കസ്റ്റംസ് നിയമ നടപടികൾക്കായി ‘ഹുഖൂഖ്’ പ്ലാറ്റ്ഫോം
text_fieldsദോഹ: കസ്റ്റംസ് ജനറൽ അതോറിറ്റിക്ക് കീഴിലെ ജീവനക്കാർ, കസ്റ്റംസ് ക്ലിയറിങ് ഇടനിലക്കാർ എന്നിവരുടെ നിയമ നടപടിക്രമങ്ങൾ ഓട്ടോമേറ്റ് ചെയ്യാൻ രൂപകൽപന ചെയ്ത ഏകജാലക സംവിധാനം ‘ഹുഖൂഖ്’ പുറത്തിറക്കി. ജി.എ.സി ചെയർമാൻ അഹ്മദ് ബിൻ അബ്ദുല്ല അൽ ജമാലാണ് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
കസ്റ്റംസിലെ അഡ്മിനിസ്ട്രേറ്റിവ് നടപടിക്രമങ്ങളുടെയും പ്രവർത്തനങ്ങളുടെയും വേഗതയും ഗുണനിലവാരവും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ജി.എ.സിയുടെ നവീകരണ, വികസന സംരംഭങ്ങളുടെ ഭാഗമാണ് ഹുഖൂഖ്. നടപടിക്രമങ്ങൾ പൂർണമായും ഓട്ടോമേറ്റഡ് ആക്കുന്നതിലും നിയമ പ്രക്രിയകൾ രേഖകളാക്കുന്നതിലും ഹുഖൂഖ് പ്ലാറ്റ്ഫോം നിർണായകമായ നാഴികക്കല്ലാകുമെന്ന് ചടങ്ങിൽ ചെയർമാൻ അഹ്മദ് ബിൻ അബ്ദുല്ല അൽ ജമാൽ പറഞ്ഞു.
എല്ലാ കേസുകളിലും ജീവനക്കാരുടെ അവകാശങ്ങളും നീതിയും ഉറപ്പുവരുത്തുന്നതോടൊപ്പം അതോറിറ്റിക്കുള്ളിലെ ആഭ്യന്തര അന്വേഷണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഹുഖൂഖ് വലിയ മാറ്റം കൊണ്ടുവരുമെന്നും അൽ ജമാൽ പറഞ്ഞു. ഖത്തറിൽ ഇത്തരത്തിലുള്ള ആദ്യ നിയമ പ്ലാറ്റ്ഫോമാണ് ഹുഖൂഖെന്ന് ജി.എ.സി നിയമകാര്യ വകുപ്പ് മേധാവി അബ്ദുൽ അസീസ് അൽ തെറാദ് അൽ ഹെദാൽ ചൂണ്ടിക്കാട്ടി. അന്വേഷണങ്ങൾ, തുടർ നടപടികൾ, പരാതികളുടെ ഫയലിങ് തുടങ്ങിയവയുൾപ്പെടെയുള്ള നിയമനടപടികളുടെ പൂർണമായ ഡിജിറ്റൽവത്കരണം ഹുഖൂഖ് ഉറപ്പുനൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണപരമായ ലംഘനങ്ങളിലും അച്ചടക്ക നടപടികളിലും ഇലക്ട്രോണിക് അന്വേഷണങ്ങൾ നടത്തുക, ജീവനക്കാരുടെ നിയമലംഘനങ്ങൾക്ക് ഉചിതമായ പിഴ ശിപാർശ ചെയ്യുന്നതിന് നിർമിതബുദ്ധിയുടെ സഹായം, ജീവനക്കാർക്ക് അവരുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലെ ഇലക്ട്രോണിക് മുന്നറിയിപ്പുകൾ നൽകുക, പരാതികൾ സമർപ്പിക്കുന്നതിന് ജീവനക്കാർക്കുള്ള സേവനം, കസ്റ്റംസ് ഇടപാടുകാർക്ക് ചുമത്തിയ പിഴയുടെ ഇലക്ട്രോണിക് പേമെന്റ് സംവിധാനം എന്നിവയുൾപ്പെടെ നിരവധി സേവനങ്ങളാണ് ഹുഖൂഖ് വാഗ്ദാനം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.