ഖത്തർ ഫൗണ്ടേഷൻ യാഥാർഥ്യമായതെങ്ങനെ; മനസ്സു തുറന്ന് ശൈഖ മൗസ
text_fieldsദോഹ: 'അങ്ങനെ ഖത്തർ ഫൗണ്ടേഷനിലൂടെ രാജ്യത്തിെൻറ ഭാവി നിർമിക്കപ്പെടുകയായിരുന്നു...' ഒരു കാഴ്ചപ്പാടിൽനിന്ന് ഖത്തർ ഫൗണ്ടേഷൻ യാഥാർഥ്യമായത് സംബന്ധിച്ച് ചെയർപേഴ്സൻ ശൈഖ മൗസ ബിൻത് നാസർ അൽ മിസ്നദ് പറഞ്ഞവസാനിപ്പിച്ചത് ഇപ്രകാരമായിരുന്നു. ഖത്തർ ഫൗണ്ടേഷെൻറ 25ാം വാർഷികത്തോടനുബന്ധിച്ച് ഖത്തർ ടി.വിയിൽ നടന്ന പ്രത്യേക പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ. 1995ൽ അന്നത്തെ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ പൂർണ പിന്തുണയോടെ ഖത്തർ ഫൗണ്ടേഷൻ സ്ഥാപിതമായത് മുതൽ ഇന്ന് ഖത്തർ ഫൗണ്ടേഷെൻറ പ്രാധാന്യം വരെയുള്ള കാര്യങ്ങളും നാഴികക്കല്ലുകളും ശൈഖ മൗസ ബിൻത് നാസർ വിശദീകരിച്ചു. 26 വർഷം മുമ്പ് ഖത്തർ ഫൗണ്ടേഷൻ സ്ഥാപിക്കുന്നതിൽ മുന്നിൽ നടന്ന മുതിർന്ന വ്യക്തിത്വങ്ങളും ചർച്ചയിലുണ്ടായിരുന്നു. ഖത്തർ ഫൗണ്ടേഷൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികളും വെല്ലുവിളികളും ലക്ഷ്യങ്ങളും ഇക്കാലയളവു വരെയുള്ള പ്രധാന നാഴികക്കല്ലുകളും അവർ പറഞ്ഞുവെച്ചു. വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഖത്തർ ഫൗണ്ടേഷൻ പദ്ധതിയുടെ വേരുകൾ ഏറെ ആഴത്തിലാണ് സ്ഥിതി ചെയ്യുന്നത്. കടുത്ത വെല്ലുവിളികളും വഴിത്തിരിവുകളും ഉണ്ടായിരിക്കത്തന്നെ 25 വർഷം മുമ്പ് ഖത്തർ ഫൗണ്ടേഷൻ അതിെൻറ യാത്ര ആരംഭിക്കുകയായിരുന്നു -ശൈഖ മൗസ പറഞ്ഞു. 2005ൽ എജുക്കേഷൻ സിറ്റി ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചപ്പോൾ ഖത്തറിെൻറ ഭാവി എജുക്കേഷൻ സിറ്റിയിലായിരിക്കുമെന്നായിരുന്നു വാഗ്ദാനം നൽകിയിരുന്നത്.
അതെ, ഖത്തർ ഫൗണ്ടേഷൻ രാജ്യത്തിെൻറ ഭാവി നിർമിച്ചിരിക്കുന്നു -അവർ വികാരാധീനയായി. ഖത്തർ ഫൗണ്ടേഷെൻറ പദ്ധതികളിലോ കേന്ദ്രങ്ങളിലോ സംരംഭങ്ങളിലോ അത് പ്രത്യേക ഭൂപ്രദേശത്ത് മാത്രമായിരിക്കണമെന്ന് ഒരിക്കൽപോലും ചിന്തിച്ചിട്ടില്ല. ഖത്തർ ആസ്ഥാനമായി അറബ്-ഇസ്ലാമിക നവോഥാന പദ്ധതിയായാണ് ഞങ്ങൾ അവതരിപ്പിച്ചത്. അക്കാദമിക, ഗവേഷണ, സാമൂഹിക ലക്ഷ്യത്തിലൂന്നി അറബ് ലോകത്ത് സുസ്ഥിര വികസനവും പുരോഗതിയും ലക്ഷ്യംവെച്ചാണ് ഖത്തർ ഫൗണ്ടേഷൻ സ്ഥാപിച്ചത്. ഫൗണ്ടേഷനിലെ ഖത്തർ അക്കാദമിയാണ് ഇവിടെത്ത ആദ്യ സ്ഥാപനം. 1996ൽ ഖത്തർ അക്കാദമി പ്രവർത്തനമാരംഭിക്കുമ്പോൾ അതിന് രണ്ടു മാനങ്ങളാണുണ്ടായിരുന്നത്. കുട്ടികളുടെ വിദ്യാഭ്യാസത്തിൽ ആശങ്കയും ആകുലതകളുമുള്ള ഒരു മാതാവിെൻറ റോളാണതിന് ആദ്യം. രണ്ടാമത്തേത് അത് ദേശീയതലത്തിലായിരുന്നു. സമൂഹത്തിെൻറ വളർച്ചയിലും പുരോഗതിയിലും അത് പ്രതിഫലിച്ചിരിക്കുന്നു.
