വെള്ളമൊഴുകാൻ കൂറ്റൻ തുരങ്കപാത
text_fieldsദോഹ: മലിനജലം ഉൾപ്പെടെ പുറന്തള്ളുന്ന വെള്ളം ശുദ്ധീകരണകേന്ദ്രത്തിലെത്തിക്കാനും ശുദ്ധീകരിക്കപ്പെട്ട വെള്ളം വിതരണം നടത്താനുമായി സജ്ജമാക്കുന്ന കൂറ്റൻ ഡ്രെയ്നേജ് ടണൽ നിർമാണത്തിന് തുടക്കംകുറിച്ചു. 13 കിലോമീറ്റർ ദൈർഘ്യത്തിലാണ് പൊതുമരാമത്ത് വിഭാഗമായ അശ്ഗാൽ നേതൃത്വത്തിൽ അൽ വക്റ, അൽ വുകൈർ മേഖലകളിലായി കൂറ്റൻ ഡ്രെയ്നേജ് തുരങ്കം നിർമിക്കുന്നത്.
ഡ്രെയ്നേജ് പാതയുടെ ആദ്യഘട്ട നിർമാണത്തിന് കഴിഞ്ഞ ദിവസം തുടക്കംകുറിച്ചതായി അധികൃതർ അറിയിച്ചു. സ്വകാര്യ-പൊതുമേഖല പങ്കാളിത്തത്തോടെയാണ് പദ്ധതി പൂർത്തിയാക്കുന്നത്. ടണൽ ബോറിങ് മെഷീൻ ഉപയോഗിച്ച് നടക്കുന്ന തുരങ്കത്തിന്റെ നിർമാണം അശ്ഗാൽ ഉന്നത സംഘം പരിശോധിച്ചു. ഡ്രെയ്നേജ് നെറ്റ്വർക് പ്രോജക്ട് വിഭാഗം മാനേജർ എൻജിനീയർ ഖാലിദ് സൈഫ് അൽ ഖയാറീന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനം പുരോഗമിക്കുന്നത്.
അൽവക്റ, അൽ വുകൈർ മേഖലകളിലെ ജലം ഒഴുകിപ്പോകാനും അവ ശുദ്ധീകരണ പ്ലാന്റിലെത്തിക്കാനുമുള്ള വൻ സജ്ജീകരണത്തോടെയാണ് രാജ്യത്തെ ഏറ്റവും വലിയ ഡ്രെയ്നേജ് ടണൽ നിർമിക്കുന്നത്. പ്രതിദിനം 150 ദശലക്ഷം ലിറ്റർ വെള്ളം ഒഴുകുന്ന വിധത്തിലാണ് ടണലിന്റെ ശേഷി. നിലവിലെയും ഭാവിയിലെയും പ്രദേശത്തെ ആവശ്യങ്ങൾകൂടി കണക്കിലെടുത്താണ് പദ്ധതി ആസൂത്രണം ചെയ്തത്.
4.5 മീറ്റർ വ്യാസവും 13.3 കി.മീ ആകെ നീളവുമുള്ള തുരങ്കം ഖത്തറിലെതന്നെ ഏറ്റവും വലിയ ഡ്രെയ്നേജ് ശൃംഖലയാണെന്ന് എൻജിനീയർ ഖാലിദ് സൈഫ് അൽ ഖയാറീൻ പറഞ്ഞു. 85.9 കോടി റിയാലാണ് പദ്ധതി ചെലവായി കണക്കാക്കുന്നത്. മേഖലയിലെ ഡ്രെയ്നേജുകളെ ബന്ധിപ്പിക്കുന്ന വിപുലമായ ശൃംഖലയും മലിനജലം ശുദ്ധീകരിച്ച ലൈനുകളും ഉൾപ്പെടെ 150 കോടി റിയാലിന്റെ പദ്ധതിയാണ് നടപ്പാക്കുന്നത്. 2024 രണ്ടാം പാദത്തോടെ നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം.
