തണുപ്പിൽ ആശ്വാസവുമായി ഖത്തർ ചാരിറ്റി
text_fieldsദോഹ: വീണ്ടും തണുപ്പുകാലമെത്തുന്നതിനിടെ ലോകമെങ്ങുമുള്ള ദുരിതബാധിതരെ ആശ്വാസത്തോടെ കൂട്ടിപ്പിടിക്കാൻ ഖത്തർ ചാരിറ്റിയുടെ ശൈത്യകാല കാമ്പയിന് തുടക്കം. ‘ഹൗ ലോങ്’ എന്ന പേരിൽ നടക്കുന്ന കാമ്പയിനിലൂടെ 72 ദശലക്ഷം ഖത്തർ റിയാലിന്റെ (150 കോടിയിലേറെ രൂപ) ദുരിതാശ്വാസ പ്രവർത്തനങ്ങൾ 25ഓളം രാജ്യങ്ങളിലെത്തിക്കാനാണ് പദ്ധതി. ഇസ്രായേലിന്റെ യുദ്ധത്തെത്തുടർന്ന് തുല്യതയില്ലാത്ത ദുരിതം നേരിടുന്ന ഫലസ്തീൻ, ലബനാൻ, ഒപ്പം ആഭ്യന്തരയുദ്ധം സങ്കീർണമാക്കിയ സുഡാൻ, യമൻ, വടക്കൻ സിറിയ ഉൾപ്പെടെ രാജ്യങ്ങളിലേക്ക് വിവിധങ്ങളായ ദുരിതാശ്വാസ സഹായങ്ങൾ ഖത്തർ ചാരിറ്റി നേതൃത്വത്തിലെത്തിക്കും. യുദ്ധവും ആഭ്യന്തര സംഘര്‍ഷങ്ങളും പ്രകൃതി ദുരന്തങ്ങളും കൊണ്ട് പ്രതിസന്ധിയിലായ മനുഷ്യരിലേക്കാണ് ഖത്തര്‍ ചാരിറ്റിയുടെ കാരുണ്യത്തിന്റെ കൈകള്‍ നീളുന്നത്.
വീടും, താമസ സൗകര്യങ്ങളും നഷ്ടമായി, അഭയാർഥി ക്യാമ്പുകളിലും മറ്റും ജീവിക്കുന്നവർക്ക് അതികഠിനമായ തണുപ്പ് എത്തുന്നതോടെ ദുരിതം ഇരട്ടിക്കാറുണ്ട്. ഇതിന് പരിഹാരം കാണുകയാണ് ലക്ഷ്യം. ഖത്തറില്‍ ഉള്‍പ്പെടെ 25 രാജ്യങ്ങളിലേക്കാണ് ‘ഹൗ ലോങ്’ കാമ്പയിന് വഴി സഹായമെത്തിക്കുന്നത്.
ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍, ജോർഡൻ, ബോസ്നിയ-ഹെർസഗോവിന, സോമാലിയ, യമൻ, അഫ്ഗാനിസ്താൻ, അൽബേനിയ, പാകിസ്താൻ, തുർക്കിയ, നൈജർ, ചാഡ്, തുനീഷ്യ, കിർഗിസ്താൻ, കൊസോവോ, ബെനിൻ, ബുർകിന ഫാസോ, ജിബൂട്ടി, ഘാന, കശ്മീർ, മാലി തുടങ്ങിയ മേഖലകളിലേക്കും സഹായമെത്തിക്കും. ഭക്ഷണത്തിനും അവശ്യവസ്തുക്കള്‍ക്കും പുറമെ തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾ, കമ്പിളി, ഷെൽട്ടറുകൾ തുടങ്ങിയവയും കാമ്പയിനിന്റെ ഭാഗമായി നല്‍കും. 16 രാജ്യങ്ങളിലുള്ള അനാഥര്‍ക്കും ‘ഹൗ ലോങ്’ കാമ്പയിന് തുണയാകും. ഖത്തറില്‍ സാധാരണക്കാരായ തൊഴിലാളികളിലേക്കാണ് വിന്റര്‍ കാമ്പയിനിന്റെ സഹായമെത്തുക.
അതിനിടെ, യമനിലെ അനാഥരുൾപ്പെടെ ദുരിതബാധിതർക്ക് ശൈത്യകാല സഹായവിതരണങ്ങൾ ഖത്തർ ചാരിറ്റി നേതൃത്വത്തിൽ ആരംഭിച്ചു. 1600ൽ ഏറെ കുടുംബങ്ങളിലെ 11,300 ഓളം പേരിലേക്കാണ് വസ്ത്രങ്ങളും, ഷെൽട്ടർ കിറ്റുകളും വിതരണം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.