ഇന്ത്യൻ ഉത്സവമായി ഐ.സി.സി മെഗാ കാർണിവൽ
text_fieldsദോഹ: ഇന്ത്യൻ സമൂഹത്തിന്‍റെ ഉത്സവവേദിയായി ഐ.സി.സി സ്വാതന്ത്ര്യദിനാഘോഷം. 19 ദിനം നീണ്ടുനിൽക്കുന്ന ആസാദി കാ അമൃത് മഹോത്സവം മെഗാ കാർണിവലിന്റെ ഭാഗമായി സ്വാതന്ത്ര്യദിനത്തിൽ അൽ വക്റ ഡി.പി.എസ് ഇന്ത്യൻ സ്‌കൂളിലായിരുന്നു ഇന്ത്യൻ കൾച്ചറൽ സെന്‍ററിന്‍റെ വൈവിധ്യമാർന്ന ആഘോഷങ്ങൾ. ചടങ്ങ് ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഉദ്ഘാടനം ചെയ്തു.
ഖത്തറിലെ ഇന്ത്യൻ സാഹോദര്യത്തെ പ്രതിഫലിപ്പിച്ച ആഘോഷപരിപാടിയിൽ വിവിധ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചു. ചടങ്ങിൽ ഐ.സി.സി പ്രസിഡന്റ് പി.എൻ ബാബുരാജൻ അധ്യക്ഷത വഹിച്ചു.
ഖത്തർ സർക്കാറിന്‍റെ സാംസ്കാരിക വിഭാഗം മേധാവി മറിയം അൽ അലി, മന്ത്രാലയം പ്രതിനിധികളായ ആദിൽ അൽ കെൽദി, മർഗം അൽ ഹമ്മാദി, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ സേവ്യർ ധനരാജ്, ടി. ആഞ്ജലീന പ്രേമലത, ക്യാപ്റ്റൻ. മോഹൻ അറ്റ്‌ല എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി കൃഷ്ണകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു നന്ദിയും പറഞ്ഞു.കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ളവരുടെ ദേശഭക്തിഗാനങ്ങൾ കോർത്തിണക്കിയ നൃത്ത-സംഗീത വിരുന്നുകളായിരുന്നു പരിപാടിയുടെ ആകർഷണം.
അതിഥികൾക്കുപുറമെ, വിവിധ ഇന്ത്യൻ കമ്യുണിറ്റി പ്രതിനിധികളും അംഗങ്ങളും പങ്കെടുത്തു. വിവിധ സ്കൂളുകളും കമ്യൂണിറ്റികളും ഉൾപ്പെടെ 18ഓളം ഗ്രൂപ്പുകളാണ് പരിപാടി അവതരിപ്പിച്ചത്. ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്കാരിക സമന്വയം വിവിധ പരിപാടികളിലൂടെ വേദിയിലെത്തിച്ചാണ് കാർണിവൽ ഗംഭീരമാക്കിയത്. ആഗസ്റ്റ് ഒന്നിന് ആരംഭിച്ച കാർണിവലിന് സമാപനം 19ന് വെള്ളിയാഴ്ച അൽ അറബി സ്റ്റേഡിയത്തിൽ നടക്കുന്ന ഡാനിഷ് ഹുസൈന്‍ ബദായുനിയുടെ 'ഖവാലി' ആസ്വാദനത്തോടെ കൊടിയിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.