ഒളിമ്പിക്സിൽ മെഡൽ പ്രതീക്ഷ
text_fieldsദോഹ: ഒളിമ്പിക്സിൽ ഖത്തറിന്റെ മെഡൽ പ്രതീക്ഷകൾ സജീവമാക്കി ബീച്ച് വോളി സഖ്യം സെമിയിൽ. ടോക്യോയിൽ വെങ്കലം നേടിയ ശരീഫ് യൂനുസ്- അഹ്മദ് തിജാൻ സഖ്യത്തിന് ഒരു ജയം അകലെ കാത്തിരിക്കുന്നത് വെള്ളി മെഡൽ. ഫൈനൽ കടമ്പകൂടി കടന്നാൽ ഖത്തറിന് സ്വർണത്തിളക്കവുമായി.
ബുധനാഴ്ച രാത്രിയിൽ നടന്ന ക്വാർട്ടർ ഫൈനലിൽ അമേരിക്കയുടെ മിലസ് പാർട്ടൻ, ആൻഡ്ര്യൂ ബെനഷ് സഖ്യത്തെ 39 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തിൽ മറുപടിയില്ലാത്ത രണ്ട് സെറ്റുകൾക്കാണ് ഖത്തർ സഖ്യം വീഴ്ത്തിയത്. സ്കോർ 21-14, 21-16. ഉയരവും കൈക്കരുത്തും ആയുധമാക്കി എതിരാളിക്കുമേൽ സർവാധിപത്യം സ്ഥാപിച്ച ശരീഫ് -തിജാൻ കൂട്ട് മത്സരത്തിൽ ഒരിക്കൽപോലും പരിഭ്രമിച്ചില്ല.
പാരിസിൽ തുടർച്ചയായ അഞ്ചാം ജയവുമായാണ് ഖത്തർ ടീം സെമിയിലേക്ക് മുന്നേറുന്നത്. വ്യാഴാഴ്ച രാത്രിയിലെ സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ സ്വീഡന്റെ ഡേവിഡ് അഹ്മാൻ -ജൊനാഥൻ ഹെൽവിഗ് സഖ്യമാണ് എതിരാളി. നേരത്തേ ഗ്രൂപ് റൗണ്ടിലും ഇവർക്കെതിരെ ഖത്തർ സഖ്യം വിജയിച്ചിരുന്നു.
ഈഫൽ ടവർ കോർട്ടിലെ മത്സരത്തിൽ ദേശീയ പതാകയുമായി നിറഞ്ഞ മറൂൺ ഗാലറിയുടെ പിന്തുണയാണ് ഖത്തറിന്റെ കരുത്ത്. ഒന്നാം സെമിയിൽ ജർമനിക്ക് നോർവെയാണ് എതിരാളി. ശനിയാഴ്ചയാണ് ഫൈനൽ മത്സരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.