ചരിത്രമെഴുതിയ വോട്ടെടുപ്പ്
text_fieldsദോഹ: ഖത്തരി പൗരന്മാരുടെ ആവേശകരമായ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി ശൂറാ കൗൺസിൽ വോട്ടെടുപ്പ്. ശനിയാഴ്ച നടന്ന 29 മണ്ഡലങ്ങളിലെ വോട്ടെടുപ്പിനൊടുവിൽ, അർധരാത്രിയോടെ വിജയികളെയും പ്രഖ്യാപിച്ചു.
ജനാധിപത്യരീതിയിൽ നടന്ന ആദ്യ വോട്ടെടുപ്പിലൂടെ തങ്ങളുടെ പ്രതിനിധികളായ 30 പേരെ രാജ്യത്തിെൻറ നിയമനിർമാണസഭയിലേക്ക് തെരഞ്ഞെടുത്തതിെൻറ അഭിമാനത്തിലാണ് തദ്ദേശവാസികൾ.
രാവിലെ എട്ട് മുതൽ വൈകീട്ട് ആറുവരെ നടന്ന വോട്ടെടുപ്പിൽ രജിസ്റ്റർ ചെയ്തവരിൽ 63.5 ശതമാനം വോട്ടർമാർ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചു. 30 ഇലക്ട്രൽ മണ്ഡലങ്ങളിൽ 29 ഇടങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. അഞ്ചാം നമ്പർ മണ്ഡലത്തിൽ എതിരില്ലാതെതന്നെ സ്ഥാനാർഥി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 234 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്്. ഇവരിൽ 28 പേർ വനിതകളായിരുന്നു. എന്നാൽ, വോട്ടെടുപ്പ് ഫലം വന്നപ്പോൾ വനികളാരും ശൂറാ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടില്ല.
വോട്ടെടുപ്പ് സമാപിച്ചതിന് പിന്നാലെ വോട്ടെണ്ണലും തുടങ്ങിയിരുന്നു. അർധരാത്രിയോടെയാണ് സൂപ്പർവൈസറി കമ്മിറ്റി ചെയർമാൻ മേജർ ജനറൽ മാജിദ് ഇബ്രാഹീം അൽ ഖുലൈഫി ഫലം പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പിലെ പങ്കാളിത്തത്തിലൂടെ പുതിയ ചരിത്രം കുറിച്ച ജനങ്ങളെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി അഭിനന്ദിച്ചു. 'ശനിയാഴ്ച നടന്ന വോട്ടെടുപ്പിലെ പങ്കാളിത്തത്തിലൂടെ ജനങ്ങൾ പുതുചരിത്രം കുറിച്ചു. രാജ്യത്തിെൻറ ഭരണനിർവഹണത്തിലും നയരൂപവത്കരണത്തിലും ഓരോ പൗരനുമുള്ള പങ്കാളിത്തമായിരുന്നു വോട്ടെടുപ്പ്. അമീർ ശൈഖ് തമിം ബിൻ ഹമദ് ആൽഥാനിയുടെ ദൃഢമായ തീരുമാനമായിരുന്നു ശൂറാ കൗൺസിലിലേക്കുള്ള വോട്ടെടുപ്പ്.
അത് ഏറ്റവും ഭംഗിയായും രഹസ്യസ്വഭാവം നിലനിർത്തിയും പൂർത്തിയായി. ഈ മഹത്തായ ദൗത്യത്തിൽ പങ്കളികളായ വോട്ടർമാർ, സ്ഥാനാർഥികൾ, സംഘാടകർ തുടങ്ങി എല്ലാവരെയും അഭിനന്ദിക്കുന്നു' -ട്വിറ്റർ സന്ദേശത്തിലൂടെ പ്രധാനമന്ത്രി വ്യക്തമാക്കി. ഏറ്റവും സുതാര്യമായ നടപടിക്രമങ്ങളിലൂടെയായിരുന്നു വോട്ടെടുപ്പും വോട്ടെണ്ണലും പൂർത്തിയാക്കിയത്.
സ്ഥാനാർഥികളുടെ സാന്നിധ്യത്തിൽ ബാലറ്റ് ബോക്സ് പരിശോധിച്ചശേഷം സീൽ ചെയ്താണ് വോട്ടിങ് തുടങ്ങിയത്.
രാവിലെ മുതൽതന്നെ വോട്ടർമാർ പോളിങ് സ്റ്റേഷനുകളിൽ എത്തിത്തുടങ്ങി. രാവിലെയും ഉച്ചകഴിഞ്ഞും കൂടുതൽ സജീവമായി. എല്ലായിടത്തും സ്ത്രീവോട്ടർമാരുടെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് ക്രമീകരിച്ച പോളിങ് സ്റ്റേഷനിലെത്തുന്ന സ്ഥാനാർഥികൾ ആദ്യ തിരിച്ചറിയൽ രേഖ (ക്യൂ.ഐ.ഡി) ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകി പരിശോധന നടത്തിയ ശേഷം, ബാലറ്റ് സ്വീകരിച്ചുകൊണ്ട് വോട്ടിങ് കേന്ദ്രത്തിൽ പ്രവേശിച്ചാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.