ഉപരോധത്തെ ഖത്തർ അതിജയിച്ച വിധം
text_fieldsഅങ്ങനെ ഖത്തർ അതിജയിച്ചു, സ്വന്തം കാലില്‍ എങ്ങനെ നിൽക്കാമെന്നതിെൻറ മഹത്തായ പാഠങ്ങൾ ലോകത്തിന് സമ്മാനിച്ചുകൊണ്ട്. 2017 ജൂണ്‍ അഞ്ചിന് അയല്‍രാജ്യങ്ങള്‍ അന്യായമായി അടിച്ചേല്പിച്ച കര, നാവിക, വ്യോമ ഉപരോധത്തിന് മൂന്നര വർഷത്തിനുശേഷം തിരശ്ശീല വീഴുമ്പോള്‍ ആശ്വാസത്തിെൻറയും പ്രതീക്ഷയുടെയും തിരതള്ളലിലാണ് രാജ്യം.
ഖത്തറിനെ സംബന്ധിച്ചിടത്തോളം രാജ്യമുണ്ടായ ശേഷം ഇതുവരെ ദർശിച്ചിട്ടില്ലാത്ത വലിയൊരു പ്രതിസന്ധിയാണ് ഇതോടെ ഒഴിവാകുന്നത്. എന്നാല്‍, ഏതു പ്രതിസന്ധിയിലും അവസരങ്ങള്‍ ഒളിഞ്ഞുകിടക്കുന്നുണ്ടെന്ന ആ പ്രകൃതിസത്യം ഈ രാജ്യത്തെ സംബന്ധിച്ചിടത്തോളം പരിപൂർണമായും യാഥാർഥ്യമായി പുലർന്നിരിക്കുന്നു. അതിലേറ്റവും മഹത്തായ പാഠം സ്വന്തം കാലിൽ നിൽക്കാനുള്ള ഒരവസരം ഈ നാടിന് ലഭിച്ചു എന്നതാണ്. ഭക്ഷ്യവസ്തുക്കൾക്കും മറ്റ് അവശ്യസാധനങ്ങൾക്കും അയൽരാജ്യങ്ങളെ ഒട്ടൊക്കെ പൂർണമായും ആശ്രയിച്ചുനിന്നിരുന്ന ഒരു കൊച്ചുരാജ്യം തികച്ചും അപ്രതീക്ഷിതമായി ഉപരോധവലയത്തിലകപ്പെട്ടപ്പോൾ, അതിനെ മറികടക്കാൻ കണ്ടെത്തിയ ഉപായങ്ങൾ ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. രാജ്യത്തിെൻറ പരമാധികാരംതന്നെ ചോദ്യമുനയിലാക്കിയ പതിമൂന്ന് ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഖത്തറിനെ വരുതിയിലാക്കാൻ ഉപരോധ രാജ്യങ്ങൾ ശ്രമിച്ചപ്പോൾ സംയമനത്തോടെയും ആസൂത്രണത്തോടെയും പ്രതികരിച്ചു എന്നതാണ് ഖത്തറിന് വേറിട്ടതാക്കുന്നത്.
പുതിയ വ്യാപാരപങ്കാളികളെയും ഇറക്കുമതിക്കാരെയും കണ്ടെത്തി എന്നതാണ് അതിൽ ഒന്നാമത്തേത്. തുർക്കിയും ഇറാനുമാണ് ഇതിൽ ഖത്തറിനെ ഏറെ സഹായിച്ചത്. ഉപരോധ രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയ വ്യോമയാന പാതക്കും സമുദ്രപാതക്കും പകരം ഇറാൻ തങ്ങളുടെ പാതകൾ ഖത്തറിന് തുറന്നുകൊടുത്തു. തുർക്കിയിൽനിന്ന് ഭക്ഷ്യസാധനങ്ങൾ എത്തിക്കാൻ ഇറാൻ വഴി പ്രത്യേക വ്യോമപാതതന്നെ തുർക്കിക്കും ഖത്തറിനുമിടയിൽ ഉണ്ടായി. 444 ദശലക്ഷം ഡോളർ ചെലവിൽ അഞ്ചു ലക്ഷത്തി മുപ്പതിനായിരം സ്ക്വയർ മീറ്റർ ഏരിയ ഉൾക്കൊള്ളുന്ന ഒരു വലിയ ഭക്ഷ്യ ശേഖരണസംസ്കരണ സംവിധാനം ഹമദ് തുറമുഖത്തിനോടു ചേർന്ന് നിർമിച്ചു.
