അൽഖോറിൽ സേവനങ്ങളെത്തിച്ച് ഐ.സി.ബി.എഫ് കോൺസുലാർ ക്യാമ്പ്
text_fieldsദോഹ: ഖത്തറിലെ ഇന്ത്യൻ എംബസി, ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറവുമായി (ഐ.സി.ബി.എഫ്) സഹകരിച്ച് അൽഖോറിൽ സംഘടിപ്പിച്ച പ്രത്യേക കോൺസുലർ ക്യാമ്പിന്റെ സേവനങ്ങൾ പ്രദേശവാസികളായ 160ഓളം പേർക്ക് സഹായകമായി. വെള്ളിയാഴ്ച രാവിലെ തുടങ്ങി, ഉച്ചക്ക് 12.30 വരെ നീണ്ട ക്യാമ്പിൽ, പാസ്പോർട്ട് പുതുക്കൽ, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി) തുടങ്ങിയ സേവനങ്ങൾ ലഭ്യമായിരുന്നു.
അൽഖോറിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന ഇന്ത്യക്കാർക്ക് ദോഹയിലെത്തി എംബസി സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഐ.സി.ബി.എഫ് വിദൂര കേന്ദ്രങ്ങളിൽ കോൺസുലാർ ക്യാമ്പുകൾ സംഘടിപ്പിച്ചത്. താരതമ്യേന താഴ്ന്ന വരുമാനക്കാരും ഗതാഗതസൗകര്യങ്ങൾ ഇല്ലാത്തതുമായവർ, തൊഴിലാളികൾ ഉൾപ്പെടെ നിരവധി പേർ ക്യാമ്പിന്റെ സേവനങ്ങൾ ഉപയോഗപ്പെടുത്തി.
ആളുകളുടെ പ്രതികരണത്തിലും ക്യാമ്പിന്റെ വിജയത്തിലും ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ സന്തോഷം പ്രകടിപ്പിച്ചു. ഇത്തരം ക്യാമ്പുകൾ ദോഹയുടെ വിദൂരസ്ഥലങ്ങളിൽ തുടർച്ചയായി സംഘടിപ്പിക്കുമെന്നും അറിയിച്ചു. ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനായി എംബസി ഉദ്യോഗസ്ഥർക്കൊപ്പം ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറൽ സെക്രട്ടറി വർക്കി ബോബൻ, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ട്രഷറർ കുൽദീപ് കൗർ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ സെറീന അഹദ്, ശങ്കർ ഗൗഡ് തുടങ്ങിയവരും ഐ.സി.ബി.എഫ് ജീവനക്കാർ, വിവിധ സംഘടന വളന്റിയർമാർ, ക്യാമ്പിന് വേദിയായ കോർ ബേ റെസിഡൻസിയിലെ മാനേജർ രാജേഷിന്റെ നേതൃത്വത്തിലുള്ള ജീവനക്കാർ എന്നിവർ സജീവമായി പങ്കെടുത്തു. ക്യാമ്പിൽ സ്വീകരിച്ച അപേക്ഷകൾപ്രകാരമുള്ള പുതുക്കിയ പാസ്പോർട്ടുകൾ, ഒക്ടോബർ 20 വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ 11 വരെയായി ഇതേ വേദിയിൽ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.