വി കെയർ, നർആക് സേവനങ്ങളുമായി എച്ച്.എം.സി
text_fieldsദോഹ: ഹമദ് മെഡിക്കൽ കോർപറേഷനു കീഴിലെ ക്ലിനിക്കൽ ഇമേജിങ് സർവിസ് പുതിയ രണ്ടു സേവനങ്ങൾക്കുകൂടി തുടക്കം കുറിച്ചു. വി കെയർ, നർആക് എന്നീ പുതിയ സേവനങ്ങളാണ് ക്ലിനിക്കൽ ഇമേജിങ് സർവിസ് അവതരിപ്പിച്ചിരിക്കുന്നത്. കാൾ സെൻറർ വഴി രോഗികൾക്ക് അപ്പോയിൻമെൻറ് ബുക്ക് ചെയ്യുന്നതിനും അപ്പോയിൻമെൻറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അറിയുന്നതിനും രോഗികളുടെ അന്വേഷണങ്ങൾക്ക് മറുപടി നൽകുന്നതിനുമായുള്ള സേവനമാണ് 'വി കെയർ'.
അപ്പോയിൻമെൻറുകൾ എസ്.എം.എസ് വഴി അറിയുന്നതിനും മാനേജ് ചെയ്യുന്നതിനും 'വി കെയർ' രോഗികൾക്ക് ഉപയോഗപ്പെടുത്താം. ക്ലിനിക്കൽ ഇമേജിങ് സർവിസിലെ പ്രധാന അപ്പോയിൻമെൻറ് ബുക്കിങ് കേന്ദ്രവുമായി ബന്ധിപ്പിച്ചാണ് 'വി കെയർ' പ്രവർത്തിക്കുക. ഓട്ടോമാറ്റിക് ബുക്കിങ് സംവിധാനം, കാൾ സെൻററുമായി നേരിട്ടുള്ള കോൺടാക്ട് എന്നിവയിലൂടെ ആരോഗ്യ സേവനങ്ങൾ വേഗത്തിലും ലളിതമായും ഉപയോഗപ്പെടുത്താൻ രോഗികളെ സഹായിക്കുന്നതു കൂടിയാണ് പുതിയ സേവനം.
ഭിന്നശേഷിക്കാരായ രോഗികൾക്ക് അപ്പോയിൻമെൻറുകളിൽ മുൻഗണന നൽകുന്നതും അതുവഴി കാത്തിരിപ്പ് സമയം കുറക്കുകയും ചെയ്യുന്നതിന് അവതരിപ്പിച്ച മറ്റൊരു സേവനമാണ് നർആക്. രോഗികൾക്ക് ചികിത്സ സംബന്ധിച്ച് തുടർവിവരങ്ങൾ അറിയുന്നതിന്, പ്രത്യേകിച്ച് പുതുതായി അർബുദം സ്ഥിരീകരിക്കപ്പെട്ട രോഗികൾക്കും ഗുരുതര പരിക്കേറ്റ രോഗികൾക്കും പുതിയ സേവനം ഏറെ ഉപകാരപ്പെടും. 'വി കെയർ' വഴി രോഗികൾക്ക് പുതിയ ബുക്കിങ്ങുകളിൽ മാറ്റംവരുത്താൻ എളുപ്പത്തിൽ സാധിക്കും. അല്ലെങ്കിൽ കുറഞ്ഞ സമയത്തിനുള്ളിൽ കേന്ദ്രത്തിൽ നേരിട്ട് ബന്ധപ്പെടാതെ തന്നെ ബുക്കിങ്ങുകളിൽ തുടർനടപടികൾ അറിയുന്നതിനോ ബുക്കിങ് റദ്ദാക്കുന്നതിനോ സേവനം സഹായകമാകും.
എച്ച്.എം.സിക്ക് കീഴിലെ ക്ലിനിക്കൽ ഇമേജിങ് സർവിസ് കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെയും രോഗികൾക്ക് മികച്ച അനുഭവം സാധ്യമാക്കുന്നതിന്റെയും ഭാഗമായുള്ള ശ്രമങ്ങളാണ് പുതിയ സേവനങ്ങളെന്ന് ക്ലിനിക്കൽ ഇമേജിങ് ഡിപ്പാർട്മെൻറ് ചെയർമാൻ ഡോ. ഖാലിദ് ഉമർ പറഞ്ഞു. 44393377 നമ്പറിൽ രോഗികൾക്ക് വാട്സ്ആപ് വഴി ഞായർ മുതൽ വ്യാഴം വരെ രാവിലെ എട്ടു മുതൽ വൈകീട്ട് ആറുവരെ ബന്ധപ്പെടാം. ശനിയാഴ്ച രാവിലെ എട്ടു മുതൽ രണ്ടു വരെയാണ് സമയം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.