എച്ച്.എം.സിയുടെ കാര്യക്ഷമതക്ക് അവധിയില്ല
text_fieldsദോഹ: പെരുന്നാൾ അവധി ദിവസങ്ങളിൽ ഹമദ് മെഡിക്കൽ കോർപറേഷന് (എച്ച്.എം.സി) കീഴിലെ അത്യാഹിത വിഭാഗം മികവോടെ പ്രവർത്തിച്ചു. മൂന്നു ദിവസങ്ങളിലായി രണ്ടായിരത്തിലേറെ പേർക്ക് ചികിത്സ നൽകി. ഇതിൽ 500ലധികവും ഗുരുതരമായിരുന്നില്ല. ഗുരുതരമല്ലാത്ത കേസുകളിൽ ചികിത്സക്ക് പി.എച്ച്.സിക്ക് കീഴിലെ ഹെൽത്ത് സെന്ററുകളെ സമീപിക്കണമെന്ന് ആവർത്തിച്ച് അഭ്യർഥിച്ചിരുന്നെങ്കിലും പലരും സാധാരണ കേസുകൾക്കും ഹമദ് ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തി. വന്നവരെ ചികിത്സ നൽകി വിട്ടയച്ചെങ്കിലും ഇത് ജീവനക്കാരുടെ ജോലിഭാരം അധികരിപ്പിക്കാനും തിരക്ക് വർധിക്കാനും കാരണമായി.
തിങ്കളാഴ്ച എത്തിയ 436 കേസുകളിൽ 29 എണ്ണത്തിൽ മാത്രമാണ് അഡ്മിറ്റ് ചെയ്തത്. ബാക്കിയെല്ലാം പരിചരണം നൽകി പറഞ്ഞയച്ചു. കുട്ടികളുടെ അത്യാഹിത വിഭാഗത്തിൽ മൂന്ന് ദിവസത്തിനിടെ അയ്യായിരത്തിലധികം കേസുകൾ എത്തി. പനി, ഛർദി, ശ്വാസതടസ്സം, അണുബാധ തുടങ്ങിയ കേസുകളായിരുന്നു ഭൂരിഭാഗവും. രണ്ടായിരത്തോളം കേസുകളിൽ ആംബുലൻസ് സേവനം നൽകി. പത്തു രോഗികൾക്ക് എയർ ആംബുലൻസ് സേവനം ലഭ്യമാക്കി.
കുട്ടികളുടെ അത്യാഹിത വിഭാഗത്തിൽ എത്തിയ മൂന്നു കേസുകൾ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതായി പീഡിയാട്രിക് എമർജൻസി വിഭാഗം മേധാവി ഡോ. മുഹമ്മദ് അൽ അമീരി പറഞ്ഞു. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളെ രക്ഷിതാക്കളുടെ മേൽനോട്ടമില്ലാതെ കളിക്കാനും കുളങ്ങളിലും വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിലും കുളിക്കാനും അനുവദിക്കരുതെന്നും അദ്ദേഹം രക്ഷിതാക്കൾക്ക് നിർദേശം നൽകി.
അവധി ദിവസങ്ങളിൽ 24 മണിക്കൂറും സുഗമമായ സേവനം നൽകാൻ പ്രത്യേക ആസൂത്രണവും ക്രമീകരണവും നടത്താറുണ്ട്. ഇത്തവണയും അതിന് മാറ്റമുണ്ടായില്ല. 140 ആംബുലൻസുകളും ഫീൽഡ് സൂപ്പർവൈസർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും ക്രിട്ടിക്കൽ കെയർ യൂനിറ്റുകളും ചെറുവാഹനങ്ങളും സജ്ജമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.