ഗസ്സയിൽനിന്നുള്ള രോഗിയിൽ ശസ്ത്രക്രിയ നേട്ടവുമായി എച്ച്.എം.സി
text_fieldsദോഹ: യുദ്ധഭൂമിയായ ഗസ്സയിൽനിന്ന് അഭയം തേടിയെത്തിയ രോഗിയിൽ സങ്കീണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഹമദ് മെഡിക്കൽ കോർപറേഷൻ. മൈക്രോസ്കോപ്പിക് റീകൺസ്ട്രക്ടിവ് സാങ്കേതികവിദ്യയുടെ സഹായത്തോടെ രാജ്യത്തെ പ്രഥമ കോസ്മെറ്റിക് ശസ്ത്രക്രിയയാണ് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട രോഗിയിൽ പൂർത്തിയാക്കിയത്.
കഠിനമായ നടുവേദനയും നടക്കാനോ ഇരിക്കാനോ കഴിയാതെ തളർന്നുപോകുന്നതുമായ അവസ്ഥയിലായിരുന്നു രോഗി. ശസ്ത്രക്രിയ രണ്ട് മണിക്കൂർ നീണ്ടുനിന്നു. രോഗിയുടെ പിൻഭാഗത്ത് താഴെയായി കോശങ്ങളെ ബാധിച്ച ഗുരുതരമായ രോഗാവസ്ഥയിൽ രണ്ട് മണിക്കൂർകൊണ്ട് ശസ്ത്രക്രിയ പൂർത്തിയാക്കിയത് വലിയ നേട്ടമാണെന്നും എച്ച്.എം.സി വ്യക്തമാക്കി. ചികിത്സയിലെ ഉന്നതനിലവാരം എച്ച്.എം.സിയെ മേഖലയിലെ വിശിഷ്ടമായ ആതുരസേവന സ്ഥാപനങ്ങളുടെ മുൻനിരയിലെത്തിക്കുന്നതാണെന്ന് എച്ച്.എം.സി പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. അതാഅല്ല ഹമദ് ഹമൂദ പറഞ്ഞു.ശസ്ത്രക്രിയ ഏറെ സങ്കീർണമായിരുന്നുവെന്നും, മറ്റു കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതെ അവ വിജയകരമായി പുനഃസ്ഥാപിക്കുന്നതിന് അത്യാധുനിക രീതിയിൽ രക്തധമനികളുടെ സുഷിരങ്ങൾ അടിസ്ഥാനമാക്കിയുള്ള നിരവധി ഫ്ലാപ്പുകൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ശസ്ത്രക്രിയയിലുണ്ടായിരുന്നുവെന്നും പ്ലാസ്റ്റിക് സർജറി വിഭാഗം അസോസിയേറ്റ് കൺസൽട്ടന്റും ശസ്ത്രക്രിയക്ക് നേതൃത്വം വഹിക്കുകയും ചെയ്ത ഡോ. സലീം നൂർ എൽ ദിൻ അൽ ലഹാം പറഞ്ഞു. മുറിവുകൾക്ക് ചികിത്സ നൽകാത്തതിന്റെ ഫലമായുണ്ടായ അണുബാധ, മുതുകിലെ കോശവൈകല്യം, തുടയുടെ ഭാഗത്തുണ്ടായ പൊള്ളൽ എന്നിവയുൾപ്പെടെ വഷളായ ആരോഗ്യനിലയിലാണ് രോഗി ഹമദ് മെഡിക്കൽ കോർപറേഷനിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.