'ഫലസ്തീനെ സഹായിക്കുക', ഖത്തർ ചാരിറ്റി കാമ്പയിന് മികച്ച പ്രതികരണം
text_fieldsദോഹ: ഇസ്രായേലിെൻറ ക്രൂരമായ ആക്രമണങ്ങളിൽ വൻ പ്രതിസന്ധി നേരിടുന്ന ഫലസ്തീനിനായി ഖത്തർ ചാരിറ്റി നടത്തുന്ന സഹായ കാമ്പയിന് വിവിധ കമ്പനികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും മികച്ച പ്രതികരണം.ഗസ്സക്കെതിരായ ആക്രമണത്തെ തുടർന്ന് ഗസ്സയിലെ ഫലസ്തീനികളുടെ സഹായത്തിനായാണ് 'ഫലസ്തീനെ സഹായിക്കുക' എന്ന കാമ്പയിന് ഖത്തർ ചാരിറ്റി തുടക്കമിട്ടത്.
കമ്പനികളിൽനിന്നും ഷോപ്പുകൾ, ചെറുകിട-ഇടത്തരം സംരംഭങ്ങൾ, റസ്റ്റാറൻറുകൾ, കഫേകൾ എന്നിവയിൽനിന്നും മറ്റു സ്ഥാപനങ്ങളിൽനിന്നും മികച്ച പ്രതികരണമാണ് കാമ്പയിന് ലഭിക്കുന്നത്.
ചില കമ്പനികൾ തങ്ങളുടെ ലാഭവിഹിതം വാഗ്ദാനം നൽകിയപ്പോൾ മറ്റു ചില കമ്പനികൾ കാമ്പയിെൻറ പരസ്യ സേവനങ്ങൾക്ക് പിന്തുണ നൽകിക്കൊണ്ടാണ് സഹകരിക്കുന്നത്.
കുടിയൊഴിക്കപ്പെട്ടും ആക്രമണത്തിനിരയായും ദുരിതത്തിലായ ഫലസ്തീനികളെ സഹായിക്കാൻ മുന്നോട്ടുവന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും നന്ദി അറിയിക്കുന്നുവെന്ന് ഖത്തർ ചാരിറ്റി വ്യക്തമാക്കി.
ഫലസ്തീനികൾക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി അടിന്തര സഹായമെന്ന നിലയിൽ ഭക്ഷണവും ആരോഗ്യ സഹായവും വ്യക്തിഗത ഹൈജീൻ കിറ്റുകളും എത്തിക്കുകയെന്നതിലാണ് നിലവിൽ ഖത്തർ ചാരിറ്റി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.കോവിഡ് പശ്ചാത്തലത്തിൽ ആശുപത്രികളിൽ കൂടുതൽ ആരോഗ്യ സംവിധാനങ്ങൾ സജ്ജമാക്കാനും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
ഫലസ്തീനിനായി 60 മില്യൻ റിയാൽ സമാഹരിക്കാൻ ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയും പദ്ധതി നടത്തുന്നുണ്ട്. ഗസ്സ, ഖുദുസ്, വെസ്റ്റ്ബാങ്കിലെ നിരവധി പട്ടണങ്ങൾ തുടങ്ങിയവയിൽ ഇസ്രായേൽ ആക്രമണങ്ങളിൽ തകർന്ന സ്ഥലങ്ങളിൽ നടത്തുന്ന അടിയന്തരസഹായപദ്ധതിയുടെ രണ്ടാംഘട്ടമായാണിത്. 593,000 ഫലസ്തീനികളാണ് ഇതിെൻറ ഗുണഭോക്താക്കളാകുക. 'നമ്മൾ എല്ലാവരും ഫലസ്തീനികൾ' എന്നപേരിലാണ് കാമ്പയിൻ. മേയ് ഏഴു മുതൽ 21 വരെയാണ് ഇസ്രായേൽ ഗസ്സയിൽ ആക്രമണം അഴിച്ചുവിട്ടത്.
നിരവധിപേരുടെ മരണത്തിനും പരിക്കിനും താമസകേന്ദ്രങ്ങൾ, ആശുപത്രികൾ, മാധ്യമ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ തകർച്ചക്കും ബോംബാക്രമണം കാരണമായിരുന്നു.
ഫലസ്തീനികളെ സഹായിക്കാം
ഖത്തർ ചാരിറ്റിയുടെ ഫലസ്തീൻ ദുരിതാശ്വാസ പദ്ധതിയുമായി സഹകരിക്കാൻ താൽപര്യമുള്ള ഉദാരമതികൾക്ക് ഖത്തർ ചാരിറ്റിയുടെ വെബ്സൈറ്റ് വഴിയോ ഖത്തർ ചാരിറ്റി ഓഫിസുകൾ, കലക്ഷൻ പോയൻറുകൾ എന്നിവ വഴിയോ സഹായം നൽകാം. 44667711 നമ്പർ വഴിയും സഹായം വാഗ്ദാനം ചെയ്യാം.
50, 100, 250 റിയാൽ എന്നിവ നൽകാനാഗ്രഹിക്കുന്നവർക്ക് 92632, 92642, 92023 എന്നീ നമ്പറുകളിലേക്ക് ഫലസ്തീൻ പതാകയുടെ അടയാളംവെച്ച് എസ്.എം.എസ് അയക്കാവുന്നതാണ്.
'നമ്മൾ എല്ലാവരും ഫലസ്തീനികൾ' എന്ന ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി പദ്ധതിയിലേക്ക് സഹായം നൽകാൻ ആഗ്രഹിക്കുന്നവർക്ക് www.qrcs.qa/pal എന്ന വെബ്സൈറ്റ് സന്ദർശിക്കാം. അല്ലെങ്കിൽ വളൻറിയറിങ് വെബ്സൈറ്റായ https://qrcs.qa/p/ എന്നതും സന്ദർശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.