ഹോം നഴ്സിങ് ജോലികൾക്ക്; രജിസ്ട്രേഷനും ലൈസൻസും നിർബന്ധം
text_fieldsദോഹ: ഖത്തറിൽ ഹോം നഴ്സിങ് സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ നയം പ്രഖ്യാപിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. പുതിയ നയപ്രകാരം ഹോം നഴ്സിങ് ജോലിക്കായി ആരോഗ്യ മന്ത്രാലയത്തിലെ ഹെൽത്ത് കെയർ പ്രഫഷൻസ് വകുപ്പിന് കീഴിൽ നഴ്സിങ് വിഭാഗങ്ങളിൽ രജിസ്ട്രേഷനും ലൈസൻസിങ്ങും നിർബന്ധമാകും.
ഖത്തറിലെ മുഴുവൻ ആരോഗ്യ പ്രാക്ടീഷനർമാരുടെയും ജോലികൾ നിയന്ത്രിക്കുന്നതിനും നിയമവിധേയമാക്കുന്നതിനുമുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നടപടി. പല രാജ്യങ്ങളിലും ബാധകമായ നയങ്ങൾക്കും ചട്ടങ്ങൾക്കും കൂടാതെ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഉൾപ്പെടുന്ന നഴ്സിങ് റെഗുലേറ്ററി സ്ഥാപനങ്ങൾക്കും അനുസൃതമായാണ് പുതിയ നയം പ്രഖ്യാപിച്ചിരിക്കുന്നത്.
ലൈസൻസുള്ളവരും ഏതെങ്കിലും ആരോഗ്യ കേന്ദ്രത്തിൽ ജോലിചെയ്യാത്തവരുമായ എന്നാൽ, രോഗിയോ കുടുംബമോ സ്പോൺസർ ചെയ്യുന്ന നഴ്സിങ് സ്റ്റാഫിനെ ആരോഗ്യമന്ത്രാലയം മുഖേന രജിസ്ട്രേഷനും ലൈസൻസിങ്ങിനും അപേക്ഷിക്കാൻ പുതിയ നയം അനുവദിക്കുന്നു.
ഫലപ്രദവും സുരക്ഷിതവുമായ ആരോഗ്യസേവനം നൽകിക്കൊണ്ട് ഖത്തറിൽ സംയോജിത ആരോഗ്യ പരിരക്ഷ വർധിപ്പിക്കുന്നതിന് ഹോം നഴ്സിങ് സേവനങ്ങളെ നിയന്ത്രിക്കുന്ന പുതിയ നയം സഹായിക്കുന്നുവെന്ന് മന്ത്രാലയത്തിലെ ഹെൽത്ത് കെയർ പ്രഫഷൻ വകുപ്പ് മേധാവി ഡോ. സഅദ് അൽ കഅ്ബി പറഞ്ഞു.
രോഗിക്ക് ആവശ്യമായ ആരോഗ്യപരിചരണം തുടർന്നും വീട്ടിൽതന്നെ തുടരാനുള്ള ഓപ്ഷൻ നൽകുന്നതാണ് പുതിയ നയമെന്നും ആരോഗ്യകരമായ ജീവിതശൈലി വീണ്ടെടുക്കുന്നതിനും നിലനിർത്തുന്നതിനും പ്രായമായവർക്ക് മാനസിക പിന്തുണ നൽകുന്നതിനും ഈ ബദൽ ഏറെ പ്രയോജനപ്പെടുമെന്നും അൽ കഅ്ബി കൂട്ടിച്ചേർത്തു.
ഹോം നഴ്സ് എന്ന നിലയിൽ തൊഴിൽ ചെയ്യുന്നതിന് ലൈസൻസ് അനുവദിക്കുന്നതിന് അപേക്ഷകന് നഴ്സിങ്ങിൽ അസോസിയേറ്റ് ബിരുദം (എ.ഡി.എൻ), അല്ലെങ്കിൽ ടെക്നിക്കൽ സെക്കൻഡറി നഴ്സിങ് സ്കൂളുകളുടെ ഡിപ്ലോമ അല്ലെങ്കിൽ ഇതിനായുള്ള മറ്റേതെങ്കിലും ദേശീയ അംഗീകൃത കോഴ്സ് പോലുള്ള നഴ്സിങ് ഇന്റർമീഡിയറ്റ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. നഴ്സിങ്ങിൽ ബിരുദധാരികളായ കേഡർമാർക്ക് ഹോം നഴ്സിങ്ങിന് താൽപര്യമുണ്ടെങ്കിൽ പരിശീലനത്തിന്റെ പ്രതിബദ്ധത പ്രകടമാക്കിക്കൊണ്ടുള്ള ലൈസൻസ് നൽകാം.
ഈ വിഭാഗത്തിലെ നഴ്സിങ് സ്റ്റാഫിന്റെ ജോലി രോഗിക്കും കുടുംബത്തിനും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ ആരോഗ്യ സ്ഥാപനവുമായി ബന്ധമില്ലാത്ത കേഡർമാർക്ക് രോഗിയുടെ പേര് സഹിതം തൊഴിൽ ചെയ്യാനുള്ള ലൈസൻസ് നൽകുമെന്ന് സഅദ് അൽ കഅ്ബി പറഞ്ഞു. മന്ത്രാലയം പ്രഖ്യാപിച്ച പുതിയ നയം ഹോം നഴ്സ് പ്രാക്ടീസിങ്ങിന്റെ തലങ്ങളും വ്യക്തമാക്കുന്നുണ്ട്. രോഗിയെ ചികിത്സിക്കുന്ന ഡോക്ടർമാരുടെ നിർദേശങ്ങളിലെ ഫോളോഅപ്, അവർ നിശ്ചയിച്ച ചികിത്സാപദ്ധതി പിന്തുടരുക, ആരോഗ്യമന്ത്രാലയത്തിലെ ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിച്ച നിയമങ്ങളും നയങ്ങളും നിർദേശങ്ങളും പാലിക്കുക എന്നിവയാണവ.
ഖത്തർ സമൂഹത്തിന്റെ ആരോഗ്യ സൂചകങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ദീർഘകാല പരിചരണം, ഹോം കെയർ തുടങ്ങിയ പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നതിനും പുറമേ, രാജ്യത്തെ ജനസംഖ്യയുടെ ശരാശരി പ്രായത്തിലുള്ള വർധനവിന്റെ ഫലമായി ആരോഗ്യ മേഖലയിൽ അടുത്തിടെ ഹോം നഴ്സ് സേവനങ്ങളുടെ ആവശ്യകതയിൽ വർധനവുണ്ടായിട്ടുണ്ട്.
ഡോക്ടർമാർ, നഴ്സുമാർ, പേഷ്യന്റ് കെയർ അസിസ്റ്റന്റുമാർ എന്നിവരുൾപ്പെടുന്ന മൾട്ടി കെയർ ഡിസിപ്ലിനറി ടീമുകൾ മുഖേന വയോജനങ്ങൾക്കായി ആവശ്യമായ ക്ലിനിക്കൽ പരിശോധനകൾ നടത്തുന്നതിനും രോഗീപരിചരണ പദ്ധതികൾ അവലോകനം ചെയ്യുന്നതിനും നിരവധി ഹോം കെയർ സേവനങ്ങൾ ആരോഗ്യമേഖല നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.