യാത്രക്കാരുടെ ശ്രദ്ധക്ക്; തിരക്കാണ്, നേരത്തേ പുറപ്പെടുക
text_fieldsദോഹ: ചെറിയ പെരുന്നാൾ അവധി തുടങ്ങിയതോടെ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ തിരക്കേറി. വ്യാഴാഴ്ച പ്രവൃത്തിദിനം കഴിഞ്ഞതിനു പിറകെ സ്വദേശികളും താമസക്കാരും ഉൾപ്പെടെ രാജ്യത്തിനു പുറത്തേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം പതിന്മടങ്ങ് വർധിച്ചതോടെ യാത്രക്കാർക്ക് നിർദേശവുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. തിരക്ക് പരിഗണിച്ച് യാത്രക്കാർ നേരത്തേ തന്നെ വിമാനത്താവളത്തിലെത്തി നടപടികൾ പൂർത്തിയാക്കണമെന്ന് അധികൃതർ നിർദേശിച്ചു. സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവരും, കുടുംബങ്ങളുമെല്ലാം പെരുന്നാൾ അവധിക്കായി നാട്ടിലേക്ക് മടങ്ങുമ്പോൾ, സ്വദേശികൾ വിവിധ യൂറോപ്പ്യൻ-ഗൾഫ് രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നുണ്ട്.
യാത്രക്കാർക്ക് ഒൺലൈൻ ചെക്ക്-ഇൻ സേവനം ഉപയോഗപ്പെടുത്താമെന്നും, പുറപ്പെടുന്നതിന്റെ മൂന്ന് മണിക്കൂർ മുമ്പ് വിമാനത്താവളത്തിലെത്തണമെന്നും വിമാനത്താവള അധികൃതർ നിർദേശിച്ചു. ഈദ് അവധിക്കാലത്ത് വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടാകുമെന്നും തടസ്സങ്ങളില്ലാതെ യാത്ര ചെയ്യുന്നതിന് യാത്രക്കാർ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും അഭ്യർഥിച്ചു. പിക്-അപ്, ഡ്രോപ് ഓഫിനുമായി ഡ്രൈവർമാർ ഹ്രസ്വകാല പാർക്കിങ് സംവിധാനം ഉപയോഗപ്പെടുത്താം. കർബ്സൈഡിൽ വാഹനങ്ങൾ അനാവശ്യമായി പാർക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിനിടയാക്കും.
സെൽഫ് ചെക്ക് ഇൻ
യാത്രക്കാർക്ക് സെൽഫ് സർവിസ് ചെക്ക്-ഇൻ, ബാഗ്-ഡ്രോപ് സൗകര്യങ്ങളും ഉപയോഗപ്പെടുത്താം. ഇതിലൂടെ സ്വയം ചെക്ക് ഇൻ ചെയ്യാനും ബോർഡിങ് പാസുകളും ബാഗ് ടാഗുകളും പ്രിന്റ് ചെയ്യാനും സാധിക്കും. ബാഗ് മുഴുവനായും പൊതിയാനുള്ള സൗകര്യവും ഇവിടെയുണ്ട്.
ഇ-ഗേറ്റ് ഉപയോഗിക്കാം
18 വയസ്സിന് മുകളിലുള്ള യാത്രക്കാർക്ക് അവരുടെ പാസ്പോർട്ട് ഉപയോഗിച്ച് തന്നെ ഇ-ഗേറ്റ് സേവനങ്ങൾ പ്രയോജനപ്പെടുത്താം. യാത്ര പുറപ്പെടുന്നതിന്റെ 60 മിനിറ്റ് മുമ്പ് ചെക്ക്-ഇൻ അവസാനിക്കുമെന്നും പുറപ്പെടുന്നതിന് 20 മിനിറ്റ് മുമ്പ് ബോർഡിങ് ഗേറ്റുകൾ അടക്കുമെന്നും ഓർമിപ്പിച്ചു. ലഗേജ് അളവ് ഉറപ്പാക്കുക
ലഗേജ് അലവൻസും ഭാരനിയന്ത്രണങ്ങളും എയർലൈനുകൾ കർശനമായി പരിശോധിക്കുന്നതിനാൽ യാത്രക്കാർ അവരുടെ ലഗേജുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണം. നിലവാരമില്ലാത്തതും വലുതുമായ ലഗേജുകളുമായി യാത്ര ചെയ്യുന്നത് ഒഴിവാക്കുക. യാത്രക്കാർക്കായി ഡിപ്പാർച്ചർ ഹാളിൽ ലഗേജിന്റെ ഭാരം നോക്കുന്നതിനും ബാഗേജ് റീപ്പാക്കിങ്ങിനുമുള്ള സൗകര്യമുണ്ട്. അവധിക്കാലമായതിനാൽ വളർത്തുമൃഗങ്ങളുമായുള്ള യാത്ര പരമാവധി ഒഴിവാക്കുക. സുരക്ഷ പരിശോധനയിൽ ദ്രാവകങ്ങൾ, എയറോസോൾ, ജെൽ തുടങ്ങിയ നിരോധിത വസ്തുക്കൾ കൈവശം വെക്കുന്നില്ലെന്ന് യാത്രക്കാർ ഉറപ്പുവരുത്തണം. 100 മില്ലിയിലോ അതിൽ കുറവോ ഉള്ള ദ്രാവക പദാർഥങ്ങൾ സുതാര്യവും വീണ്ടും സീൽ ചെയ്യാവുന്നതുമായ പ്ലാസ്റ്റിക് ബാഗിൽ പാക്ക് ചെയ്യണം.
സുരക്ഷ പരിശോധന സുഗമമാക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായി മൊബൈൽ ഫോണിനേക്കാൾ വലുപ്പമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ബാഗുകളിൽനിന്ന് പുറത്തെടുത്ത് ട്രേകളിലാണ് പരിശോധനക്കായി മാറ്റേണ്ടത്. അതേസമയം, ലിഥിയം ബാറ്ററികൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹോവർബോർഡുകൾ പോലുള്ള ചെറിയ ഉപകരണങ്ങൾ കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ട്.
എച്ച്.ഐ.എ മൊബൈൽ ആപ്
വിമാനത്താവളത്തിൽനിന്നുള്ള നിർദേശങ്ങൾക്കായി എച്ച്.ഐ.എ ഖത്തർ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ൈഫ്ലറ്റ് സ്റ്റാറ്റസ്, ബാഗേജ് ക്ലെയിം, ബോർഡിങ് ഗേറ്റുകളിലേക്കുള്ള ദിശ, ഭക്ഷണം, ഡ്യൂട്ടി ഫ്രീ ഓഫറുകൾ എന്നിവ അറിയാവുന്നതാണ്. എയർപോർട്ടിലുടനീളം ഡിജിറ്റൽ ടച്ച് പോയന്റുകൾ സ്ഥാപിച്ച് വഴി കാണാനുള്ള സൗകര്യവും ക്യു.ആർ കോഡുകളിലൂടെ നൂതന ഡിജിറ്റൽ വേ ഫൈൻഡിങ്ങും എച്ച്.ഐ.എ അവതരിപ്പിച്ചിട്ടുണ്ട്. യാത്രാനടപടികൾ കൂടുതൽ സുഖകരവും സൗകര്യപ്രദവുമാക്കാൻ വിമാനത്താവളത്തിലെ ജീവനക്കാരോട് സഹായം അഭ്യർഥിക്കുകയും ചെയ്യാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.