ഇലക്ട്രോണിക് പുകവലിക്കെതിരെ മുന്നറിയിപ്പുമായി എച്ച്.എം.സി
text_fieldsദോഹ: ഇ-സിഗരറ്റ്, ഇ-ഹുക്ക തുടങ്ങിയ ഇലക്ട്രോണിക് പുകവലിക്കെതിരെ മുന്നറിയിപ്പുമായി ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്.എം.സി) പുകയില നിയന്ത്രണകേന്ദ്രം. ഇലക്ട്രോണിക് പുകവലിയുമായി ബന്ധപ്പെട്ട വസ്തുക്കൾ ഖത്തറിൽ വിപണനം ചെയ്യുന്നതും വിൽക്കുന്നതും നിരോധിച്ച് 2016ൽ ഉത്തരവിറക്കിയിട്ടുണ്ട്.
ഇലക്ട്രോണിക് സിഗരറ്റ് വലിക്കുമ്പോൾ പുറത്തുവരുന്ന പുകയിൽ ഉപയോക്താക്കളെ ദോഷകരമായി ബാധിക്കുന്ന വിഷവും രാസവസ്തുക്കളും അടങ്ങിയിട്ടുണ്ടെന്ന് ഡിസീസ് കൺട്രോൾ സീനിയർ കൺസൽട്ടന്റും എച്ച്.എം.സി പുകയില നിയന്ത്രണകേന്ദ്രം ഡയറക്ടറുമായ ഡോ. അഹമ്മദ് അൽ മുല്ല പറഞ്ഞു.
‘പുകവലി നിർത്താനുള്ള ബദൽ മാർഗമല്ല ഇലക്ട്രോണിക് സിഗരറ്റുകൾ. ഇതിന് ശാസ്ത്രീയ അടിസ്ഥാനവുമില്ല. പുകവലി നിർത്താനുള്ള ഉപായമായി ഇതിനെ യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകരിച്ചിട്ടുമില്ല. ചില രാജ്യങ്ങളിൽ ഇലക്ട്രോണിക് സിഗരറ്റ് വലിക്കുന്നത് അനുവദിക്കുന്നത് സമൂഹത്തിൽ വിപരീത ഫലങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ചെറുപ്രായക്കാർക്കിടയിൽ പുകവലിയുടെ വ്യാപനം വർധിക്കാനടക്കം അത് കാരണമായതായാണ് വിലയിരുത്തൽ’-ഡോ. അൽ മുല്ല പറഞ്ഞു.
ഇത്തരത്തിലുള്ള പുകവലിയെക്കുറിച്ചുള്ള ആഗോളപഠനങ്ങളും ഗവേഷണങ്ങളും എച്ച്.എം.സിയുടെ പുകയില നിയന്ത്രണകേന്ദ്രം തുടരുന്നുണ്ട്. ഇതരരാജ്യങ്ങളിലെ ഇ-സിഗരറ്റ് ഉപയോക്താക്കളുടെ അനുഭവങ്ങൾ നിരീക്ഷിക്കുന്നു. ഖത്തറിലെ പുകയില ഉപയോക്താക്കൾക്കിടയിൽ ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗത്തിന്റെ വ്യാപനം ഏകദേശം 11 ശതമാനമാണെന്ന് കേന്ദ്രം നടത്തിയ പഠനത്തിൽ തെളിഞ്ഞു.
‘ഇലക്ട്രോണിക് സിഗരറ്റ് വലിക്കുക എന്നത് പരമ്പരാഗത പുകവലിക്ക് സുരക്ഷിത ബദലായോ പുകവലി ഉപേക്ഷിക്കാനുള്ള എളുപ്പമാർഗമായോ ഒട്ടേറെ ഉപയോക്താക്കൾ കരുതുന്നുണ്ട്. എന്നാൽ, വർധിച്ച ഉപഭോഗം ഉൾപ്പെടെയുള്ള നിരവധി പ്രശ്നങ്ങൾ അതുവഴി ഉപയോക്താക്കൾക്ക് നേരിടേണ്ടിവരുന്നതായാണ് ഞങ്ങൾക്ക് മനസ്സിലാവുന്നത്.
ഇലക്ട്രോണിക് സിഗരറ്റ് വലിക്കുന്നത് ഉപയോഗിക്കാൻ എളുപ്പമുള്ളതാണ്. അതുവഴി ഉപയോഗം കൂടുമ്പോൾ, വിഷലിപ്തമായ നിക്കോട്ടിനും മറ്റ് രാസവസ്തുക്കളും കൂടുതലായി അകത്തെത്തുന്നതിന് സാധ്യതയേറുകയാണ്’-പുകയില ഉപയോഗവർജനവുമായി ബന്ധപ്പെട്ട് സേവനം ചെയ്യുന്ന ഡോ. ജമാൽ ബാ സുഹായ് പറയുന്നു.
ഇലക്ട്രോണിക് സിഗരറ്റ് വലിക്കുന്നവർക്ക് വായ്, മോണ, പല്ലുകൾ, ശ്വാസകോശം എന്നിവിടങ്ങളിൽ ഇൻഫെക്ഷനും ഹൃദയത്തിലും നെഞ്ചിലും വേദനയും അടക്കമുള്ള നിരവധി പ്രശ്നങ്ങളാണ് അനുഭവപ്പെടുന്നത്. ഇലക്ട്രോണിക് പുകവലിയുമായി ബന്ധപ്പെട്ട് ഗുരുതര ശ്വാസകോശ അണുബാധക്കുള്ള സാധ്യത കൂടുതലാണ്.
അതുപോലെ കുട്ടികളിൽ നിക്കോട്ടിൻ അക്യൂട്ട് വിഷബാധയും ഉണ്ടാകും. ചെറുപ്രായക്കാരായ പുകവലിക്കാർ മറ്റ് ആസക്തിയുള്ള വസ്തുക്കളും ഇലക്ട്രോണിക് പുകവലിക്കൊപ്പം ചേർക്കുന്നത് മരണത്തിലേക്ക് നയിച്ചതായി യുനൈറ്റഡ് സ്റ്റേറ്റ്സ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ചൂണ്ടിക്കാട്ടുന്നു.
പുകവലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ, സുരക്ഷിതമായ മരുന്നുകളും ഉയർന്ന പരിശീലനം ലഭിച്ച ടീമിന്റെ കൗൺസലിങ്ങും പിന്തുണയും ലഭിക്കുന്നതിനായി എച്ച്.എം.സി പുകയില നിയന്ത്രണ കേന്ദ്രത്തിന്റെ സഹായം തേടണമെന്ന് ഡോ. ബാ സുഹായ് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.