ഒരു വേദി; ഇന്ത്യ നിറഞ്ഞാടി
text_fieldsദോഹ: കന്യാകുമാരി മുതൽ കശ്മീർ വരെ, മുംബൈ മുതൽ മണിപ്പൂർ വരെ. സാംസ്കാരിക വൈവിധ്യത്താൽ സമ്പന്നമായ ഇന്ത്യയുടെ നൃത്ത, കലാ വൈവിധ്യങ്ങളുമായി സമ്പന്നമായൊരു രാത്രി തീർത്ത് ഇന്ത്യൻ കൾചറൽ സെന്റർ സംഘടിപ്പിച്ച ഭാരതോത്സവം.
ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിലെ അൽമയാസ ഹാളിൽ ഖത്തരി ഉദ്യോഗസ്ഥരും വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളും ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹവും നിറഞ്ഞ വേദിയിൽ ആറ് മണിക്കൂറോളം ഇന്ത്യൻ സാംസ്കാരിക സമ്പന്നതയിലൂടെയൊരു യാത്ര സമ്മാനിക്കുന്നതായിരുന്നു ആഘോഷ ദിനം.
18 രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളുടെ സാന്നിധ്യമായിരുന്നു പരിപാടിയുടെ ആകർഷണം. വൈകീട്ട് നാലിന് തുടങ്ങി രാത്രി 11 വരെ നീണ്ടുനിന്ന കലാ സാംസ്കാരിക വിരുന്നിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പ്രചാരങ്ങളിലുള്ള ജനകീയവും ഗോത്ര വിഭാഗങ്ങളിലുള്ളതുമായ കലകൾ വേദിയിൽ അരങ്ങേറി.
ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ, വിവിധ സംസ്ഥാനങ്ങളിലെ കമ്യൂണിറ്റി കൂട്ടായ്മകൾ, നൃത്തകല പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള സംഘങ്ങളാണ് പരിപാടികൾ അവതരിപ്പിച്ചത്.
ആറു മണിക്കൂറോളം നീണ്ടുനിന്ന പ്രദർശനത്തിൽ 42 കലാ പ്രദർശനങ്ങൾ വേദിയിൽ അരങ്ങേറി. ഓരോ നൃത്ത, സംഗീത വിസ്മയങ്ങളെയും നിറഞ്ഞ കൈയടിയോടെത്തന്നെ അൽ മയാസ ഹാളിലെ സദസ്സ് വരവേറ്റു.
രാത്രി ഏഴിന് ആരംഭിച്ച ഔദ്യോഗിക ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യയും ഖത്തറും തമ്മിലെ അരനൂറ്റാണ്ട് പഴക്കമുള്ള നയതന്ത്ര സൗഹൃദം ശക്തമാക്കുന്നതിൽ കലാ, സാംസ്കാരിക വേദികളും നിർണായക പങ്കുവഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വൈവിധ്യമാർന്ന ഇന്ത്യൻ കലാ വിരുന്നുകളെ ഒരു വേദിയിലെത്തിക്കാൻ കഠിനാധ്വാനം ചെയ്ത ഐ.സി.സി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
ചടങ്ങിൽ ഭാരത് ഉത്സവ് സുവനീർ അംബാസഡർ പ്രകാശനം ചെയ്തു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ സ്വാഗതം പറഞ്ഞു. സ്കൂളുകൾ, അസോസിയേറ്റ് സംഘടനകൾ, മറ്റു കൂട്ടായ്മകൾ എന്നിവരുടെ പിന്തുണയിലാണ് 42 പരിപാടികൾ വേദിയിൽ എത്തിക്കാൻ കഴിഞ്ഞതെന്ന് അദ്ദേഹം ഓർമിച്ചു.
ഐ.സി.സി ജനറൽ സെക്രട്ടറി മോഹൻ കുമാർ ആമുഖ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗേലു നന്ദി പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ പി.എൻ. ബാബുരാജൻ, നന്ദിനി അബ്ബഗൗനി, ശാന്താനു ദേശ്പാണ്ടേ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടിയുടെ ഏകോപനം നിർവഹിച്ചത്.
ആറ് മണിക്കൂർ; ഭാരത് ഉത്സവം
ഇന്ത്യയിൽപോലും കാണാൻ കഴിയാത്തൊരു കാഴ്ചയായിരുന്നു ക്യു.എൻ.സി.സി അൽമയാസ തിയറ്ററിൽ ഐ.സി.സി ഒരുക്കിയത്. തെക്ക് മുതൽ വടക്ക് വരെയും കിഴക്ക് മുതൽ പടഞ്ഞാറ് വരെയുമുള്ള ഇന്ത്യൻ കലകളെ അഞ്ചുമണിക്കൂർകൊണ്ട് അരങ്ങിലെത്തിച്ച ഉത്സവം.
അതിൽ ഗോത്ര കലകളും വേരറ്റുപോവുന്ന കലാരൂപങ്ങളും മുതൽ വയനാടിനായി സമർപ്പിച്ച നൃത്ത പരിപാടിയുമെല്ലാമായി ശ്രദ്ധേയമായി. രാജസ്ഥാനി ഗൂമർ, ഛത്തിസ്ഗഢിന്റെ സാംബൽപുരി, ആന്ധ്രപ്രദേശിന്റെ കോസ്റ്റൽ ഫോക് ഡാൻസ്, ബിഹാരി ഫോക് ഡാൻസ്, തമിഴ്നാടിന്റെ ത്രിവേണി ട്രൈബ്, ഗുജറാത്തി ഗർബ.
ഹരിയാന ദാപ്, തമിഴ്നാടിന്റെ തപട്ടം, ഒലിയാട്ടം, സിലംബം, ആന്ധ്ര ബഞ്ജര, കേരളത്തിന്റെ തിരുവാതിരകളി, വട്ടക്കളി, ചവിട്ടുനാടകം, കംമ്പലനാട്ടി, കൈകൊട്ടിക്കളി, ഗോത്രനൃത്തങ്ങൾ, കോൽക്കളി അങ്ങനെ നീണ്ടുകിടന്ന കലാവിരുന്നുകൾ. വയനാട് ദുരന്തത്തോട് ഐക്യദാർഢ്യവുമായി ഭവൻസ് പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച േഗാത്ര നൃത്തപരിപാടി ശ്രദ്ധേയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.