‘ഹിംയാൻ’ ഡെബിറ്റ് കാർഡ് ഉപഭോക്താക്കളിലേക്ക്
text_fieldsദോഹ: ഖത്തർ സെൻട്രൽ ബാങ്കിന്റെ ആദ്യ ദേശീയ ഡെബിറ്റ് കാര്‍ഡായ ‘ഹിംയാൻ’ ഔദ്യോഗികമായി പുറത്തിറക്കി. ഡിജിറ്റൽ പണമിടപാടിനെ പ്രോത്സാഹിപ്പിക്കുകയെന്ന ഖത്തർ ദേശീയ വിഷന്റെ ഭാഗമായാണ് സെൻട്രൽ ബാങ്കിനു കീഴിൽ ആദ്യ നാഷനൽ ഇ കാർഡ് പ്രാബല്യത്തിൽ വരുന്നത്. ഇലക്ട്രോണിക് പേമെന്റ്, എ.ടി.എം, ഓൺലൈൻ വഴിയുള്ള ഇ കോമേഴ്സ് തുടങ്ങിയ ആവശ്യങ്ങൾക്ക് ‘ഹിംയാൻ’ കാർഡുകൾ ഉപഭോക്താക്കൾക്ക് ഉപയോഗിക്കാം. ഞായറാഴ്ച പുറത്തിറക്കിയ കാർഡിന്റെ ഉപയോഗം പ്രാബല്യത്തിൽ വന്നതായി ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. ഖത്തർ നാഷനൽ ബാങ്ക്, ദോഹ ബാങ്ക്, മസ്റഫ് അൽ റയാൻ, ക്യൂ.ഐ.ബി, കമേഴ്സ്യൽ ബാങ്ക്, ദുഖാൻ ബാങ്ക്, ക്യൂ.ഐ.ഐ.ബി എന്നിവിടങ്ങളിൽ കാർഡ് ലഭ്യമാണ്. ഖത്തർ സെൻട്രൽ ബാങ്കിനു കീഴിൽ ഖത്തരി ബ്രാൻഡ് ആയി മുദ്രണം ചെയ്താണ് പുത്തൻ പണമിടപാട് ഉപാധി പ്രാബല്യത്തിൽവരുന്നത്. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചായിരിക്കും കാർഡ് പ്രവർത്തിക്കുന്നത്. കുറഞ്ഞ ഇടപാട് ഫീസ്, വൈഫൈ ട്രാൻസാക്ഷൻ സൗകര്യം, വെബ്സൈറ്റുകളിൽ സുരക്ഷിതമായ ഉപയോഗം എന്നിവയാണ് പ്രധാന സവിശേഷതകൾ. അറേബ്യയിലെ പഴമക്കാർ ഉപയോഗിച്ചിരുന്ന പണസഞ്ചിയുടെ പേരിൽ നിന്നാണ് ആധുനിക കാലത്തെ ഡിജിറ്റൽ പണമിടപാടിന്റെ ഉപാധിയായി മാറുന്ന കാർഡിന് ‘ഹിംയാൻ’ എന്ന് പേരിട്ടത്.
രാജ്യത്തെ ഇലക്ട്രോണിക് ബാങ്കിങ് സേവനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും കറൻസിയില്ലാത്ത ഇടപാട് സാധ്യമാക്കുന്ന സമൂഹമാക്കി മാറ്റാനുമാണ് ഈ കാര്‍ഡ് പുറത്തിറക്കുന്നത്.
ഖത്തറിലെ സ്വദേശികളും വിദേശികളുമായ താമസക്കാർക്ക് ഉപയോഗപ്പെടുത്താം. അന്താരാഷ്ട്ര പേമെന്റ് നെറ്റ്വർക്കുകൾ നല്കുന്ന ഇലക്ട്രോണിക് കാര്‍ഡുകള്‍ക്ക് സമാനമായി ഖത്തറില്‍ രജിസ്റ്റര്‍ ചെയ്ത വ്യാപാരമുദ്രയുള്ള ആദ്യത്തെ ദേശീയ പ്രീപെയ്ഡ് കാര്‍ഡായാണ് അധികൃതർ ഹിംയാൻ അവതരിപ്പിച്ചത്. ഉപഭോക്താക്കൾക്ക് തങ്ങളുടെ ബാങ്കിനെ സമീപിച്ച്, ബാങ്ക് കാർഡ് ഇഷ്യൂ ചാനൽ വഴി അപേക്ഷ നൽകി കാർഡ് വാങ്ങാം. ആദ്യ തവണ ചാർജൊന്നും ഈടാക്കാതെ തന്നെ ‘ഹിംയാൻ’ നൽകും.
‘ഹിംയാൻ’
- കാർഡ് ലഭിക്കാൻ അക്കൗണ്ടിൽ മിനിമം ബാലൻസ് വേണ്ടതില്ല.
- വൈഫൈ സംവിധാനം ഉള്ളതിനാൽ ‘കോൺടാക്ട് ലെസ്’ പണമിടപാടുകൾ നടത്താം.
- പി.ഒ.എസ്, എ.ടി.എം, ഇ കോമേഴ്സ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.
- അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള പ്രാദേശികമായ ‘എൻ.എ.പി.എസ് നെറ്റ്വർക് വഴി പ്രവർത്തിക്കുന്നതായതിനാൽ ഇടപാടുകൾ ഏറെ സുരക്ഷിതം
- ക്യൂ.ഐ.ഡിയുള്ള എല്ലാവർക്കും കാർഡ് സ്വന്തമാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.