വിദ്യാർഥികൾക്കും തൊഴിലന്വേഷകർക്കുമായി ഐ.സി.ബി.എഫ് ‘കരിയർ കണക്ട്’
text_fieldsദോഹ: ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) 40ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, വിദ്യാർഥികൾക്കും തൊഴിലന്വേഷകർക്കുമായി, ‘കരിയർ കണക്ട്’ എന്ന പേരിൽ ദ്വൈവാര കരിയർ ക്ലിനിക്കുകൾ ആരംഭിച്ചു. സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യയുമായി (സിജി ഖത്തർ) സഹകരിച്ചാണ് കരിയർ ക്ലിനിക്കുകൾ ആരംഭിക്കുന്നത്.
ഐ.സി.ബി.എഫ് കാഞ്ചാണി ഹാളിൽ നടന്ന ചടങ്ങിൽ, ഇന്ത്യൻ അംബാസഡർ വിപുൽ കരിയർ കണക്ട് ഉദ്ഘാടനം ചെയ്തു. ഐ.സി.ബി.എഫിന്റെ ഇത്തരം സംരംഭങ്ങളെ അംബാസഡർ വിപുൽ അഭിനന്ദിച്ചു.
ഖത്തറിലെ തൊഴിലാളി സമൂഹത്തിന് ‘കരിയർ കണക്ട്’ വലിയ സഹായകമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ.സി.ബി.എഫ് കോഓഡിനേറ്റിങ് ഓഫിസറുമായ ഐഷ് സിംഗാളും പങ്കെടുത്തു.
ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷനായിരുന്നു. ഐ.സി.ബി.എഫിന്റെ വിവിധ കമ്യൂണിറ്റി പരിപാടികളുടെ തുടർച്ചയാണ് കരിയർ ക്ലിനിക്കെന്ന് അദ്ദേഹം പറഞ്ഞു. സിജി ഖത്തർ ചെയർമാനും, ഐ.എസ്.സി പ്രസിഡന്റുമായ ഇ.പി. അബ്ദുൽ റഹ്മാൻ, വൈസ് ചെയർമാൻ അഡ്വ. ഇസ്സുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി വർക്കി ബോബൻ ആശംസയർപ്പിച്ചു. ‘കരിയർ കണക്ട്’ ക്ലിനിക്കുകൾക്ക് നേതൃത്വം നൽകുന്ന 19 പേരടങ്ങുന്ന പാനൽ, മാനേജിങ് കമ്മിറ്റി അംഗം സെറീന അഹദ് അവതരിപ്പിച്ചു. സെക്രട്ടറി ടി.കെ. മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു.
‘ക്രാഫ്റ്റിങ് യുവർ ഫ്യൂച്ചർ: ദ പവർ ഓഫ് കരിയർ പ്ലാനിങ്’ എന്ന വിഷയത്തിൽ മുഹമ്മദ് ഫൈസൽ കരിയർ പ്ലാനിങ്ങിനെക്കുറിച്ച് വിശദമായി സംസാരിച്ചു.
നീലാംബരി സുശാന്ത് പരിപാടികൾ ഏകോപിപ്പിച്ചു. ഉപദേശക സമിതി ചെയർമാൻ എസ്.എ.എം ബഷീർ, അംഗം ടി. രാമശെൽവം, ഐ.എസ്.സി ജനറൽ സെക്രട്ടറി നിഹാദ് അലി, വിവിധ സംഘടന പ്രതിനിധികൾ, കമ്യൂണിറ്റി നേതാക്കൾ എന്നിവർ പങ്കെടുത്തു.
ദീപക് ഷെട്ടി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ശങ്കർ ഗൗഡ്, അബ്ദുൽ റഊഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. എല്ലാ മാസത്തിലും രണ്ടാമത്തെ വെള്ളിയാഴ്ചകളിലും, നാലാം ശനിയാഴ്ചകളിലും നടക്കുന്ന ‘കരിയർ കണക്ട്’ ക്ലിനിക്കുകളിൽ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് 6683 6004, 6610 0744 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.