മനുഷ്യക്കടത്ത്: ബോധവത്കരണവുമായി തൊഴിൽ മന്ത്രാലയം
text_fieldsദോഹ: മനുഷ്യക്കടത്തിനെതിരെ ബോധവത്കരണ കാമ്പയിനുമായി തൊഴിൽ മന്ത്രാലയം. ഹമദ് രാജ്യാന്തര വിമാനത്താവളം, ദേശീയ മനുഷ്യാവകാശ സമിതി എന്നിവരുമായി സഹകരിച്ചാണ് കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അധിക്ഷേപങ്ങളും നിയമലംഘനങ്ങളും റിപ്പോർട്ട് ചെയ്യുന്നതിന് പ്രത്യേക ഹോട്ട് ലൈൻ നമ്പറും തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.
മനുഷ്യക്കടത്തിനെതിരെ ബോധവത്കരണം എന്ന തൊഴിൽ മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. 2022ന്റെ തുടക്കത്തിൽതന്നെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കുന്നതിന് 16044 എന്ന നമ്പറിൽ ഹോട്ട് ലൈനും ht@mol.gov.qa എന്ന ഇ-മെയിൽ വിലാസവും ആരംഭിച്ചിരുന്നു.മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾ തടയുന്നതിലും സമൂഹത്തിൽ വ്യാപകമായ ബോധവത്കരണം നടത്തുന്നതിലും കാമ്പയിൻ വളരെ പ്രധാനപ്പെട്ടതാണെന്ന് കോമ്പാറ്റിങ് ഹ്യൂമൻ ട്രാഫിക്കിങ് ദേശീയ സമിതി സെക്രട്ടറിയും തൊഴിൽകാര്യ അസി. അണ്ടർ സെക്രട്ടറിയുമായ മുഹമ്മദ് ഹസൻ അൽ ഉബൈദലിയെ ഉദ്ധരിച്ച് ഖത്തർ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
മനുഷ്യക്കടത്ത് കുറ്റകൃത്യം തടയുന്നതിലും വ്യാപകമായ ബോധവത്കരണം നടത്തുന്നതിലും ഇത്തരം കാമ്പയിനുകൾക്ക് പ്രാധാന്യമേറെയാണെന്ന് ദേശീയ മനുഷ്യാവകാശ സമിതി സെക്രട്ടറി ജനറൽ സുൽത്താൻ ബിൻ ഹസൻ അൽ ജമാലി പറഞ്ഞു. അതേസമയം, യാത്രക്കാരുടെ സുരക്ഷ വിമാനത്താവളത്തിന്റെ മുൻഗണനയിൽ പെടുന്നതാണെന്നും തൊഴിൽ മന്ത്രാലയവുമായും മനുഷ്യാവകാശ സമിതിയുമായും സഹകരിച്ച് മനുഷ്യക്കടത്തിനെതിരായ ബോധവത്കരണത്തിലുണ്ടാകുമെന്നും ഹമദ് രാജ്യാന്തര വിമാനത്താവളം സുരക്ഷ വിഭാഗം വൈസ് പ്രസിഡൻറ് സഈദ് യൂസുഫ് അൽ സുലൈതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.