വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന
text_fieldsദോഹ: 2022 നവംബറിൽ ഖത്തറിലെത്തിയ സന്ദർശകരുടെ എണ്ണത്തിൽ 430.3 ശതമാനം വാർഷിക വർധനവ് രേഖപ്പെടുത്തി. 2022 ഒക്ടോബർ മാസത്തെ അപേക്ഷിച്ച് 229.5 ശതമാനത്തിന്റെ പ്രതിമാസ വർധനവും നവംബറിൽ രേഖപ്പെടുത്തിയതായി പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (പി.എസ്.എ) അറിയിച്ചു. ആകെ സന്ദർശകരുടെ എണ്ണത്തിൽ അമേരിക്കയിൽനിന്നാണ് ഖത്തറിലേക്ക് ഏറ്റവും കൂടുതൽ സന്ദർശകരെത്തിയിരിക്കുന്നത് -23 ശതമാനം. ജി.സി.സി രാജ്യങ്ങളിൽനിന്ന് 22 ശതമാനം സന്ദർശകരും ഇക്കാലയളവിൽ ഖത്തറിലെത്തി. ആകെ സന്ദർശകരിൽ 85 ശതമാനം പേരും വിമാനമാർഗമാണ് ഖത്തറിലെത്തിയത്.
ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം കുറഞ്ഞു
പി.എസ്.എ പുറത്തിറക്കിയ പ്രതിമാസ സ്ഥിതിവിവരക്കണക്കിന്റെ പുതിയ ലക്കത്തിൽ, ഗതാഗത നിയമലംഘനങ്ങളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2022 ഒക്ടോബറിനെ അപേക്ഷിച്ച് നിയമലംഘനങ്ങളിൽ 41.9 ശതമാനം കുറവും വാർഷികാടിസ്ഥാനത്തിൽ 40.8 ശതമാനം കുറവും രേഖപ്പെടുത്തി. ആകെയുള്ള നിയമലംഘനങ്ങളിൽ ഏറ്റവും കൂടുതൽ അമിതവേഗതയുമായി ബന്ധപ്പെട്ടാണ് -48.2 ശതമാനം. പുതിയ ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതിൽ 2022 ഒക്ടോബറിനെ അപേക്ഷിച്ച് നവംബറിൽ 71.9 ശതമാനവും മുൻ വർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 57.7 ശതമാനവും കുറവ് രേഖപ്പെടുത്തിയതായും പി.എസ്.എ അറിയിച്ചു.
866 വാഹനാപകട കേസുകൾ
നവംബറിൽ പുതുതായി രജിസ്റ്റർ ചെയ്യപ്പെട്ട വാഹനങ്ങളുടെ എണ്ണം 9423. മുൻ മാസത്തെ അപേക്ഷിച്ച് 22.8 ശതമാനം കുറവും വാർഷികാടിസ്ഥാനത്തിൽ 57.7 ശതമാനം വർധനവും ഈ വിഭാഗത്തിൽ രേഖപ്പെടുത്തി. 2022 നവംബറിൽ 866 വാഹനാപകട കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 92 ശതമാനവും നിസ്സാര പരിക്കുകളോടെയുള്ളതായിരുന്നു. ആറുശതമാനം അപകടങ്ങളിൽ ഗുരുതര പരിക്ക് രേഖപ്പെടുത്തി. ഇക്കാലയളവിൽ ആകെ 21 മരണങ്ങളാണ് രേഖപ്പെടുത്തിയത്. പ്രതിമാസ കണക്കുകളിൽ 1.6 ശതമാനം കുറവും വാർഷിക കണക്കുകളിൽ 21.3 ശതമാനം വർധനവും വാഹനാപകടങ്ങളുടെ കാര്യത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
നവംബറിൽ 2436 ജനനങ്ങൾ
2022 നവംബറിൽ 2436 ജനനങ്ങൾ രജിസ്റ്റർ ചെയ്തു. മുൻ മാസത്തെ അപേക്ഷിച്ച് ഖത്തരി തത്സമയ ജനനങ്ങളിൽ 5.8 ശതമാനം കുറവ് രേഖപ്പെടുത്തി. ഇതേ കാലയളവിൽ 226 മരണം രേഖപ്പെടുത്തി. മുൻ മാസത്തെ അപേക്ഷിച്ച് 2.3 ശതമാനം വർധനവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.