ആന്റി ഗ്രാവിറ്റി ട്രെഡ്മില്ലുമായി എച്ച്.എം.സി
text_fieldsദോഹ: ഭൂഗുരുത്വാകർഷണത്തെ പ്രതിരോധിച്ചുകൊണ്ട് പരിശീലനം സാധ്യമാക്കുന്ന ‘ആന്റി ഗ്രാവിറ്റി ട്രെഡ്മിൽ’ അവതരിപ്പിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ. എച്ച്.എം.സിക്ക് കീഴിലുള്ള ഖത്തർ റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലാണ് (ക്യു.ആർ.ഐ) പേശീ-അസ്ഥി സംബന്ധമായ (മസ്കുലോസ്കെലെറ്റൽ) രോഗികൾക്കായി ആന്റി ഗ്രാവിറ്റി ട്രെഡ്മിൽ അവതരിപ്പിച്ചിരിക്കുന്നത്.
ചലന സമയത്ത് ശരീരഭാരം കുറക്കുന്നതിന് നൂതനമായ എയർ പ്രഷർ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന ആന്റി ഗ്രാവിറ്റി ട്രെഡ്മിൽ, മസ്കുലോസ്കെലെറ്റൽ അവസ്ഥകളും മറ്റു ചലനസംബന്ധമായ വെല്ലുവിളികളും നേരിടുന്ന രോഗികൾക്ക് ആരോഗ്യം വീണ്ടെടുക്കൽ എളുപ്പമാക്കും.
രോഗികളുടെ പുനരധിവാസ പ്രക്രിയ കൂടുതൽ മെച്ചപ്പെടുത്തുകയെന്ന ഖത്തർ റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ഉപകരണം സ്ഥാപിച്ചിരിക്കുന്നതെന്നും, ഇത് രോഗികൾക്ക് മികച്ച ചികിത്സാന്തരീക്ഷം നൽകുന്നുവെന്നും എച്ച്.എം.സി കോർപറേറ്റ് റിഹാബിലിറ്റേഷൻ തെറപ്പി സർവിസ് മേധാവി ഡോ. ഹനാദി അൽ ഹമദ് പറഞ്ഞു.
ഡിഫറൻഷ്യൽ എയർ പ്രഷർ ടെക്നോളജി ഉപയോഗിച്ച് നടക്കുമ്പോഴോ ഓടുമ്പോഴോ രോഗിയുടെ ശരീര ഭാരത്തിന്റെ അളവ് ക്രമീകരിക്കുന്നതിനാണ് ആന്റി ഗ്രാവിറ്റി ട്രെഡ്മിൽ ഉപയോഗിക്കുന്നത്. പൂർണഭാരം വഹിക്കുന്ന സാഹചര്യത്തിൽ രോഗികൾക്ക് വളരെ ബുദ്ധിമുട്ടേറിയ ചലനങ്ങൾ ആയാസത്തോടെ ചെയ്യാൻ അവരെ ഇത് സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.