ദോഹ ആകാശം നിറക്കാൻ കൂറ്റൻ ബലൂണുകൾ വരുന്നു
text_fieldsദോഹ: ഒട്ടേറെ പുതുമകളുമായി നാലാമത് ഖത്തർ ബലൂൺ ഫെസ്റ്റിവൽ ഡിസംബർ ഏഴിന് കതാറ കൾചറൽ വില്ലേജിൽ ആരംഭിക്കും. 50ലധികം കൂറ്റൻ ബലൂണുകൾ ഖത്തർ ആകാശത്തെ വർണവിസ്മയങ്ങൾ നിറക്കുന്ന മേള ഖത്തർ ദേശീയദിനമായ ഡിസംബർ 18 വരെ നീളും. ബലൂൺ മേളയുടെ മുൻ പതിപ്പുകളെപ്പോലെ ഈ വർഷവും എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്കായി വൈവിധ്യമാർന്ന വിനോദ പരിപാടികളാണ് മേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്.
വ്യത്യസ്ത ആകൃതിയിലും നിറങ്ങളിലുമുള്ള 50ലധികം ഹോട്ട് എയർ ബലൂണുകളുടെ പ്രദർശനം, പ്രത്യേക ഫാമിലി ഏരിയ, കുട്ടികൾക്കുള്ള ഗെയിമുകൾ, രുചിവൈവിധ്യങ്ങളുടെ ഫുഡ് കോർട്ട്, അതിഥികൾക്കുള്ള വി.ഐ.പി മജ്ലിസ് എന്നിവ ഫെസ്റ്റിവലിന്റെ സവിശേഷതയാണ്.
ദോഹ മെട്രോ വഴി വേഗത്തിൽ എത്താൻ കഴിയുന്ന സ്ഥലം, സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിങ് ഏരിയ, ദോഹ സ്കൈലൈനിന്റെ മനോഹരമായ പനോരമിക് കാഴ്ച എന്നിവയാണ് ഇത്തവണ മേളക്കായി കതാറയെ തിരഞ്ഞെടുക്കാൻ കാരണമെന്ന് ഖത്തർ ബലൂൺ ഫെസ്റ്റിവൽ സംഘാടകരായ സേഫ് ൈഫ്ലറ്റ് സൊലൂഷൻസ് സി.ഇ.ഒ ഹസൻ അൽ മൂസവി പറഞ്ഞു.
ഖത്തർ ടൂറിസം സാംസ്കാരിക, സ്ട്രാറ്റജിക് പങ്കാളിയായ കതാറ നാലാമത് ബലൂൺ മേളക്ക് വേദിയാകുന്നത് സന്ദർശകർക്ക് വലിയ അവസരമാണ് വാഗ്ദാനം ചെയ്യുന്നതെന്ന് പബ്ലിക് റിലേഷൻസ് ആൻഡ് കമ്യൂണിക്കേഷൻസ് വിഭാഗം മേധാവി സാലിം അൽ മർരി പറഞ്ഞു.
കാറ്റിന്റെ ദിശക്കും കാലാവസ്ഥക്കും അനുസൃതമായി തലേദിവസം രാത്രി തീരുമാനിക്കുന്ന ഹോട്ട് എയർ ബലൂൺ ടേക് ഓഫ് സൂര്യോദയ സമയത്താണ് നടക്കുക. 50 ഹോട്ട് എയർ ബലൂണുകൾ ഒരേസമയം പറന്നുയരുന്നത് കാണാൻ ആഗ്രഹിക്കുന്നവർ ടേക് ഓഫ് ലൊക്കേഷൻ അറിയുന്നതിനായി ഫെസ്റ്റിവലിന്റെ സോഷ്യൽ മീഡിയ പേജുകൾ ഇടക്കിടെ സന്ദർശിക്കുക.
പൊതുജനങ്ങളെ കൂടുതൽ ആകർഷിക്കുന്നതിന് 1000 ഹോട്ട് എയർ ബലൂൺ റൈഡ് ടിക്കറ്റുകൾ 499 റിയാലിന് സബ്സിഡി നിരക്കിൽ സംഘാടകർ വാഗ്ദാനം ചെയ്യുന്നുണ്ട്. ടിക്കറ്റുകൾക്ക് asfary.com.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.