ആരോഗ്യസുരക്ഷ ഉറപ്പാക്കി ഹോം ഹെൽത്ത് കെയർ
text_fieldsദോഹ: കോവിഡ് മൂന്നാം തരംഗത്തിൽ രോഗവ്യാപനം വർധിക്കുന്നതിനിടെ പ്രായമായവരെയും ഗുരുതര രോഗങ്ങളെ തുടർന്ന് കിടപ്പിലായവരെയും തേടി ഹമദിന്റെ ഹോം ഹെൽത്ത് കെയർ വിഭാഗം വീടുകളിലേക്ക്. ബൂസ്റ്റർ ഡോസ് വാക്സിനേഷൻ സജീവമായ പശ്ചാത്തലത്തിൽ ആരോഗ്യ കേന്ദ്രങ്ങളിലെത്തി വാക്സിൻ സ്വീകരിക്കാൻ കഴിയാത്ത പ്രായമുള്ളവർക്കും കിടപ്പുരോഗികൾക്കും ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഹമദ് മെഡിക്കൽ കോർപറേഷന്റെ ഹോം ഹെൽത്ത്കെയർ സർവിസ് ടീം സജീവമായത്. 2021 ഫെബ്രുവരിയിലാണ് കോവിഡ് വാക്സിനേഷന്റെ ഭാഗമായി ഹോംകെയർ സർവിസും ആരംഭിച്ചത്. റുമൈല ആശുപത്രി മെഡിക്കൽ ഡയറക്ടറും ഹെൽത്തി ഏയ്ജിങ് ഖത്തർ മേധാവിയുമായ ഡോ. ഹനാദി അൽ ഹമദിനു കീഴിലായിരുന്നു രാജ്യത്തെ മുതിർന്ന പൗരന്മാരുടെ ആരോഗ്യസുരക്ഷക്കായുള്ള വിഭാഗം പ്രവർത്തനം തുടങ്ങിയത്. ഖത്തർ റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടും പ്രവർത്തനങ്ങളിൽ ഇവർക്ക് സജീവ പിന്തുണ നൽകി. പ്രായമായ ആളുകൾക്ക് കോവിഡ് ബാധിച്ചാൽ അപകടസാധ്യത ഗുരുതരമാവുമെന്നതിന്റെ അടിസ്ഥാനത്തിലാണ് വീടുകളിലെത്തി വാക്സിനേഷൻ നൽകുന്നതെന്ന് ഡോ. ഹനാദി അൽ ഹമദ് പറഞ്ഞു. പ്രായമായവർക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ കാരണം കിടപ്പിലായവർക്കും നിലവിലെ സാഹചര്യത്തിൽ പി.എച്ച്.സി.സികളിലെത്തി വാക്സിൻ സ്വീകരിക്കാൻ പ്രയാസമുള്ള വിഭാഗങ്ങളെ വീടുകളിലേക്ക് തേടിയെത്തുകയാണ് ഇതുവഴി. ഇതോടൊപ്പം, ഹോം കെയർ ടീം കിടപ്പുരോഗികൾക്കും അവരുടെ കുടുംബത്തിനും പരിശീലനവും കൗൺസലിങ്ങും നൽകും.
കൊറോണ വൈറസിൽനിന്ന് എങ്ങനെ ഇവർക്ക് സംരക്ഷണം നൽകാം, എങ്ങനെ ആരോഗ്യപരിചരണം എളുപ്പമാക്കാം എന്നിവയെല്ലാം ഇവർ കുടുംബത്തിനും പകർന്നുനൽകും. ഓരോ രോഗിയുമായി ഏറ്റവും ആത്മബന്ധം നിലനിർത്തുന്നവർ എന്നനിലയിലാണ് കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തുന്നത് -ഡോ. ഹനാദി അൽ ഹമദ് വിശദീകരിച്ചു. കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം തികഞ്ഞവർ എല്ലാവരും ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം ആവർത്തിച്ച് നിർദേശിക്കുന്നുണ്ട്. ആറ് മാസം കഴിയുന്നതോടെ രോഗപ്രതിരോധശേഷി കുറയുകയും മറ്റ് രോഗങ്ങളാൽ പ്രയാസപ്പെടുന്നവർക്ക് കോവിഡ് ബാധിച്ചാൽ ഗുരുതരമാവാനുള്ള സാധ്യതയും മനസ്സിലാക്കിയാണ് ഹോം കെയർ സർവിസ് ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായി വാക്സിനേഷൻ സജീവമാക്കുന്നത്. രാജ്യത്തിന്റെ കോവിഡ് വാക്സിനേഷൻ കാമ്പയിൻ ലക്ഷ്യത്തിലെത്തിക്കുന്നതിൽ ഹോം കെയർ സർവിസ് ടീമിന് നിർണായക പങ്കുണ്ടെന്ന് ഹെൽത്തി ഏയ്ജിങ് ഡെപ്യൂട്ടി ലീഡറും എച്ച്.എച്ച്.എസ് മെഡിക്കൽ ഡയറക്ടറുമായ ഡോ. ഈസ മുബാറക് അൽ സുലൈതി പറഞ്ഞു.
നിലവിൽ രാജ്യത്തെ മുതിർന്നവരിൽ 10ൽ ഒമ്പതുപേരും വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു. ഇപ്പോൾ, അർഹരായ വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസും നൽകിവരുകയാണ്. ഓരോ ദിവസവും കൂടുതൽ പേർക്ക് ബൂസ്റ്റർ ഡോസിലൂടെ ആരോഗ്യസംരക്ഷണം ഉറപ്പുനൽകുന്നു. മുതിർന്നവർക്കും ഗുരുതര ആരോഗ്യപ്രശ്നം നേരിടുന്നവർക്കും വാക്സിനേഷനിലൂടെ കോവിഡിനെതിരെ പ്രതിരോധം ഉറപ്പാക്കുകയാണ് ഹോം ഹെൽത്ത് കെയർ ടീം. വീടുകൾ സന്ദർശിക്കുമ്പോൾ രോഗികളും കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്താനും വാക്സിനേഷൻ നടപടി വിശദീകരിക്കാനും ആരോഗ്യ സുരക്ഷിതത്വം ബോധ്യപ്പെടുത്താനും ഹോം കെയർ ടീമിനെ ഓർമപ്പെടുത്തുന്നുണ്ട് -ഡോ. ഈസ മുബാറക് സുലൈതി വ്യക്തമാക്കി. ഒരുവർഷം മുമ്പേ കോവിഡ് വാക്സിനേഷന്റെ ആദ്യ ഘട്ടത്തിൽ നടപ്പാക്കിയ സംവിധാനം വിജയകരമായിരുന്നു. ഇതുവഴി പൊതുജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് എല്ലാ വിഭാഗങ്ങളിലും പ്രതിരോധ മരുന്നിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനും കഴിഞ്ഞു. ഡോക്ടർ, വിദഗ്ധരായ നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള സംഘത്തിന്റെ മേൽനോട്ടത്തിലാണ് ഹോം ഹെൽത്ത് കെയർ ടീം വീടുകൾ സന്ദർശിക്കുന്നതെന്ന് എച്ച്.എച്ച്.എസ് നഴ്സിങ് എക്സിക്യൂട്ടിവ് ഡയറക്ടർ നാദിയ അൽ അൻസി പറഞ്ഞു. രോഗാവസ്ഥക്ക് അനുസരിച്ചാണ് ടീം പ്രവർത്തിക്കുന്നതെന്നും വാക്സിനേഷനുശേഷം നിരീക്ഷണം, ഡോക്ടറുടെ പരിശോധന എന്നിവയും ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.