മുറികളെണ്ണം കൂടുന്നു; ഹോട്ടൽ വിപണിക്ക് നല്ലകാലം
text_fieldsദോഹ: ലോകകപ്പ് ഫുട്ബാളും ലോകത്തെ ഏറ്റവും വലിയ ജനമഹാ സംഗമവും അവസാനിച്ചുവെങ്കിലും ഖത്തറിലെ ഹോട്ടൽ മേഖല വളർച്ചയുടെ പാതയിൽതന്നെ. പുതിയ ഹോട്ടലുകളും മറ്റും ഉയരുന്ന സാഹചര്യത്തിൽ ഹോട്ടല്‍ മേഖലയില്‍ വര്‍ഷാവസാനത്തോടെ മുറികളുടെ എണ്ണം 40,000 കവിയുമെന്ന് റിയൽ എസ്റ്റേറ്റ് മാർക്കറ്റ് വ്യൂ റിപ്പോർട്ട്. കഴിഞ്ഞ 18 മാസത്തിനിടെ 8,000 മുറികള്‍ കൂടി ലഭ്യമാക്കിയതോടെ മൊത്തം മുറികളുടെ എണ്ണം 38,000 ആയി ഉയർന്നതായും പറയുന്നു.
ഈ വര്‍ഷം അവസാനത്തോടെ ഇത് 40,000 കവിയുമെന്നാണ് ആഗോള റിയല്‍ എസ്റ്റേറ്റ് അഡ്വൈസര്‍ സ്ഥാപനമായ കുഷ്മാന്‍ ആന്‍ഡ് വേക്ക്ഫീല്‍ഡിന്റെ മാര്‍ക്കറ്റ് റിവ്യൂവില്‍ പറയുന്നത്. സന്ദർശകരുടെ വരവും വിവിധ അന്താരാഷ്ട്ര മേളകളുടെ സാന്നിധ്യവും ഫെസ്റ്റിവൽ സീസണുകളുമെല്ലാം ഹോട്ടൽ മേഖലയിലെ ആവശ്യക്കാരുടെ എണ്ണം വർധിപ്പിച്ചതായി റിപ്പോർട്ടിൽ വിശദീകരിക്കുന്നു. ദോഹ എക്സ്പോയും അന്താരാഷ്ട്ര കായികമേളകളും പ്രദർശനങ്ങളും എത്തുന്നതോടെ സന്ദർശക തിരക്ക് കൂടുതലായി വരും. ഇതുകൂടി ഉപയോഗപ്പെടുത്താൻ വരും മാസങ്ങളില്‍ പേള്‍ ഖത്തറിലും വെസ്റ്റ് ബേയിലും കൂടുതല്‍ റിസോര്‍ട്ടുകളും ഹോട്ടലുകളും പ്രവര്‍ത്തനസജ്ജമാകുകയും ചെയ്യുന്നതോടെ മുറികളുടെ എണ്ണം 40,000 കവിയുമെന്ന് വ്യക്തമാക്കുന്നു.
അതേസമയം ഖത്തറിന്റെ ആതിഥേയ മേഖല വരുംവര്‍ഷങ്ങളില്‍ കാര്യമായ വെല്ലുവിളി നേരിടുമെന്നും സൂചിപ്പിക്കുന്നു. ഫിഫ ലോകകപ്പ് ആതിഥേയത്വത്തിന് ശേഷം ഹയ്യാ എൻട്രി ലളിതമാക്കിയത് സന്ദര്‍ശക വരവ് വർധിപ്പിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധികളില്‍നിന്നുള്ള തിരിച്ചുവരവിനും പ്രകടനം മെച്ചപ്പെടുത്താനുമുള്ള വര്‍ഷമായാണ് 2023നെ ആഗോള ടൂറിസം മേഖല കാണുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ മേയ് വരെ 17.5 ലക്ഷമാണ് രാജ്യത്തെത്തിയ സന്ദര്‍ശകരുടെ എണ്ണം. 2022ലെ സമാന കാലയളവിനേക്കാള്‍ 206 ശതമാനമാണ് വര്‍ധന. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍നിന്നു മാത്രം ആദ്യ അഞ്ചു മാസം ദോഹയിലേക്ക് എത്തിയത് 6,85,000 പേരാണ്. ഏപ്രില്‍, മേയ് മാസങ്ങളിലെ ഒക്കുപ്പന്‍സി നിരക്കിലും വര്‍ധനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.