എക്സ്പോ: എല്ലാം സെറ്റ് -അൽ ഖൗരി
text_fieldsദോഹ: ഖത്തർ ആതിഥ്യംവഹിക്കുന്ന സുപ്രധാന അന്താരാഷ്ട്ര പരിപാടിയായ ദോഹ ഹോർട്ടികൾചറൽ എക്സ്പോയുടെ നിർമാണപ്രവർത്തനങ്ങളെല്ലാം പൂർത്തിയായതായി എക്സ്പോ 2023 സെക്രട്ടറി ജനറൽ എഞ്ചി. മുഹമ്മദ് അലി അൽഖൗരി. ഉദ്ഘാടനത്തിന് ഒരു മാസം മുമ്പേ സന്ദർശകരെ സ്വീകരിക്കാൻ എക്സ്പോ നഗരി സജ്ജമാവുമെന്നും ഖത്തർ ന്യൂസ് ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വിശദീകരിച്ചു.
ഖത്തറിന്റെ ഏറ്റവും അനുകൂലമായ കാലാവസ്ഥയുള്ള മാസങ്ങളായ ഡിസംബർ, ജനുവരി, ഫെബ്രുവരി കാലയളവിലായിരിക്കും എക്സ്പോയുടെ ഏറ്റവും ഉയർന്ന ഘട്ടം. എക്സ്പോയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മൂന്ന് ദശലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.
മരുഭൂവൽക്കരണം കുറക്കുകയും ഹരിതപ്രദേശങ്ങളും കൃഷിഭൂമികളും വർധിപ്പിക്കുകയും ഗൾഫിലെ പരിമിതമായ ജലസ്രോതസ്സുകൾ നിലനിർത്തുകയും ചെയ്യുന്ന എല്ലാ ആഗോള സാങ്കേതിക വിദ്യകളും ആകർഷിക്കാനാണ് ഖത്തർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി’ എന്ന പ്രമേയത്തിൽ മരുഭൂരാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരവും കാർഷിക, ഹരിത വികസന പദ്ധതികൾ നിർദേശിക്കുകയും എക്സ്പോയുടെ പ്രധാന ലക്ഷ്യമാണ്. 80 രാജ്യങ്ങളുടെ പവിലിയനുകളാണ് ദോഹ എക്സ്പോയിൽ ഉയരുന്നത്. ഖത്തറിലും മിനാ മേഖലയിലുമായി നടക്കുന്ന ആദ്യത്തെ എ-വൺ ഇന്റർനാഷനൽ ഹോർട്ടികൾചറൽ എക്സിബിഷൻ എന്നാണ് ദോഹ എക്സ്പോ 2023നെ വിശേഷിപ്പിക്കുന്നത്.
17 ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിൽ ഇന്റർനാഷനൽ സോൺ, ഫാമിലി സോൺ, കൾചറൽ സോൺ എന്നിങ്ങനെ മൂന്നായി വിഭജിച്ചാണ് വേദി തയാറാക്കിയിരിക്കുന്നത്. കൂടാതെ ആധുനിക കൃഷിരീതികൾ, സാങ്കേതികവിദ്യ, കാർഷികരംഗത്തെ നൂതനാശയങ്ങൾ, പരിസ്ഥിതി അവബോധം, സുസ്ഥിരത എന്നിവക്കായി പ്രത്യേക മേഖലകളും സജ്ജമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.