നൂറോളം രാജ്യങ്ങൾക്ക് തണലേകി ഖത്തർ
text_fieldsദോഹ: കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോകത്തിെൻറ വിവിധ ഭാഗങ്ങളിലായി നൂറോളം രാജ്യങ്ങൾക്ക് ഖത്തർ സഹായമെത്തിച്ചു.മഹാമാരി ആരംഭിച്ചത് മുതൽ ഇതുവരെയായി ഇത്രയും രാജ്യങ്ങൾക്ക് ഖത്തർ മെഡിക്കൽ, ഹ്യൂമാനിറ്റേറിയൻ മേഖലകളിലായി സഹായം എത്തിച്ചതായി ഗവൺമെൻറ് കമ്യൂണിക്കേഷൻസ് ഓഫിസ് (ജി.സി.ഒ) അറിയിച്ചു. രാജ്യത്തെ സർക്കാർ, സർക്കാറിതര സ്ഥാപനങ്ങളിൽ നിന്നായി 256 ദശലക്ഷം ഡോളറിെൻറ സഹായമാണ് ലഭിച്ചത്. ഇത് 88ഓളം രാജ്യങ്ങൾക്ക് വാഗ്ദാനം നൽകിയതായും ജി.സി.ഒ വ്യക്തമാക്കി.
കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ വിവിധ രാജ്യങ്ങൾക്ക് സഹായം ഉറപ്പാക്കിയതിനെ തുടർന്ന് ഐക്യരാഷ്ട്ര സഭ ഉൾപ്പെടുന്ന അന്താരാഷ്ട്ര സംഘടനകളും ലോകനേതാക്കളും വിവിധ സന്ദർഭങ്ങളിലായി ഖത്തറിന് നന്ദിയും പ്രശംസയുമർപ്പിച്ച് രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ വർഷം ഗ്ലോബൽ അലയൻസ് ഫോർ വാക്സിൻ ആൻഡ് ഇമ്യൂണൈസേഷനുവേണ്ടി ഖത്തർ 20 ദശലക്ഷം ഡോളർ വാഗ്ദാനം നൽകിയിരുന്നു. 2021 അവസാനത്തോടെ 1.3 ബില്യൺ വാക്സിൻ ഡോസുകൾ ഉൽപാദിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി ഗവി കോവാക്സ് അഡ്വാൻസ് മാർക്കറ്റ് കമ്മിറ്റ്മെൻറിന് പിന്തുണ നൽകുന്നതിന് ഖത്തർ ഡെവലപ്മെൻറ് ഫണ്ട് 10 ദശലക്ഷം ഡോളറും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ജി.സി.ഒ വിശദീകരിച്ചു.
വിവിധ രാജ്യങ്ങളിലേക്കായി 20 മില്യൺ വാക്സിനാണ് ഖത്തർ എയർവേസ് എത്തിച്ചത്. മുപ്പത് ലക്ഷം അഭയാർഥികൾക്ക് വാക്സിൻ നൽകുന്നതിനായി 100 മില്യൺ ഡോളർ സമാഹരിക്കുന്നതിനായി ഖത്തർ റെഡ്ക്രസൻറിെൻറ കീഴിൽ അന്താരാഷ്ട്ര ധനസമാഹരണ കാമ്പയിനും തുടങ്ങിയിട്ടുണ്ട്. ഈ വർഷം ഐക്യരാഷ്ട്ര സഭയുടെ വിവിധ സംഘടനകൾക്കായി ഖത്തർ ആകെ സംഭാവന നൽകുന്നത് 62.780 മില്യൺ ഡോളറാണ്. ഐക്യരാഷ്ട്ര സഭയുടെ വിവിധ ഏജൻസികൾക്കായാണ് ഇത്രയധികം തുക ഖത്തർ നൽകുന്നത്. ഭീകരവിരുദ്ധ ഓഫിസിന് 15 മില്യൺ ഡോളർ, മാനുഷിക പ്രവർത്തനങ്ങൾക്കായുള്ള ഓഫിസിന് 10 മില്യൺ ഡോളർ, യു.എൻ.ആർ.ഡബ്ല്യു.എക്ക് എട്ട് മില്യൺ ഡോളർ, അഭയാർഥികൾക്കായുള്ള യു.എൻ ഹൈകമീഷണർക്ക് എട്ട് മില്യൺ ഡോളർ, യു.എന്നിെൻറ വികസനപ്രവൃത്തികൾക്ക് അഞ്ച് മില്യൺ ഡോളർ എന്നിങ്ങനെയാണ് സഹായം.