ഭൂമിക്കടിയിൽ 60 മീറ്റർ താഴെയായി തുരങ്കം പണിയാൻ ശേഷിയുള്ള രണ്ട് ടി.ബി.എം മെഷീനുകളാണ് നിർമാണത്തിനുപയോഗിക്കുന്നത്. ഖത്തറിന്റെ ഭൂമിശാസ്ത്ര പരമായ പ്രത്യേകതകൾകൂടി ഉൾക്കൊണ്ട് തയാറാക്കിയ ടി.ബി.എം മെഷീനുകളാണ് അശ്ഗാൽ ഉപയോഗിക്കുന്നത്.
തൊഴിലാളികൾക്കും യന്ത്രസംവിധാനങ്ങൾക്കും ഏറ്റവും മികച്ച സുരക്ഷയോടുകൂടിയാണ് ജോലി പുരോഗമിക്കുന്നത്. തുരങ്കനിർമാണ സമയത്ത് സമീപ പ്രദേശങ്ങളിലോ മറ്റോ ഒരു പ്രത്യാഘാതവും ഉണ്ടാവില്ല. ഭൗമോപരിതലത്തിൽനിന്ന് തുരങ്കത്തിലേക്ക് എട്ടു ഷാഫ്റ്റുകൾ ബന്ധിപ്പിക്കുന്ന രീതിയിലാണ് നിർമാണം. 50 മുതൽ 63 മീറ്റർ വരെ ആഴത്തിലാണ് ജലംകൊണ്ടുപോവുന്ന തുരങ്കങ്ങളുണ്ടാവുക. പരിശോധന നടത്താനും ഭാവിയിൽ അറ്റകുറ്റപ്പണികൾ നിർവഹിക്കാനും മുകൾഭാഗത്തെ ചെറു ഡ്രെയ്നേജ് സംവിധാനങ്ങളെ പ്രധാന ഡ്രെയ്നേജുമായി ബന്ധപ്പെടുത്താനുമെല്ലാം ഉപയോഗിക്കും.
അൽ വക്റ, വുകൈർ മേഖലകളിലേക്ക് ജനങ്ങളുടെ താമസം കൂടുന്നതും ഭാവിയിൽ പ്രധാന താമസകേന്ദ്രമായി മാറുന്നതും മുന്നിൽകണ്ടാണ് വൻ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
മലിനജല ശുദ്ധീകരണ പ്ലാന്റിൽനിന്നു സ്വീകരിക്കുന്ന വെള്ളം വിവിധ കേന്ദ്രങ്ങളിലെ വിതരണത്തിനായി 29 കി.മീ. നീളത്തിലാണ് മറ്റു പൈപ്പുകൾ സ്ഥാപിക്കുന്നത്.
29 കോടി റിയാലാണ് മതിപ്പുചെലവ്. 600 മില്ലി മീറ്റർ മുതൽ 1400 മില്ലി മീറ്റർ വരെ വ്യാസമുള്ള പൈപ്പുകൾ വഴിയായിരിക്കും ശുദ്ധീകരിക്കപ്പെട്ട വെള്ളം വിവിധോദ്ദേശ്യങ്ങൾക്കായി വുകൈർ, വക്റ മേഖലയിൽ വിതരണത്തിന് എത്തിക്കുന്നത്.
പ്രോജക്ടിന്റെ ഭാഗമായി 15 കി.മീ. ദൈർഘ്യത്തിൽ ഡ്രെയ്നേജ് നെറ്റ്വർക്ക് ബ്രാഞ്ചുകളും നിർമിക്കും. കമേഴ്സ്യൽ, ഇൻഡസ്ട്രിയൽ മേഖലകളെ പ്രധാന ടണലുമായി ബന്ധിപ്പിക്കുന്നതാവും ഈ നെറ്റ്വർക്ക്. 39 കോടി റിയാലാണ് മതിപ്പുചെലവ്. മൂന്നു ഭാഗങ്ങളും ഉൾപ്പെടെയാണ് 150 കോടി റിയാൽ ചെലവ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.