ആരോഗ്യത്തിന് കരുതലായി ഐ.സി.ബി.എഫ് മെഡിക്കൽ ക്യാമ്പ്
text_fieldsദോഹ: ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്), അൽഖോറിലും പരിസരപ്രദേശത്തുമുള്ള താഴ്ന്ന വരുമാനക്കാർക്കായി സംഘടിപ്പിച്ച 46ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് ഒട്ടനവധി പേർക്ക് സഹായമായി. സമൂഹത്തിന്റെ എല്ലാ മേഖലകളിലും വിവിധ വിഭാഗങ്ങളിൽപെട്ടവർക്കും ആവശ്യമായ സേവനങ്ങൾ എത്തിക്കുന്നതിനുള്ള ഐ.സി.ബി.എഫിന്റെ പദ്ധതികളുടെ ഭാഗമായിരുന്നു അൽഖോറിലെ ആസ്റ്റർ മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പ്.ഏതാണ്ട് 400ലധികം പേർ, വിവിധ രക്തപരിശോധനകൾ, രക്തസമ്മർദ പരിശോധന, ഡോക്ടർ കൺസൽട്ടേഷൻ അടക്കമുള്ള സുപ്രധാന സേവനങ്ങൾ പ്രയോജനപ്പെടുത്തി.
തെലുങ്ക് കലാസമിതി, ആസ്റ്റർ മെഡിക്കൽ സെന്റർ, ഇന്ത്യൻ ഫിസിയോതെറപ്പി ഫോറം, ഇന്ത്യൻ ഫാർമസിസ്റ്റ്സ് അസോസിയേഷൻ, ക്യൂ ലൈഫ് ഫാർമ എന്നിവയുടെ സഹകരണത്തോടെ നടന്ന ക്യാമ്പിൽ, പങ്കെടുത്തവർക്ക് സൗജന്യമായി മരുന്നുകളും ഫിസിയോതെറപ്പി സെഷനുകളും ലഭ്യമാക്കിയിരുന്നു. ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ നിർവഹിച്ചു. ഖത്തറിലെ ഇന്ത്യൻ സമൂഹത്തെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിലും ആവശ്യക്കാരായവർക്ക് സഹായമെത്തിക്കുന്നതിലുമുള്ള ഐ.സി.ബി.എഫിന്റെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.
ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു. തെലുങ്ക് കലാസമിതി പ്രസിഡന്റ് ഹരീഷ് റെഡ്ഡി, ആസ്റ്റർ മെഡിക്കൽ സെന്റർ ബിസിനസ് ഡെവലപ്മെന്റ് മാനേജർ സജിത്ത് വിക്രമൻ പിള്ള, ഇന്ത്യൻ ഫാർമസിസ്റ്റ്സ് അസോസിയേഷൻ രക്ഷാധികാരി കെ.പി. അഷറഫ്, മുൻ ഐ.സി.ബി.എഫ് പ്രസിഡന്റ് പി.എൻ. ബാബുരാജൻ തുടങ്ങിയവർ സംസാരിച്ചു. മെഡിക്കൽ ക്യാമ്പ് കോഓഡിനേറ്റർ മുഹമ്മദ് കുഞ്ഞി നന്ദി രേഖപ്പെടുത്തി. ഐ.സി.ബി.എഫ് മത്സ്യത്തൊഴിലാളി ക്ഷേമമേധാവി ശങ്കർ ഗൗഡ്, ട്രഷറർ കുൽദീപ് കൗർ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ സെറീന അഹദ്, അബ്ദുൽ റഊഫ് കൊണ്ടോട്ടി, സമീർ അഹമ്മദ്, കുൽവീന്ദർ സിങ് ഹണി തുടങ്ങിയവരും വിധ സംഘടന വളന്റിയേഴ്സും ക്യാമ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.