കലക്കൻ പടങ്ങളുണ്ടോ...എൻട്രി നൽകാൻ സമയമായി
text_fieldsദോഹ: ഇന്ത്യൻ കൾചറൽ സെന്ററിനു (ഐ.സി.സി) കീഴിലെ ഖത്തറിലെ ഇന്ത്യൻ ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയായ ഫോട്ടോഗ്രഫി ക്ലബ് നേതൃത്വത്തിൽ ഫോട്ടോഗ്രഫി ദിനം ആഘോഷിക്കുന്നു. ഫോട്ടോഗ്രഫി മത്സരവും, ഫോട്ടോ പ്രദർശനവും ശിൽപശാലയും, മുൻകാല ഫോട്ടോഗ്രാഫർമാർക്കുള്ള ആദരവും ഉൾപ്പെടെ പരിപാടികളോടെ ഡിസംബർ 13, 14 തീയതികളിലായി വാർഷികദിനാഘോഷം നടക്കുമെന്ന് ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠനും ഫോട്ടോഗ്രഫി ക്ലബ് പ്രസിഡന്റ് വിഷ്ണു ഗോപാലും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഖത്തറിലെ പ്രവാസികൾക്കും സ്വദേശികൾക്കും മാറ്റുരക്കാവുന്ന ഫോട്ടോഗ്രഫി മത്സരം രണ്ടു വിഭാഗത്തിലായി നടക്കും. ഖത്തറിന്റെ വാസ്തുവിദ്യ വിസ്മയം മുതൽ നഗരസൗന്ദര്യവും, കായിക മികവും, ജീവിതവുമെല്ലാം ഉൾക്കൊള്ളുന്ന ‘എക്സ്േപ്ലാറിങ് ഖത്തർ’ വിഭാഗത്തിലും, ബാക് ടു നേച്വർ എന്ന വിഭാഗത്തിലുമായാണ് മത്സരങ്ങൾ. ലോകത്തിന്റെ ഏത് ഭാഗങ്ങളിൽനിന്ന് പകർത്തിയ പ്രകൃതി ദൃശ്യങ്ങളും ഈ വിഭാഗത്തിൽ സമർപ്പിക്കാം. ഓരോ വിഭാഗത്തിലെയും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് സമ്മാനം നൽകും. ഒപ്പം, വിവിധ വിഭാഗങ്ങളിലെ എൻട്രികളിൽനിന്നും തിരഞ്ഞെടുക്കപ്പെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ പുരസ്കാരവും സമ്മാനിക്കും. 5000 റിയാലാണ് സമ്മാനത്തുക.
നവംബർ 30ന് മുമ്പ് മത്സരങ്ങൾക്കുള്ള എൻട്രികൾ സമർപ്പിക്കണമെന്ന് സംഘാടകർ അറിയിച്ചു. പ്ലസ്ടു വരെയുള്ള സ്കൂൾ വിദ്യാർഥികൾക്ക് എൻട്രി ഫീസ് ഇല്ലാതെ മത്സരത്തിൽ പങ്കെടുക്കാം.
ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് ഖത്തറിലെ 150ഓളം ഇന്ത്യൻ ഫോട്ടോഗ്രാഫർമാർ പകർത്തിയ ദൃശ്യങ്ങളുടെ പ്രദർശനവും ഒരുക്കും. ഡിസംബർ 13ന് വൈകുന്നേരം ആറ് മുതൽ ഐ.സി.സി അബൂഹമൂർ ഹാളിലാണ് പ്രദർശനം.
പ്രമുഖ കാമറ ബ്രാൻഡുകളുമായി ചേർന്ന് വൈൽഡ് ലൈഫ്, നേച്വർ, ഫൈൻ ആർട്സ്, ലാൻഡ്സ്കേപ്, ഡോക്യുമെന്ററി, ഫുഡ് തുടങ്ങിയ മേഖലയിലെ ഫോട്ടോഗ്രഫിയിൽ പരിശീലനം, വിദഗ്ധർ നയിക്കുന്ന പാനൽ ചർച്ച, കാമറ ബ്രാൻഡ് കൗണ്ടർ എന്നിവയും സംഘടിപ്പിക്കും.
വാർത്തസമ്മേളനത്തിൽ ഐ.സി.സി ജനറൽ സെക്രട്ടറി മോഹൻ കുമാർ, സെക്രട്ടറി എബ്രഹാം ജോസഫ്, വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗേലു, സോഷ്യൽ ആക്ടിവിറ്റീസ് മേധാവി അഡ്വ. ജാഫർഖാൻ, സജീവ് സത്യശീലൻ, കൾചറൽ ആക്ടിവിറ്റി മേധാവി നന്ദിനി അബ്ബഗൗനി, ശാന്തനു ദേശ്പാണ്ഡേ, ഗാർഗിബെൻ വൈദ്യ, സജീവ് എന്നിവർ പങ്കെടുത്തു.
ഫോട്ടോഗ്രാഫർമാർക്ക്
ആദരവ്
ഐ.സി.സി ഫോട്ടോഗ്രഫി ക്ലബ് വാർഷിക പരിപാടിയുടെ ഭാഗമായി ഫോട്ടോഗ്രഫി മേഖലയിൽ കാൽനൂറ്റാണ്ടായി പ്രവർത്തിക്കുന്നവർക്ക് ആദരവൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു. പ്രഫഷനൽ, അമേച്വർ ഫോട്ടോഗ്രഫിയിൽ 25 വർഷമായി ഖത്തറിൽ പ്രവർത്തിച്ച ഇന്ത്യൻ പ്രവാസികൾക്കാണ് ആദരവ്. iccphotographyclubqatar@gmail.com അല്ലെങ്കിൽ +974 66815270 എന്ന നമ്പർ വഴി അർഹരായവർക്ക് അപേക്ഷിക്കാവുന്നതാണ്. നവംബർ 30ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.