തൊഴിലാളികൾക്ക് ഐ.സി.ബി.എഫ് സമൂഹ നോമ്പുതുറ
text_fieldsദോഹ: ഇന്ത്യൻ എംബസി അപെക്സ് സംഘടനമായ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം(ഐ.സി.ബി.എഫ്), ഡെസർട്ട് ലൈൻ ഗ്രൂപ്പിന്റെ സഹകരണത്തോടെ ഇൻഡസ്ട്രിയൽ ഏരിയ സ്ട്രീറ്റ് 48 ലെ ലേബർ ക്യാമ്പിൽ തൊഴിലാളികൾക്കായി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു.
ഇന്ത്യക്കാരും വിവിധ ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവരും ഉൾപ്പെടെ 2000ത്തോളം തൊഴിലാളികൾക്കായാണ് സമൃദ്ധമായ വിഭവങ്ങളോടെ ഇഫ്താർ വിരുന്നൊരുക്കിയത്. ചടങ്ങിൽ മുഖ്യാതിഥിയായി ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ.സി.ബി.എഫ് കോഓഡിനേറ്റിങ് ഓഫിസറുമായ സുമൻ സോൻകർ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു.
ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജാതിമത ഭേദമന്യേ ഉള്ള ഇത്തരം ഒത്തുചേരലുകൾകൂടി റമദാനിന്റെ പുണ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഡെസർട്ട് ലൈൻ ഗ്രൂപ് മാനേജിങ് ഡയറക്ടറും ഐ.സി.ബി.എഫ് ഉപദേശക സമിതി അംഗവുമായ അരുൺകുമാർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി സ്വാഗതവും ജനറൽ സെക്രട്ടറി വർക്കി ബോബൻ നന്ദിയും പറഞ്ഞു.
ഐ.സി.ബി.എഫ് മുൻ പ്രസിഡന്റ് വിനോദ് വി. നായർ, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ അബ്ദുൽറഊഫ് കൊണ്ടോട്ടി, ശങ്കർ ഗൗഡ്, കുൽദീപ് കൗർ, സറീന അഹദ്, ഐ.സി.സി മാനേജിങ് കമ്മിറ്റി അംഗം എബ്രഹാം ജോസഫ് എന്നിവരും സന്നിഹിതരായിരുന്നു.
ഇന്ത്യക്കാർക്കുപുറമെ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്കൻ, ഫിലിപ്പീൻ രാജ്യങ്ങളിൽനിന്നുള്ള നിരവധിപേരും ഐ.സി.ബി.എഫിന്റെ ഇഫ്താർ വിരുന്നിൽ പങ്കാളികളായി. ബന്ധങ്ങളുടെ ആർദ്രതയും, പങ്കുവെക്കലിന്റെ പ്രസക്തിയും കൂടുതൽ ഊട്ടിയുറപ്പിക്കേണ്ട സമകാലിക സാഹചര്യത്തിൽ, റമദാൻ മാസത്തിന്റെ മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്ന, ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായാണ് നോമ്പുതുറയിൽ പങ്കെടുത്ത തൊഴിലാളികൾ മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.