ഹോക്സ്ബിൽ കടലാമക്കുഞ്ഞുങ്ങളിൽ ല്യൂക്കിസ്റ്റിക് പ്രതിഭാസം
text_fieldsദോഹ: റാസ് ലഫാൻ ബീച്ചിൽ വിരിഞ്ഞിറങ്ങിയ ഹോക്സ്ബിൽ കടലാമക്കുഞ്ഞുങ്ങളിൽ ല്യൂക്കിസ്റ്റിക് പ്രതിഭാസം കണ്ടെത്തിയതായി ഖത്തർ യൂനിവേഴ്സിറ്റിയിലെ ഗവേഷകർ അറിയിച്ചു. 2020 മേയ് ഒമ്പതിന് നടത്തിയ പരിശോധനയിൽ 63 മുട്ടകൾ വിരിഞ്ഞപ്പോൾ 14 കുഞ്ഞുങ്ങളിലും ജൂലൈ ഒമ്പതിന് നടത്തിയ പരിശോധനയിൽ 85 മുട്ടകൾ വിരിഞ്ഞപ്പോൾ നാല് കുഞ്ഞുങ്ങളിലുമാണ് ല്യൂക്കിസ്റ്റിക് പ്രതിഭാസം കണ്ടെത്തിയിരിക്കുന്നത്. ഒരു ജീവിയിൽ ഭാഗികമായി വർണവസ്തു നഷ്ടപ്പെടുന്ന അവസ്ഥയാണ് ല്യൂക്കിസം. ഇത് കാരണം തൊലി, മുടി, തൂവലുകൾ, ചെതുമ്പലുകൾ തുടങ്ങിയവ വെളുത്ത നിറത്തോട് കൂടിയോ അല്ലെങ്കിൽ മങ്ങിയ നിറത്തിലോ കാണപ്പെടും. അതേസമയം, കണ്ണുകളിലെ വർണവസ്തു നഷ്ടപ്പെടുകയുമില്ലാത്ത അവസ്ഥ കൂടിയാണ് ല്യൂക്കിസം.
ഖത്തർ യൂനിവേഴ്സിറ്റിയിലെ പരിസ്ഥിതി ശാസ്ത്ര കേന്ദ്രത്തിെൻറ റിപ്പോർട്ട് പ്രകാരം ഖത്തറിലെ ബീച്ചുകളിലും ലോകത്തിെൻറ മറ്റു ഭാഗങ്ങളിലും ഹോക്സ്ബിൽ കടലാമക്കുഞ്ഞുങ്ങളിൽ ല്യൂക്കിസ്റ്റിക് പ്രതിഭാസം വളരെ വിരളമായാണ് സംഭവിക്കുക. കടലാമകളിലെ മെലാനിൻ എന്നറിയപ്പെടുന്ന പിഗ്മെൻറ് കോശങ്ങളുടെ അഭാവമാണ് ഇതിന് കാരണം. തൊലിയുടെ നിറം നൽകുന്ന വസ്തുവാണ് മെലാനിൻ.റാസ് ലഫാനിൽ ല്യൂക്കിസ്റ്റിക് പ്രതിഭാസം കണ്ട കടലാമക്കുഞ്ഞുങ്ങളുടെ നിറം മങ്ങിയ മഞ്ഞയാണ്. സാധാരണ അവസ്ഥയിൽ കടുത്ത പച്ച നിറത്തോടെയാണ് ആമക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങാറ്. തൊലിയിലെ നിറം നഷ്ടപ്പെട്ടെങ്കിലും കണ്ണുകളിലെ നിറം കറുത്ത് തന്നെ കാണപ്പെടുന്നതിനാലാണ് ഇവയെ ല്യൂക്കിസ്റ്റിക് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം, തൊലിയിലെ നിറം നഷ്ടപ്പെടുന്നതോടൊപ്പം കണ്ണുകളിലെ നിറം കൂടി നഷ് ടമാകുന്ന അവസ്ഥയാണ് ആൽബിനിസം. ഇത് ജന്മനായുള്ള തകരാറായാണ് ഗണിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.