ബലിപെരുന്നാൾ: അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എച്ച്.എം.സി സുസജ്ജം
text_fieldsദോഹ: ബലിപെരുന്നാൾ അവധിദിനങ്ങളിലെ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് അധിക തയാറെടുപ്പുകളുമായി ഹമദ് മെഡിക്കൽ കോർപറേഷനിലെ അത്യാഹിത വിഭാഗവും ആംബുലൻസ് സർവിസും.
അടിയന്തര വിഭാഗത്തിലെ സർവിസ് ജീവനക്കാരും ആംബുലൻസുകളും സ്റ്റാൻഡ് ബൈയിലാണെന്നും ദീർഘമായ വാരാന്ത്യദിനങ്ങൾ ആസ്വദിക്കുന്നതോടൊപ്പം തടസ്സമില്ലാതെ സേവനം ഉറപ്പുവരുത്താനുള്ള അവശ്യ നടപടികളെല്ലാം പൂർത്തിയായതായും എച്ച്.എം.സി അധികൃതർ വ്യക്തമാക്കി.
ഈദ് അവധിക്കാലത്ത് ആംബുലൻസ് സേവനത്തിനായുള്ള ഫോൺ സന്ദേശങ്ങളിൽ മറ്റുസമയങ്ങളിലെ വിളികളെ അപേക്ഷിച്ച് 10-15 ശതമാനം വർധനവുണ്ടാകുമെന്നും സേവനം കാര്യക്ഷമമായി എത്തിക്കാനുള്ള തയാറെടുപ്പുകൾ നടത്തിയതായും ആംബുലൻസ് സർവിസ് അസി. എക്സിക്യൂട്ടിവ് ഡയറക്ടർ അലി ദർവീശ് പറഞ്ഞു. ആംബുലൻസ് സേവനത്തിന്റെ പ്രവർത്തനങ്ങൾ കൃത്യമായിത്തന്നെ നടക്കുന്നുണ്ടെന്നും ഏതടിയന്തര സാഹചര്യത്തിലും ഇതിൽ മാറ്റംവരുത്താനും സാധിക്കുമെന്നും ദർവീശ് കൂട്ടിച്ചേർത്തു.
169 ആംബുലൻസുകൾ, ക്രിട്ടിക്കൽ കെയർ പാരാമെഡിക്കലുകളുള്ള അഞ്ച് വാഹനങ്ങൾ, സൈക്കിളുകൾ, ഗോൾഫ് കാർട്ടുകൾ എന്നിവ രാജ്യത്തുടനീളം സ്റ്റാൻഡ് ബൈയിലുണ്ട്. അപകടസാധ്യത കൂടുതലുള്ള പ്രദേശങ്ങൾ സംബന്ധിച്ച് മുൻവർഷങ്ങളിലെ ഈദ് അവധി ദിവസങ്ങളിൽ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കമ്പ്യൂട്ടർ സംവിധാനങ്ങൾ ഉപയോഗിച്ച് അവ വിശകലനം ചെയ്തിട്ടുണ്ട്. ഗുരുതര കേസുകളിൽ പ്രവർത്തന സജ്ജമായി മൂന്ന് ലൈഫ് ഫ്ലൈറ്റുകളും ആംബുലൻസ് സർവിസിനുണ്ട് -അദ്ദേഹം വിശദീകരിച്ചു.
ഒമ്പത് ഫീൽഡ് സൂപ്പർവൈസർമാരാണ് ആംബുലൻസ് സർവിസിനുള്ളത്. റോഡ് അപകടമോ മറ്റ് അടിയന്തര സാഹചര്യങ്ങളോ സംഭവിച്ചാൽ സ്ഥിതിഗതികൾ അവർ വിശകലനം ചെയ്യുകയും അതിനനുസൃതമായി ആംബുലൻസുകളുടെ വിതരണം നടത്തുകയും ചെയ്യും.
സീലൈൻ, ഗഹ്റിയ്യ, അൽ വക്റ, സിമൈസിമ, കോർണിഷ് തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് അവധി ദിനങ്ങളിൽ ജനങ്ങൾ കൂടുതലായി എത്തുന്നതും വലിയ ഗതാഗതക്കുരുക്ക് സംഭവിക്കുന്നതും. ഇത്തരം സ്ഥലങ്ങളിൽ കൂടുതൽ ആംബുലൻസുകൾ വിന്യസിച്ചിട്ടുണ്ട്. സൂഖ് വാഖിഫ്, ആസ്പയർ സോൺ, കതാറ തുടങ്ങിയ സ്ഥലങ്ങളിൽ സൈക്കിളുകളും ഗോൾഫ് കോർട്ടുകളും വിന്യസിച്ചിട്ടുണ്ട്.
അവധി ദിനങ്ങളിൽ ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള സന്ദർശകർ കൂടുതലായി എത്തുമെന്നതിനാൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലും ബു സംറ അതിർത്തിയിലും ആംബുലൻസ് യൂനിറ്റുകൾ സജ്ജമാണ്. അവധിക്കാലത്ത് കമ്യൂണിറ്റി സേവനങ്ങൾക്കുവേണ്ടി മാത്രമായി 115 വാഹനങ്ങളാണ് വിന്യസിച്ചിരിക്കുന്നത്. അടിയന്തര സേവനം അഭ്യർഥിച്ച് ആംബുലൻസ് സേവനത്തിനായി പ്രതിദിനം ശരാശരി 700 വിളികൾ എത്താറുണ്ടെന്നും അലി ദർവീശ് പറഞ്ഞു.
ഈദ് അവധിദിനങ്ങളിൽ അടിയന്തര സേവനം നൽകുന്നതിന് പൂർണമായും തയാറാണെന്ന് എമർജൻസി മെഡിസിൻ വൈസ് ചെയർമാൻ ഡോ. അനുകുഷ് സുരേഷ് പതാരെ പറഞ്ഞു. അടിയന്തരമല്ലാത്തതും ഗുരുതര സാഹചര്യങ്ങളല്ലാത്തതുമായ കേസുകളിൽ തങ്ങളുടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ സമീപിക്കാൻ രോഗികളോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.