ഖത്തർ: എ.എഫ്.സി ചാമ്പ്യൻസ് ലീഗ് നാല് സ്റ്റേഡിയങ്ങളിൽ; വേദികൾ പുറത്തുവിട്ടു
text_fieldsദോഹ: സെപ്റ്റംബർ 14 മുതൽ ഒക്ടോബർ മൂന്നുവരെ ദോഹയിൽ നടക്കുന്ന എ.എഫ്.സി ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്കുള്ള സ്റ്റേഡിയങ്ങളുടെ വിവരങ്ങൾ ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ പുറത്തുവിട്ടു. ലോകകപ്പിനുള്ള മൂന്ന് സ്റ്റേഡിയങ്ങൾ ഉൾപ്പെടെ നാല് സ്റ്റേഡിയങ്ങളാണ് എ.എഫ്.സി ചാമ്പ്യൻസ് ലീഗിന് വേദിയാകുക.
വക്റയിലെ അൽ ജനൂബ് സ്റ്റേഡിയം, ഖലീഫ രാജ്യാന്തര സ്റ്റേഡിയം, എജുക്കേഷൻ സിറ്റി സ്റ്റേഡിയം, അൽ സദ്ദിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയം എന്നിവയാണ് വേദികൾ. നാല് സ്റ്റേഡിയങ്ങളും അത്യാധുനിക ശീതീകരണ സംവിധാനങ്ങളാണ് നാല് സ്റ്റേഡിയങ്ങളിലും സജ്ജീകരിച്ചിരിക്കുന്നത്. ഗ്രൂപ് ഘട്ടം മുതൽ സെമി ഫൈനൽ വരെയുള്ള മത്സരങ്ങൾക്കാണ് ഖത്തർ വേദിയാകുന്നത്. ഗ്രൂപ് എയിൽ അൽ വഹ്ദ (യു.എ.ഇ), ഇറാഖ് പൊലീസ്, ഇറാനിലെ ഇസ്തിഖ്ലാൽ, സൗദിയിലെ അൽ അഹ്ലി എന്നിവരാണ് ഖലീഫ സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്.
ഗ്രൂപ്പ് ബിയിൽ സൗദിയിൽനിന്നുള്ള അൽ ഹിലാൽ, യു.എ.ഇയിൽനിന്നുള്ള ശബാബ് അൽ അഹ്ലി, ഉസ്ബെക്ക് ക്ലബായ പഖ്താകോർ, ഇറാനിൽനിന്നുള്ള ശഹ്ർ ഖൊദ്റോ എന്നിവർ അൽ ജനൂബ് സ്റ്റേഡിയത്തിൽ കൊമ്പുകോർക്കും. ഗ്രൂപ് സിയിൽ അൽ ദുഹൈൽ (ഖത്തർ), സൗദി അറേബ്യയിൽനിന്നുള്ള അൽ തആവുൻ, പെർസെ പൊലീസ് (ഇറാൻ), ഷാർജ (യു.എ.ഇ) എന്നിവർ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലും മത്സരിക്കും. സദ്ദിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ഗ്രൂപ് ഡി ടീമുകൾ മത്സരിക്കാനിറങ്ങും. അൽ സദ്ദ് ഖത്തർ, അൽ ഐൻ യു.എ.ഇ, ഇസ്ഫഹാൻ ഇറാൻ, അൽ നസ്ർ സൗദി അറേബ്യ എന്നിവരാണ് ഗ്രൂപ് ഡിയിലെ ടീമുകൾ. 2020ലെ എ.എഫ്.സി ചാമ്പ്യൻസ് ലീഗിെൻറ പശ്ചിമ മേഖല മത്സരങ്ങൾക്കാണ് ഖത്തർ ആതിഥേയത്വം വഹിക്കുന്നത്. ക്വാലാലംപൂരിൽ നടന്ന എ.എഫ്.സി യോഗത്തിലാണ് ഖത്തറിെൻറ ആതിഥേയത്വം സംബന്ധിച്ച് അന്തിമ തീരുമാനമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.