കൾചറൽ സെന്റർ ജനകീയമാക്കും
text_fieldsഎ.പി. മണികണ്ഠൻ (നടുവിൽ), മാനേജിങ് കമ്മിറ്റി അംഗങ്ങളായ എബ്രഹാം ജോസഫ്, നന്ദിനി അബ്ബഗൗനി, അഫ്സൽ അബ്ദുൽ മജീദ്, ശാന്താനു ദേശ്പാണ്ഡേ
ദോഹ: 25ാം വയസ്സിൽ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻറായി വാർത്തകളിൽ ഇടം പിടിച്ച വ്യക്തിയാണ് തൃശൂർ വലപ്പാട് സ്വദേശിയായ എ.പി. മണികണ്ഠൻ.
യുവത്വത്തിന്റെ ചുറുചുറുക്കിൽ വലപ്പാട് പഞ്ചായത്തിന്റെ ഭരണ ചക്രം നിയന്ത്രിച്ച അനുഭവ സമ്പത്തുമായി 2005ൽ ഖത്തറിൽ പ്രവാസിയായ മണികണ്ഠന്റെ കൈകളിലേക്ക് ഇതു മൂന്നാം തവണയാണ് ഇന്ത്യൻ കൾച്ചറൽ സെൻററിന്റെ അധ്യക്ഷ പദവിയെത്തുന്നത്.
2019-2020 കാലയളവിലായിരുന്നു ആദ്യമായി പ്രസിഡന്റായത്. 2023-24ൽ അധ്യക്ഷ പദവിയിൽ വീണ്ടുമെത്തിയതിന്റെ തുടർച്ചയായി ഇപ്പോൾ മൂന്നാം തവണയും പ്രസിഡന്റാവുന്നു.
കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ ജനങ്ങളോട് പറഞ്ഞാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് മണികണ്ഠൻ പറയുന്നു. നെഗറ്റിവ് പ്രചാരണങ്ങളിലേക്കൊന്നും പോകാതെ, കഴിഞ്ഞ രണ്ടു വർഷമായി കമ്യൂണിറ്റിക്കിടയിൽ നടത്തിയ പ്രവർത്തനങ്ങളും, അതിനുമുമ്പ് പൊതുപ്രവർത്തകനെന്ന നിലയിൽ നടത്തിയ സേവനങ്ങളും ദോഹയിലെ ജനങ്ങൾ അംഗീകരിച്ചുവെന്നതിന്റെ സാക്ഷ്യമാണ് ഈ വിജയം.
8.30 ലക്ഷം വരുന്ന ഇന്ത്യൻ സമൂഹത്തിനിടയിലേക്ക് കൂടുതൽ ജനകീയ പ്രവർത്തനങ്ങളുമായി ഇറങ്ങി ച്ചെല്ലാനും, കൂടുതൽ സജീവമായ കമ്യൂണിറ്റി പരിപാടികൾ തുടരാനും ശ്രമിക്കും. മുഴുവൻ ഇന്ത്യക്കാരെയും ഐ.സി.സിയുമായി ചേർത്തു നിർത്തണം. അവരെ കൂടി ഉൾക്കൊള്ളുന്ന കമ്യൂണിറ്റി പരിപാടികൾ വീണ്ടും സജീവമായി നടപ്പാക്കും.
സ്റ്റുഡന്റ്സ് ഫോറം, യൂത്ത് ഫോറം, വിമൻസ് ഫോറം, ഫോട്ടോഗ്രഫി ക്ലബ്, ഫിലിം ക്ലബ്, കൾചറൽ ക്ലബ് തുടങ്ങിയ വിവിധ അനുബന്ധ സംവിധാനങ്ങൾ സജീവമായുണ്ട്.
ഇത് കൂടുതൽ വിശാലമാക്കി എല്ലാവരെയും ഉൾക്കൊള്ളിക്കും. വലിയ പുസ്തക ശേഖരവുമായി ഐ.സി.സി ലൈബ്രറി ഉടൻ പ്രവർത്തനമാരംഭിക്കും. ഇന്ത്യക്കാരുടെ പ്രധാന കേന്ദ്രമായി ഐ.സി.സിയെ മാറ്റുകയാണ് ലക്ഷ്യം -മൂന്നാമതും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ എ.പി മണികണ്ഠൻ ‘ഗൾഫ് മാധ്യമ’ത്തോട് പ്രതികരിച്ചു.
കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹൈസ്കൂൾ അധ്യാപികയായ സീനയാണ് ഭാര്യ. അഭിനവ് മണികണ്ഠൻ, ബംഗളൂരുവിൽ എം.ബി.ബി.എസ് വിദ്യാർഥിയായ അദ്വൈത് എന്നിവർ മക്കളാണ്.
-എ.പി. മണികണ്ഠൻ(പ്രസിഡന്റ്, ഐ.സി.സി)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.