എം.ടിയുടെ ഓർമയിൽ പ്രവാസലോകവും
text_fieldsദോഹ: മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചനവുമായി പ്രവാസ ലോകവും. പ്രിയപ്പെട്ട എഴുത്തുകാരൻ സമ്മാനിച്ച അതുല്യമായ കൃതികളിലൂടെയും ശക്തവും സുദൃഢവും മനോഹരവുമായ തിരക്കഥകളിലൂടെ സമ്പന്നമാക്കിയ ചലച്ചിത്രങ്ങളുടെയും ഓർമകൾ സാമൂഹ മാധ്യമങ്ങളിലും മറ്റും പങ്കുവെച്ചും പ്രവാസി ആരാധകർ അനുശോചനം പങ്കുവെച്ചു. വിവിധ സംഘടനകളും സാമൂഹ്യ പ്രവർത്തകരും അനുശോചിച്ചു.
മാനവപക്ഷത്തു നിന്ന് ശബ്ദിച്ച സാഹിത്യകാരൻ -സംസ്കൃതി ഖത്തർ
ദോഹ: മാനവപക്ഷത്തുനിന്ന് അനീതികൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ തന്റെ സൃഷ്ടികളിലൂടെ വിരൽചൂണ്ടിയ സാഹിത്യകാരനായിരുന്നു എം. ടിയെന്ന് സംസ്കൃതി ഖത്തർ അനുസ്മരിച്ചു.
മലയാള സാഹിത്യത്തെ വിശ്വസാഹിത്യത്തിന്റെ നെറുകയിലെത്തിച്ച അതുല്യ പ്രതിഭയായിരുന്നു എം.ടി. വാസുദേവൻ നായർ. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, പത്രാധിപർ, സാംസ്കാരിക നായകൻ എന്നിങ്ങനെ എഴുത്തിന്റെയും കലാ-സാംസ്കാരിക പ്രവർത്തനങ്ങളുടെയും മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ എന്നും വിലപ്പെട്ടതാണെന്ന് അനുസ്മരിച്ചു. ദോഹ സ്കിൽസ് ഡെവലപ്മെന്റ് മാസ്റ്ററോ ഹാളിൽ എം.ടി. വാസുദേവൻ നായർ അനുസ്മരണം ചടങ്ങിൽ കേരള ക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ.എം. സുധീർ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്കൃതി പ്രസിഡന്റ് സാബിത് സാഹിർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, കേന്ദ്ര കമ്മിറ്റിയംഗം അനിൽ എന്നിവർ പങ്കെടുത്തു.
നഷ്ടമായത് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം -ഖിയാഫ്
ദോഹ: മലയാള സാഹിത്യ കുലപതി എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം (ഖിയാഫ്) എക്സിക്യൂട്ടിവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. നോവലിസ്റ്റ്, കഥാകൃത്ത് , തിരക്കഥാകൃത്ത്, സംവിധായകൻ, അധ്യാപകൻ തുടങ്ങി കൈവെച്ച എല്ലാ മേഖലകളിലും സ്വന്തമായി വ്യക്തിമുദ്ര പതിപ്പിച്ച, മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്ന അതികായനെയാണ് എം.ടിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് ഖിയാഫ് പറഞ്ഞു.
എം.ടിയുടെ ലളിതമായ ഭാഷയും ഏതു മലയാളിക്കും പരിചിതമായ കഥാ പരിസരവും കഥാപാത്രങ്ങളും ഒക്കെയായിരിക്കാം മലയാളികള്‍ക്ക് അദ്ദേഹം ഇത്രമേൽ പ്രിയപ്പെട്ടവനാകാന്‍ കാരണം. വായിച്ച കഥകളിലെ നൊമ്പരങ്ങള്‍ വായനക്കാരിലേക്ക് പകർന്ന് അത് അവരുടെ കൂടെ നൊമ്പരമായി മാറുമ്പോൾ ആ കഥയും കഥാപാത്രങ്ങളും കഥാകാരനും വായനക്കാരന്റെ മനസ്സില്‍ വാടാമലരായി എന്നെന്നും നില നില്ക്കുന്നു . ഇരുട്ടിന്റെ ആത്മാവിലെ വേലായുധൻ, മഞ്ഞിലെ വിമല, തോണിക്കാരന് ബുദ്ധു, വളർത്തുമൃഗങ്ങളിലെ ജാനമ്മ, നാലുകെട്ടിലെ അപ്പുണ്ണി കാലത്തിലെ സേതു, അസുരവിത്തിലെ ഗോവിന്ദൻ കുട്ടി, കുട്ട്യേടത്തി രണ്ടാമൂഴത്തിലെ ഭീമൻ, അങ്ങിനെ ഒരുപാടൊരുപാട് കഥാപാത്രങ്ങളിലൂടെ മരണമില്ലാത്തവനായി ഇനിയും എം.ടി നമുക്കൊപ്പമുണ്ടാവും. ഖിയാഫ് പ്രസിഡൻറ് ഡോ. കെ.സി. സാബു, ജനറൽ സെകട്ടറി ഹുസൈൻ കടന്നമണ്ണ, ട്രഷറർ അൻസാർ അരിബ്ര, വൈസ് പ്രസിഡൻറുമാരായ അഷ്റഫ് മടിയാരി, ശ്രീകല ജിനൻ തുടങ്ങിയവരും എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.