ആ സമയങ്ങളിൽ വിദ്യാഭ്യാസരംഗം ദേശീയതലത്തിൽ തന്നെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഉന്നത, ഗുണമേന്മയുള്ള വിദ്യാഭ്യാസ സംവിധാനത്തിലൂടെ ഇതിന് കാതലായ മാറ്റം വരുത്തേണ്ടിയിരുന്നു. അങ്ങനെയാണ് ഖത്തർ ഫൗണ്ടേഷനെന്ന ചിന്തയിലേക്കെത്തിയത്. ഖത്തർ അക്കാദമി വളർന്നെങ്കിലും ഉന്നത വിദ്യാഭ്യാസവും ശാസ്ത്രീയ ഗവേഷണങ്ങൾക്കുമായി ഖത്തർ ഫൗണ്ടേഷൻ കൂടുതൽ വികസിക്കേണ്ടതുണ്ടായിരുന്നു. കേവലം ഒരു സർവകലാശാല എന്നതായിരുന്നു ആദ്യം ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, നിരവധി സമൂഹങ്ങളുടെ പുരോഗതിയിൽ ഇങ്ങനെ ഒരു സർവകലാശാല എന്ന സങ്കൽപം എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന ചിന്തയിൽ നിന്നും അത് പിന്തിരിപ്പിച്ചു. അങ്ങനെയാണ് അന്താരാഷ്ട്ര സർവകലാശാലകളെ ഖത്തറിലേക്ക് ആകർഷിക്കുന്നതിനുള്ള പദ്ധതികൾ തയാറാക്കുന്നത്. ഒന്നിെൻറ ഒടുക്കം മറ്റൊന്നിെൻറ തുടക്കം എന്നാണല്ലോ. അന്താരാഷ്ട്ര സർവകലാശാലകളുമായുള്ള ചർച്ചകളിലും വിശകലനങ്ങളിലും ഏറെ വെല്ലുവിളിയായിരുന്നത് തങ്ങളുടെ വിദ്യാർഥികളുടെ അക്കാദമിക യോഗ്യതയായിരുന്നു. എന്നാൽ, ഖത്തറിലും അറബ് ലോകത്തെയും മാനവ വിഭവശേഷിയിൽ അശേഷം സംശയമില്ലാത്തതിൽ നല്ല ആത്മവിശ്വാസത്തിലായിരുന്നു. മികച്ച അവസരങ്ങളും കൃത്യമായ വിദ്യാഭ്യാസ പരിസ്ഥിതിയും മുന്നോട്ടു വെച്ചാൽ ഇവിടെയുള്ള യുവതലമുറ ഉയരങ്ങൾ കീഴടക്കുമെന്ന ഉറച്ച വിശ്വാസം, ഇന്ന് ലോകം നേരിൽ കണ്ടുകൊണ്ടിരിക്കുകയാണ്. ഖത്തർ ഫൗണ്ടേഷനിൽനിന്ന് ശാസ്ത്രജ്ഞന്മാരെയും ഗവേഷകരെയും നൂതന ആശയങ്ങൾ രൂപപ്പെടുത്തുന്നവരെയും സൃഷ്ടിച്ചെടുക്കുകയെന്നത് മറ്റൊരു വെല്ലുവിളിയായിരുന്നു. മനുഷ്യജീവിതം തുടരുന്നിടത്തോളം ശാസ്ത്രീയ ഗവേഷണങ്ങളും തുടരുമെന്നതാണ് ഇതിന് പ്രചോദിപ്പിച്ചത്. അറബ് മേഖലയും ലോകവും ഇന്ന് അതിനും സാക്ഷികളായിരിക്കുകയാണ്- ശൈഖ മൗസ വിശദീകരിച്ചു. ഖത്തർ ഫൗണ്ടേഷെൻറ സംസ്ഥാപനത്തിൽ മുഖ്യപങ്കുവഹിച്ച മുൻ സാമ്പത്തിക, ധനകാര്യ മന്ത്രി യൂസുഫ് ഹുസൈൻ കമാൽ, ഇബ്റാഹിം അൽ ഇബ്റാഹിം, ഡോ. ശൈഖ അബ്ദുല്ല അൽ മിസ്നദ്, ഡോ. സൈഫ് അൽ ഹാജിരി, എൻജിനീയർ അബ്ദുൽ റിദാ അബ്ദുറഹ്മാൻ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.