കൂടുതൽ വാക്സിനേഷനുകളുമായി എച്ച്.എം.സി ട്രാവൽ ക്ലിനിക്
text_fieldsദോഹ: ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ സാംക്രമികരോഗ പ്രതിരോധ കേന്ദ്ര(സി.ഡി.സി)ത്തിലെ ട്രാവൽ ക്ലിനിക്ക് സേവനം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി കൂടുതൽ വാക്സിനേഷനുകൾ ലഭ്യമാക്കി അധികൃതർ.
യാത്രക്കാർക്കും മുതിർന്നവർക്കുമായി 23 തരം വാക്സിനുകൾ നിലവിൽ ലഭ്യമാക്കുന്നതായി മുതിർന്ന ആരോഗ്യ പ്രവർത്തകൻ അറിയിച്ചു.
നേരത്തെ 13 തരം വാക്സിനുകളാണ് ട്രാവൽ ക്ലിനിക്കിലൂടെ നൽകിയിരുന്നത്. ആവശ്യം ഉയർന്നതിനെ തുടർന്നാണ് വാക്സിനുകളുടെ എണ്ണം വർധിപ്പിച്ചതെന്ന് സി.ഡി.സി മെഡിക്കൽ ഡയറക്ടർ ഡോ. മുന അൽ മസ്ലമാനി പറഞ്ഞു. യാത്രാ സംബന്ധമായ വാക്സിൻ, മുതിർന്നവർക്ക് പ്രതിരോധ കുത്തിവെപ്പിനായുള്ള വാക്സിൻ എന്നിങ്ങനെ രണ്ട് വിഭാഗം വാക്സിനുകളാണ് ഇവിടെ നൽകുന്നത്.
സീസണൽ ഫ്ളൂ വാക്സിൻ, ടിഡാപ്, പോളിയോ, മുതിർന്നവർക്കുള്ള ഹെപ് എ വാക്സിൻ, പീഡിയാട്രിക് ഹെപ് എ വാക്സിൻ, മുതിർന്നവർക്കും കുട്ടികൾക്കുമുള്ള ഹെപ് ബി വാക്സിൻ, ട്വിനിറിക് ഹെപ് ബി/എ വാക്സിൻ, കോളറ, ഓറൽ ടൈഫോയ്ഡ്, ഇൻജ്ക്ട് വാക്സിൻ മെനിംഗോകോക്കൽ വാക്സിൻ, കൻജഗേറ്റ് ന്യൂമോകോക്കൽ വാക്സിൻ, പോളിസാക്കറൈഡ് ന്യൂമോകോക്കൽ വാക്സിൻ, ജാപ്പനീസ് എൻസഫലൈറ്റിസ് വാക്സിൻ, ടിക്ക്ബോൺ എൻസഫലൈറ്റിസ് വാക്സിൻ, റാബിസ് വാക്സിൻ, യെല്ലോ ഫീവർ വാക്സിൻ, ഹീമോഫിലസ് ഇൻഫ്ളുവൻസ വാക്സിൻ, ഹ്യൂമൻ പാപിലോമ വൈറസ് വാക്സിൻ, ഹെർപെസ് സോസ്റ്റ് വാക്സിൻ, എം.എം.ആർ വാക്സിൻ, വെരിസെല്ല വാക്സിൻ എന്നിവയാണ് നിലവിൽ ക്ലിനിക്കിൽ നിന്നും ആവശ്യക്കാർക്ക് നൽകുന്നത്.
യാത്ര ചെയ്യുന്ന സ്ഥലം, യാത്രാ ദൈർഘ്യം, പ്രവർത്തനങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി ഏത് തരം വാക്സിനുകളും മരുന്നുകളുമാണ് ആവശ്യമെന്ന് യാത്രാ ക്ലിനിക്കിലെത്തി ഡോക്ടറുടെ ഉപദേശം തേടണമെന്ന് ഡോ. മുന അൽ മസ്ലമാനി യാത്രക്കാരോടായാി ആവശ്യപ്പെട്ടു. ക്ലിനിക്കിൽ സേവനം തേടുന്നവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റും (ചില രാജ്യങ്ങളിലേക്ക് സർട്ടിഫിക്കറ്റ് ആവശ്യമാണ്) യാത്ര ചെയ്യുന്ന രാജ്യത്തേക്കുള്ള രോഗ പ്രതിരോധ ഉപദേശവും ആരോഗ്യ പ്രവർത്തകരിൽ നിന്ന് ലഭിക്കും.
അതേസമയം, യാത്രയുടെ നാല് മുതൽ ആറാഴ്ച മുമ്പ് വരെ വാക്സിൻ എടുക്കണമെന്നും യാത്രാ സംബന്ധമായ ഉപദേശം തേടണമെന്നുമാണ് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത്. ഏത് തരം വാക്സിനാണെങ്കിലും അത് പ്രവർത്തനശേഷി കൈവരിക്കണമെങ്കിൽ 10 മുതൽ 14 ദിവസം വരെ വേണ്ടി വരുമെന്നും ചില വാക്സിനുകൾ ഒന്നിലധികം ഡോസ് സ്വീകരിക്കേണ്ടി വരുമെന്നും യാത്രയുടെ നാല് മുതൽ ആറ് വരെ ആഴ്ചകൾക്ക് മുമ്പ് വാക്സിൻ സ്വീകരിക്കുന്നതാണ് ഉത്തമമെന്നും ഡോ. അൽ മസ്ലമാനി പറഞ്ഞു.
ഒരേ സമയം ഒന്നിലധികം വാക്സിനുകൾ സ്വീകരിക്കുന്നതിലൂടെ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുകയില്ലെന്നും സാധാരണയുണ്ടാകുന്ന ചെറിയ പനി, വാക്സിനെടുത്ത ഭാഗത്തെ വേദന തുടങ്ങിയ പാർശ്വ ഫലങ്ങൾ മാത്രമാണുണ്ടാകുകയെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം 858 പേർ യാത്രാ ക്ലിനിക്കിലെത്തി വാക്സിൻ സ്വീകരിച്ചതായും അതിൽ 12 ശതമാനത്തോളം പേർ യാത്രാ ആവശ്യത്തിനല്ലായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.