ഐ.സി.ബി.എഫ്, ഐ.എസ്.സി കമ്മിറ്റികൾ സ്ഥാനമേറ്റു
text_fieldsദോഹ: ഇന്ത്യൻ എംബസി അപെക്സ് ബോഡി സംഘടനകളായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്), ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐ.എസ്.സി) ഭാരവാഹികൾ ചുമതലയേറ്റു.
കഴിഞ്ഞ ദിവസങ്ങളിൽ ഐ.സി.സി അശോക ഹാളിൽ നടന്ന വ്യത്യസ്ത ചടങ്ങുകളിലായിരുന്നു എംബസി ഉദ്യോഗസ്ഥരുടെയും കമ്യൂണിറ്റി നേതാക്കളുടെയും സാന്നിധ്യത്തിൽ ഇരു സമിതികളും സ്ഥാനമേറ്റത്. മാർച്ച് ആദ്യ വാരത്തിൽ നടന്ന വോട്ടെടുപ്പിലായിരുന്നു ഷാനവാസ് ബാവ അധ്യക്ഷനായി ഐ.സി.ബി.എഫിനും ഇ.പി അബ്ദുറഹ്മാൻ അധ്യക്ഷനായി ഐ.എസ്.സിക്കും പുതിയ സമിതികൾ തിരഞ്ഞെടുക്കപ്പെട്ടത്.
ഐ.സി.സി സ്ഥാനാരോഹണ ചടങ്ങിൽ എംബസി ഫസ്റ്റ് സെക്രട്ടറി സചിൻ ദിനകർ ശങ്ക്പാൽ മുഖ്യാതിഥിയായി. കഴിഞ്ഞ കമ്മിറ്റിയിലെ പ്രസിഡന്റ് ഡോ. മോഹൻ തോമസ്, മുൻ പ്രസിഡന്റ് ഹസൻ ചൗഗ്ലേ എന്നിവരും പങ്കെടുത്തു. നിഹാദ് അലി, പ്രദീപ് പിള്ള, ഷാലിനി തിവാരി, ജോൺ ദോശയ്, ദീപേഷ് ഗോവിന്ദൻ കുട്ടി എന്നിവർ അടങ്ങിയ പുതിയ മാനേജ്മെന്റ് കമ്മിറ്റിയാണ് സ്ഥാനമേറ്റത്.
ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ കായിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഐ.എസ്.സിയുടെ പുതിയ സമിതിക്ക് രണ്ടു വർഷമാണ് കാലാവധി. ശനിയാഴ്ച ഐ.സി.സി അശോക ഹാളിൽ നടന്ന പരിപാടിയിലാണ് ഐ.സി.ബി.എഫ് ഭാരവാഹികൾ ചുമതലയേറ്റത്.
എംബസി ഫസ്റ്റ് സെക്രട്ടറി സുമൻ സോൻകർ മുഖ്യാതിഥിയായി. സ്ഥാനമൊഴിഞ്ഞ നിലവിലെ ആക്ടിങ് പ്രസിഡന്റ് വിനോദ് നായർ, സെക്രട്ടറി സാബിത് സഹീർ എന്നിവർ രേഖകളും മറ്റും ഷാനവാസ് ബാവ അധ്യക്ഷനായ സമിതിക്കു കൈമാറി. കെ. മുഹമ്മദ് കുഞ്ഞി, കുൽദീപ് കൗർ ബഹൽ, വർക്കി ബോബൻ, ദീപക് ഷെട്ടി, സമീർ അഹമ്മദ് എന്നീ മാനേജ്മെന്റ് പ്രതിനിധികളെയാണ് പുതുതായി തിരഞ്ഞെടുത്തത്. എ.പി. മണികണ്ഠൻ അധ്യക്ഷനായ ഇന്ത്യൻ കൾച്ചറൽ സെന്റർ ഭാരവാഹികൾ നേരത്തെ സ്ഥാനമേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.