ദേശീയ ഭക്ഷ്യ സുരക്ഷാ പരിപാടിയുടെ ഭാഗമായി 2024ഓടെ 70 ശതമാനം ഭക്ഷ്യവസ്തുക്കളും ഖത്തറിൽതന്നെ ഉൽപാദിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു. വ്യാപാരം, പ്രതിരോധം, സുരക്ഷ, വ്യോമയാനം എന്നീ മേഖലകളിൽ വിവിധ രാജ്യങ്ങളുമായി കരാറുകൾ ഉണ്ടാക്കി. ഒമാനും കുവൈത്തും ഇതിൽ ഖത്തറിനെ ധാരാളം സഹായിച്ചു. വെറും 150 സൈനികർ മാത്രമുണ്ടായിരുന്ന തുർക്കി അയ്യായിരം സൈനികരെ ഖത്തറിലേക്ക് അയച്ചുകൊണ്ട് പ്രതിരോധരംഗം ശക്തിപ്പെടുത്തി. ഉപരോധം അവസാനിക്കുമ്പോൾ കഴിഞ്ഞ കാലത്ത് ഖത്തർ നേടിയ നേട്ടങ്ങൾ ഭാവിയിലെ ശക്തിയായി നിലകൊള്ളാൻ ഈ രാജ്യത്തെ സഹായിക്കും. സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാനും തങ്ങളുടെ പരമാധികാരം ആരുടെ മുന്നിലും അടിയറവ് വെക്കാതിരിക്കാനും സാധിക്കുക എന്നത് ഇതിൽ വളരെ പ്രധാനമാണ്.
സന്തുലിത വിദേശനയംഖത്തർ പിന്തുടരും
സന്തുലിതമായ ഒരു വിദേശനയം പിന്തുടർന്നുകൊണ്ട് മേഖലയിലെ എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധം പുലർത്തുക എന്നതുതന്നെയായിരിക്കും ഖത്തറിെൻറ ഭാവിയിലുമുള്ള നയം. അമേരിക്കയിൽ ജോ ബൈഡൻ പ്രസിഡൻറ് സ്ഥാനം ഏറ്റെടുക്കുന്നതോടെ അമേരിക്കയുടെ ഇറാനോടുള്ള നയത്തിൽ കാതലായ മാറ്റം പ്രതീക്ഷിക്കപ്പെടുന്നില്ലെങ്കിലും പ്രായോഗികമായി ബൈഡൻ അൽപംകൂടി മെച്ചപ്പെട്ട ഇറാൻ നയം രൂപവത്കരിക്കുമെന്നാണ് കരുതുന്നത്.
അതിനാൽതന്നെ ഖത്തറിന് ഇറാൻ ബന്ധം പരിക്കില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കും. പ്രത്യേകിച്ചും 2015ലെ ആണവ കരാർ വീണ്ടും പ്രയോഗത്തിൽ കൊണ്ടുവരുമെന്ന് ബൈഡൻ പ്രഖ്യാപിച്ചത് ആശ്വാസത്തിന് വക നല്‍കുന്നതാണ്. അതിനിടയിൽ ട്രംപിെൻറ ആശീർവാദത്തോടെ ഇസ്രായേല്‍ നടത്തുന്ന അപകടകരമായ കളികൾ മേഖലയിലെ രാഷ്ട്രീയ കാലാവസ്ഥയെ വഷളാക്കുന്നില്ലെങ്കിൽ ഇനിയും അസ്വസ്ഥതകളില്ലാതെ പശ്ചിമേഷ്യക്ക് മുന്നോട്ടുപോകാനാകും.
എല്ലാ കക്ഷികളുമായും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന ഖത്തറിനാകട്ടെ ഈ വിഷയങ്ങളിലൊക്കെ ഇനിയും ക്രിയാത്മകമായി ഇടപെടാനും സംഘർഷരഹിതമായി മേഖലയെ മാറ്റുന്നതിന് സംഭാവനകള്‍ അർപ്പിക്കാനും സാധിക്കും.
പശ്ചിമേഷ്യയും ശാക്തിക സന്തുലനവും
പശ്ചിമേഷ്യയെ സംബന്ധിച്ചിടത്തോളം ഖത്തർ ഉപരോധം അവസാനിക്കുന്നത് മേഖലയിലെ ശാക്തിക സന്തുലനത്തെ എങ്ങനെ ബാധിക്കും എന്നത് നിരീക്ഷകർ പ്രാധാന്യത്തോടെ നോക്കിക്കാണുന്നു. ഇറാനെതിരെ രൂപപ്പെടുന്ന സഖ്യത്തിൽ ഖത്തർ ഉണ്ടാകുമോയെന്നതാണ് ഏവരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ആപത്തുകാലത്ത് കൂടെ നിന്നവരെ നിരാകരിക്കാനോ അകറ്റിനിർത്താനോ ഖത്തർ തയാറാകില്ലെന്നു മാത്രമല്ല, മേഖലയിലെ പ്രശ്നങ്ങളിൽ ക്രിയാത്മകമായ മൂന്നാം കക്ഷിയുടെ പങ്ക് വഹിക്കാനും ബന്ധങ്ങളില്‍ മഞ്ഞുരുക്കത്തിന് സഹായിക്കാനും ഖത്തറിനാകും.
അതേസമയം, ഇറാൻ ഔദ്യോഗികമായിത്തന്നെ ഖത്തർ ഉപരോധം അവസാനിക്കുന്നതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. ഖത്തറുമായുള്ള തങ്ങളുടെ ബന്ധത്തെ ഒരർഥത്തിലും ഇത് നിഷേധാത്മകമായി ബാധിക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് നേരത്തേ തന്നെ പ്രസ്താവിച്ചിട്ടുണ്ട്. ഈ അനുരഞ്ജനം, മേഖലയുടെ സ്ഥിരതക്കും മുഴുവൻ ജനങ്ങളുടെയും രാഷ്ട്രീയവും സാമ്പത്തികവുമായ വളർച്ചക്കും അനുഗുണമാകുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.