റോബോട്ടിക് ശസ്ത്രക്രിയയിൽ നേട്ടവുമായി എച്ച്.എം.സി
text_fieldsദോഹ: ഗൾഫ്–മിഡിലീസ്റ്റ് മേഖലയിൽ ആദ്യമായി റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ചരിത്രത്തിലിടം നേടി ഹമദ് മെഡിക്കൽ കോർപറേഷൻ. ലിവർ സർജറി ഡിപ്പാർട്മെൻറുമായി സഹകരിച്ച് റോബോട്ടിക് സർജറി വിഭാഗം മധ്യവയസ്കയായ സ്ത്രീയിലെ ചെറുകുടലിലേക്കുള്ള പിത്തരസ നാളത്തിന്റെ വൈകല്യം മൂലമുണ്ടാകുന്ന കോളെഡോചൽ സിസ്റ്റ് നീക്കം ചെയ്യുന്നതിനുള്ള റോബോട്ടിക് ശസ്ത്രക്രിയയാണ് വിജയകരമായി പൂർത്തിയാക്കിയത്. ആരോഗ്യരംഗത്തും ശസ്ത്രക്രിയ രംഗത്തുമുള്ള രാജ്യത്തിന്റെ വളർച്ചയിലെ പുതിയ നാഴികക്കല്ലായാണ് പ്രഥമ റോബോട്ടിക് ശസ്ത്രക്രിയയെ വിലയിരുത്തപ്പെടുത്തുന്നത്.
കടുത്ത വയറുവേദനയും തൊലിയിലും കണ്ണുകളിലും കൂടിയ മഞ്ഞനിറവുമായാണ് രോഗി ആശുപത്രിയെ സമീപിക്കുന്നത്. രക്തപരിശോധനയിൽ രോഗിക്ക് ഉയർന്ന തോതിൽ മഞ്ഞപ്പിത്തം ബാധിച്ചതായി കണ്ടെത്തി. ഉടനെ സ്കാനിങ്ങും പിത്തരസം നാളങ്ങളിൽ എം.ആർ.ഐ പരിശോധനയും പൂർത്തിയാക്കി. തുടർന്ന് ഡോക്ടർമാർ, കൺസൾട്ടൻറുകൾ, അനസ്തേഷ്യ, നഴ്സിങ് സ്പെഷലിസ്റ്റുകൾ തുടങ്ങിയവരുൾപ്പെടുന്ന വിദഗ്ധ സംഘം സിസ്റ്റ് നീക്കം ചെയ്യുന്നതിനും പിത്തരസം നാളങ്ങൾ സാധാരണനിലയിലാക്കുന്നതിനും അടിയന്തര ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു -റോബോട്ടിക് ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. ഹാനി അതാലഹ് പറഞ്ഞു.
വയറ്റിൽ 17 മുതൽ 20 സെൻറി മീറ്റർ വരെ മുറിവ് ആവശ്യമായ പരമ്പരാഗത ശസ്ത്രക്രിയയിലെ സങ്കീർണതകൾ ഒഴിവാക്കുന്നതിന് ഡാവിഞ്ചി റോബോട്ട് ഉപയോഗിച്ചുള്ള ശസ്ത്രക്രിയ രോഗിയിൽ നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഡോ. അതാലഹ് പറയുന്നു. ശസ്ത്രക്രിയ സമയം ആറ് മണിക്കൂറായി കുറക്കാനായതും കേവലം ചെറിയ ആറ് മുറിവുകളേ ശസ്ത്രക്രിയക്ക് ആവശ്യമുള്ളൂവെന്നതും റോബോട്ടിക് സർജറിയുടെ സവിശേഷതകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രോഗി സുഖം പ്രാപിച്ചതായും നല്ല ആരോഗ്യത്തോടെ ആശുപത്രി വിട്ടതായും മൂന്ന് ദിവസത്തിനകം സാധാരണ ജീവിതത്തിലേക്ക് അവർ പ്രവേശിച്ചതായും ഡോക്ടർ പറഞ്ഞു.
റോബോട്ടിക് സർജറിയിൽ സാധാരണ ശസ്ത്രക്രിയയെക്കാൾ വളരെ കുറച്ച് രക്തം മാത്രമേ നഷ്ടമാകുകയുള്ളൂ. അതോടൊപ്പം ശസ്ത്രക്രിയാനന്തര വേദനയും കുറവായിരിക്കും. വേഗം സുഖം പ്രാപിക്കുകയും ചെയ്യും. റോബോട്ടിക് ശസ്ത്രക്രിയകൾ ഡോക്ടർമാർക്ക് ശസ്ത്രക്രിയയിൽ കൃത്യതയും എളുപ്പവും നൽകുന്നതിന് പുറമെ, റോബോട്ടിനെ നിയന്ത്രിക്കാൻ സര്ജനെ ആക്സസ് ചെയ്ത് പ്രാപ്തമാക്കുക, കൺട്രോളറുകളിലൂടെ ഡോക്ടർ നൽകുന്ന നിർദേശങ്ങൾ റോബോട്ടുകൾ പാലിക്കുകയും ചെയ്യുന്നുവെന്നും ഡോ. അതാലഹ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.