഗങ്ങൾ, ചർമത്തിലെ രോഗാവസ്ഥ എന്നിവ ശരീരത്തിലെ ചൂടിന്റെയും ഈർപ്പത്തിന്റെയും നേരിട്ടുള്ള സ്വാധീനം മൂലം സംഭവിക്കാമെന്നും ഡോക്ടർ അറിയിച്ചു.
നേരിട്ട് വെയിൽ കൊള്ളരുത്
അന്തരീക്ഷ താപനില കൂടുതൽ ഉയർന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും ഉച്ച സമയങ്ങളിൽ സൂര്യപ്രകാശം നേരിട്ട് ശരീരത്തിലേൽക്കുന്നതിൽനിന്ന് വിട്ടുനിൽക്കണം. ചൂടായ സ്ഥലത്തുനിന്ന് നേരിട്ട് ശീതീകരിച്ച അവസ്ഥയിലേക്ക് പോകരുതെന്നും അണുബാധ പകരുന്നത് തടയാൻ മുൻകരുതലുകളെടുക്കണമെന്നും ആവശ്യപ്പെട്ടു.
ആസ്ത്മ രോഗികളെ സംബന്ധിച്ച്, ഉയർന്ന ഈർപ്പം, പൊടിനിറഞ്ഞ അന്തരീക്ഷം എന്നിവയിൽ കൂടുതൽ ജാഗ്രത പാലിക്കണം.
ഈ കാലാവസ്ഥയിൽ ഔട്ട്ഡോർ പരിപാടികൾ ഒഴിവാക്കണമെന്നും പുറത്തിറങ്ങുമ്പോൽ പ്രത്യേകിച്ചും വ്യായാമം ചെയ്യുമ്പോഴും സൈക്കിൾ ഓടിക്കുമ്പോഴും നടക്കുമ്പോഴും മരുന്നുകളും ഇൻഹേലറടക്കമുള്ള ഉപകരണങ്ങളും ഒപ്പം കരുതുകയും ചെയ്യണം.
ഭക്ഷ്യവസ്തുക്കൾ കൂടുതൽകാലം തണുപ്പിൽ സൂക്ഷിക്കരുത്
ചൂട് കാലാവസ്ഥയിൽ ഭക്ഷ്യവസ്തുക്കൾ കൂടുതൽ നേരം ശീതീകരണാവസ്ഥയിൽ സൂക്ഷിക്കരുതെന്നും ഇത് ഭക്ഷണം കേടാകുന്നതിനും ഭക്ഷ്യവിഷബാധ, അണുബാധ തുടങ്ങിയവക്ക് കാരണമായേക്കാമെന്നും വയറിളക്കം, ഛർദി, കടുത്ത ക്ഷീണം പോലുള്ള രോഗങ്ങളുണ്ടാക്കുമെന്നും വിശദീകരിച്ചു.
ഭക്ഷ്യവിഷബാധ ഗുരുതരമായ നിർജലീകരണത്തിനും അവയവങ്ങളുടെ പ്രവർത്തനം നിലക്കുന്നതിനും ഇടയായേക്കും. മതിയായ ചികിത്സ കൃത്യസമയത്ത് നൽകിയില്ലെങ്കിൽ മരണത്തിനുവരെ കാരണമാകും. കുട്ടികളും പ്രായമായവരും വിട്ടുമാറാത്ത രോഗങ്ങളുള്ളവരുമാണ് ഇതിന് കൂടുതൽ ഇരകളാകുന്നത്.
ചൂടുള്ള കാലാവസ്ഥക്ക് അനുയോജ്യമായ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണമെന്നും അവർ നിർദേശിച്ചു. വായുസഞ്ചാരമുള്ളതും വിയർപ്പ് ആഗിരണം ചെയ്യുന്നതുമായ പരുത്തി, ലിനൻ വസ്ത്രങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഇറുകിയതും റയോൺ, പോളിസ്റ്റർ, നൈലോൺ, വെൽവെറ്റ് തുടങ്ങിയ തുണികളാൽ നിർമിച്ച വസ്ത്രങ്ങൾ കഴിയുന്നതും ഉപയോഗിക്കരുത്.
ഇളം നിറങ്ങളിലുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുന്നതിനുപുറമെ, ചർമം വരണ്ടുപോകുന്നതിൽനിന്ന് രക്ഷ നേടുന്നതിന് സൺസ്ക്രീൻ പുരട്ടുക, കണ്ണുകൾക്ക് സംരക്ഷണം നൽകാൻ ഉചിതമായ സൺഗ്ലാസുകൾ ധരിക്കുക, വലുപ്പമുള്ള വായുസഞ്ചാരമുള്ള തൊപ്പികളോ സൂര്യപ്രകാശം നേരിട്ടേൽക്കുന്നത് തടയുന്ന കുടകളോ ഉപയോഗിക്കുക തുടങ്ങിയ നിർദേശങ്ങളും ഡോ. അൽ അനൂദ് അൽ ഫിഹൈദി മുന്നോട്ടുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.