യുനിസെഫിന് നാല് മില്യൺ, മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് ഒരു മില്യൺ, സെൻട്രൽ എമർജൻസി റെസ്പോൺസ് ഫണ്ടിന് ഒരു മില്യൺ, റസിഡൻറ് കോഒാഡിനേറ്റർ സംവിധാനത്തിനുള്ള ഫണ്ടിനായി ഒരു മില്യൺ, കുട്ടികൾക്കും സായുധ സംഘർഷങ്ങൾക്ക് ഇരയായവർക്കും സഹായം നൽകാനായി അഞ്ച് മില്യൺ, യു.എൻ സെക്രട്ടറി ജനറലിെൻറ, യുവാക്കൾക്കായുള്ള വിവിധ പ്രവർത്തനങ്ങൾക്ക് അഞ്ച് മില്യൺ തുടങ്ങിയ ഐക്യരാഷ്ട്ര സഭയുടെ വിവിധ അനുബന്ധ സംഘടനകൾക്കും പദ്ധതികൾക്കുമായാണ് ഖത്തറിെൻറ സഹായം ഇത്തരത്തിൽ എത്തുക. വിവിധ രാജ്യങ്ങളിലായുള്ള കോവിഡ് ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യർക്കായി ഈ തുക വിനിയോഗിക്കപ്പെടും.
ഐക്യരാഷ്ട്ര സഭയുടെ മൾട്ടി പാർട്ണർ ട്രസ്റ്റ് ഫണ്ടിലേക്ക് സംഭാവന നൽകുന്ന രാജ്യങ്ങളിൽ അറബ് രാജ്യങ്ങളിൽ ഒന്നാമത് ഖത്തറാണ്. ലോകതലത്തിൽ ആറാം സ്ഥാനവുമുണ്ട്. 1971ൽ ഖത്തർ ഐക്യരാഷ്ട്ര സഭയിൽ ചേർന്നതുമുതൽ ഖത്തറും യു.എന്നും തമ്മിൽ മികച്ച ബന്ധമാണ് നിലനിർത്തിപ്പോരുന്നത്.
വൈദ്യസഹായമടക്കം എത്തിച്ച് 'വൺ മില്യൺ കിലോ' പദ്ധതി
ഖത്തറിെൻറ ദേശീയ വിമാന കമ്പനിയാണ് ഖത്തർ എയർവേസ്. കമ്പനിയുടെ ചരക്ക് വിഭാഗമാണ് ഖത്തർ എയർവേസ് കാർഗോ. വിവിധ രാജ്യങ്ങളിൽ അർഹരായവർക്ക് 10 ലക്ഷം കിലോ മെഡിക്കൽ ഉൾപ്പെടെയുള്ള അടിയന്തര സഹായം സൗജന്യമായി എത്തിക്കുകയാണ് ഖത്തർ എയർവേസ് കാർഗോ ചെയ്യുന്നത്. ഖത്തർ എയർവേസിെൻറ വൺ മില്യൺ കിലോ കാമ്പയിൻ മുഖാന്തരമാണ് പദ്ധതി നടപ്പാക്കുക.വിവിധയിടങ്ങളിലെ ചാരിറ്റി സംഘടനകൾക്ക് മാനുഷിക-മെഡിക്കൽ സഹായങ്ങൾ ഖത്തർ എയർവേസ് കാർഗോ വിമാനങ്ങൾ വഴി സൗജന്യമായി വിവിധ രാജ്യങ്ങളിലേക്ക് എത്തിക്കാൻ പദ്ധതിയിലൂടെ കഴിയുന്നുണ്ട്.
കോവിഡ്-19 പ്രതിസന്ധി മൂലം ദശലക്ഷക്കണക്കിന് ജനങ്ങളാണ് ദുരിതത്തിൽ കഴിയുന്നതെന്നും ഒരു എയർലൈനെന്ന നിലയിൽ അവർക്കാകുന്ന സഹായമെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും ഇതിെൻറ ഭാഗമായാണ് സൗജന്യമായി വൺ മില്യൺ കിലോ സഹായം എത്തിക്കുകയെന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നതെന്നും കമ്പനി അധികൃതർ പറയുന്നു. ഖത്തർ എയർവേസ് കാർഗോയുടെ സുസ്ഥിര പദ്ധതിയായ 'വി കെയർ' പദ്ധതിയുടെ പ്രഥമ പരിപാടിയാണ് 'വൺ മില്യൺ കിലോ'.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.