തൊഴിലാളികൾക്ക് ആശ്വാസമായി ഐ.സി.ബി.എഫ് മെഡിക്കൽ ക്യാമ്പ്
text_fieldsദോഹ: താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് ആശ്വാസമായി ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) മെഡിക്കൽ ക്യാമ്പ്. ഏഷ്യൻ ടൗൺ ഇമാറ ഹെൽത്ത് കെയറിൽ നടന്ന 45ാമത് മെഡിക്കൽ ക്യാമ്പിലെ സേവനങ്ങൾ 400 ഓളം പേർ പ്രയോജനപ്പെടുത്തി. രാവിലെ എട്ടു മുതൽ 11 വരെയാണ് ക്യാമ്പ് തീരുമാനിച്ചിരുന്നതെങ്കിലും മികച്ച പ്രതികരണത്തെത്തുടർന്ന് ഇത് ഉച്ച ഒരു മണിവരെ തുടർന്നു.
ഇന്റേണൽ മെഡിസിൻ, ഇ.എൻ.ടി, ഡെന്റൽ ഓറൽ സ്ക്രീനിങ്, ഓർത്തോപീഡിക്, ഡെർമറ്റോളജി, ഫിസിയോതെറപ്പി തുടങ്ങി വിവിധ വിഭാഗങ്ങളിൽ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുത്തിരുന്നു. ക്യാമ്പിൽ പങ്കെടുത്തവർക്ക് ആവശ്യമായ മരുന്നുകൾ ഉറപ്പാക്കുന്നതിന് ഫാർമസി സേവനവും ഒരുക്കിയിരുന്നു. ഐ.സി.ബി.എഫ് ഇൻഷുറൻസ് പദ്ധതിയെക്കുറിച്ചുള്ള ബോധവത്കരണവും അതിൽ ചേരുന്നതിനുള്ള സൗകര്യവും ഒരുക്കി. ഐ.സി.ബി.എഫ് കോഓഡിനേറ്റിങ് ഓഫിസറും ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയുമായ സുമൻ സോൻകറിന്റെ സാന്നിധ്യത്തിൽ, ഇന്ത്യൻ എംബസി ഷെർഷെ ദഫേ ടി ആഞ്ജലിന പ്രേമലത ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഐ.സി. ബി.എഫ് സെക്രട്ടറി ടി.കെ. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു. ഇത്തരം പ്രവർത്തനങ്ങളിലൂടെ ഇന്ത്യൻ സമൂഹം പ്രകടിപ്പിക്കുന്ന ഐക്യത്തെയും അർപ്പണബോധത്തെയും ആഞ്ജലിന പ്രേമലത പ്രശംസിച്ചു. അൽ ഇമാറ ഹെൽത്ത് കെയർ ഡയറക്ടർ അഷ്റഫ് ചിറക്കൽ ആശംസ നേർന്നു. മാനേജിങ് ഡയറക്ടർ ഡോ. അമീൻ, ഐ.സി.ബി.എഫ് അംഗങ്ങൾക്കായുള്ള പ്രിവിലേജ് കാർഡ് കൈമാറി. മറ്റ് അപെക്സ് ബോഡി പ്രസിഡന്റുമാർ, കമ്മ്യൂണിറ്റി നേതാക്കൾ, അപെക്സ് ബോഡി അംഗങ്ങൾ തുടങ്ങിയവരും സന്നിഹിതരായിരുന്നു. അബ്ദുൽ റഊഫ് കൊണ്ടോട്ടി നന്ദി പറഞ്ഞു.
വോളണ്ടിയർമാരോടൊപ്പം, ഏകദേശം 20 വിദ്യാർത്ഥി വളന്റിയർമാരുടെ സേവനവും ക്യാമ്പിന് കരുത്തായി. ഇന്ത്യൻ ഫാർമസിസ്റ്റ്സ് അസോസിയേഷൻ ഖത്തർ, ക്യൂ ലൈഫ് ഫാർമ, ഇന്ത്യൻ ഫിസിയോ തെറാപ്പി ഫോറം ഖത്തർ തുടങ്ങിയവരും പിന്തുണയുമായി രംഗത്തുണ്ടായിരുന്നു.
ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറൽ സെക്രട്ടറി വർക്കി ബോബൻ, ട്രഷറർ കുൽദീപ് കൗർ ബഹൽ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ശങ്കർ ഗൗഡ്, കുൽവീന്ദർ സിങ് ഹണി, സറീന അഹദ്, സമീർ അഹമ്മദ്, ഹാമിദ് റാസ, ഉപദേശക സമിതി അംഗങ്ങളായ ശശിധർ ഹെബ്ബാൽ, ടി. രാമസെൽവം നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.