രക്തഗ്രൂപ് വ്യത്യാസം കോവിഡ് തീവ്രതക്ക് കാരണമാവുന്നില്ലെന്ന് എച്ച്.എം.സി പഠനം
text_fieldsദോഹ: നിശ്ചിത രക്ത ഗ്രൂപ്പുകളുള്ളവർക്ക് കോവിഡ് ഗുരുതരമായേക്കാമെന്ന സാധ്യത തള്ളി ഹമദ് മെഡിക്കൽ കോർപറേഷന്റെ പഠന റിപ്പോർട്ട്. കോവിഡ് ചികിത്സയും രോഗതീവ്രതയും സംബന്ധിച്ച് വിദഗ്ധസംഘം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
രക്തഗ്രൂപ്പും രോഗത്തിന്റെ തീവ്രതയും തമ്മിൽ ബന്ധമില്ലെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. എ.ബി.ഒ രക്തഗ്രൂപ്പുകളും ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളിലെ പ്രതികൂലമായ ക്ലിനിക്കൽ ഫലങ്ങളും തമ്മിൽ ഒരു ബന്ധവും പഠനത്തിൽ കണ്ടെത്തിയിട്ടില്ല. ആർ.എച്ച് നെഗറ്റീവ് രക്തഗ്രൂപ് ആർ.എച്ച് പോസിറ്റീവ് രക്തഗ്രൂപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ മരണസാധ്യത കുറവാണെന്നും പഠനത്തിൽ പറയുന്നു.
‘ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളിലെ രക്തഗ്രൂപ്പുകളും ക്ലിനിക്കൽ ഫലങ്ങളും തമ്മിലുള്ള ബന്ധം: ഒരു പഠനം’എന്ന തലക്കെട്ടിൽ ഹസം മിബൈരീക് ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച 848 കോവിഡ് രോഗികളിലാണ് പഠനം നടത്തിയത്.
രക്തഗ്രൂപ്പുകളും കോവിഡ് ഫലങ്ങളും തമ്മിലുള്ള ബന്ധം നിരവധി പഠനം നടന്നെങ്കിലും ഒരു വ്യക്തിയുടെ രക്തഗ്രൂപ്പും അണുബാധക്കുള്ള സാധ്യതയും തമ്മിലുള്ള ബന്ധത്തിൽ അനിശ്ചിതത്വമുണ്ടെന്നും പഠനത്തിൽ പറയുന്നു. കോവിഡ് രൂക്ഷമായ 2020 മാർച്ച് ഏഴ് മുതൽ 2020 ജൂലൈ 15വരെയുള്ള കാലയളവിൽ ഹസം മിബൈരിക് ആശുപത്രി ഐ.സി.യുവിൽ പ്രവേശിപ്പിച്ച രോഗികളെയാണ് പഠനത്തിന് വിധേയരാക്കിയത്.
വിവിധ രക്തഗ്രൂപ്പുകളിലുള്ള രോഗികൾക്കിടയിലെ മരണനിരക്കായിരുന്നു ആദ്യം പഠനവിധേയമാക്കിയത്. രണ്ടാം ഘട്ടത്തിൽ വെന്റിലേഷൻ വിവരങ്ങൾ, ഐ.സി.യു വാസകാലയളവ്, ആശുപത്രിവാസം, സി.ആർ.പി എന്നിവ വിലയിരുത്തി.
പഠനവിധേയരായ 848ൽ 168 രോഗികൾ മരിച്ചിരുന്നു. 19.8 ശതമാനം മരണനിരക്ക്. ഇവയിൽ എ, ബി, എബി, ഒ, എന്നീ രക്ത ഗ്രൂപ്പുകളിലെ മരണ നിരക്ക് യഥാക്രമം 22.6 ശതമാനം (230ൽ 52), 18.1 ശതമാനം (243ൽ 44), 22 ശതമാനം (82ൽ 18), 18.4 ശതമാനം (293ൽ 54) എന്നിങ്ങനെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.