ഇൻകാസ് ഖത്തറിലെ കെ.പി.സി.സി പുനസംഘടന തള്ളി ഐ.സി.സി; തെരഞ്ഞെടുപ്പ് ജൂൺ 23ന്
text_fieldsദോഹ: കോൺഗ്രസ് പ്രവാസി ഘടകമായ ഖത്തർ ഇൻകാസ്സെൻട്രൽ കമ്മിറ്റിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് എംബസി അപെക്സ് സംഘടനയായ ഐ.സി.സി. കെ.പി.സി.സി പുനസംഘടിപ്പിച്ച ഭാരവാഹിപട്ടിക തള്ളികൊണ്ടാണ് പുതിയ ഭാരവാഹികളെ കണ്ടെത്തുന്നതിനായി ജൂൺ 23ന് ഓൺലൈൻ വോട്ടെടുപ്പ് നടത്താൻ നിർദേശിച്ചത്. ഇന്ത്യൻ കൾച്ചറൽ സെന്‍ററിൽ (ഐ.സി.സി) രജിസ്റ്റർ ചെയ്ത സംഘടന എന്ന നിലയിൽ പാലിക്കേണ്ട ഭരണഘടനാ നിർദേശങ്ങൾ ലംഘിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ജനാധിപത്യ മാർഗത്തിൽ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ കണ്ടെത്താൻ ഉത്തരവിട്ടത്. തെരഞ്ഞെടുപ്പ് നോട്ടിഫിക്കേഷൻ നടപടികൾ വിവരിച്ചുകൊണ്ടുള്ള നോട്ടീസ് ഐ.സി.സി കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തി. അംബാസഡറുടെ അംഗീകാരത്തോടെയാണ് ഐ.സി.സി പ്രസിഡൻറ് പി.എൻ ബാബുരാജൻ ഒപ്പിട്ട തെരഞ്ഞെടുപ്പ് നോട്ടീസ് പ്രസിദ്ധീകരിച്ചത്.
വർഷങ്ങളായ ഗ്രൂപ്പ് തിരിഞ്ഞ് തുടരുന്ന ചേരിപ്പോരിനൊടുവിലാണ് എതിർ വിഭാഗത്തിന്‍റെ ആവശ്യങ്ങൾക്കുള്ള അംഗീകാരമായി ഇൻകാസ് സെൻട്രൽ കമ്മിറ്റിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം. പുതിയ ഭാരവാഹി പട്ടിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയായ മേയ് 20ന് തൊട്ടു തലേദിനമായിരുന്നു നേതൃത്വം പുനസംഘടിപ്പിച്ചുകൊണ്ട് കെ.പി.സി.സി പുതിയ പട്ടിക പ്രസിദ്ധീകരിച്ചത്. നിലവിലെ പ്രസിഡന്‍റായിരുന്ന സമീർ ഏറാമലയെ നിലനിർത്തിയും, ശ്രീജിത് നായറെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി നിയമിച്ചുമായിരുന്നു കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത്. എതിർ വിഭാഗത്തിൽ നിന്ന് ഏഴ് പേരെയും പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, പുനസംഘടനാ ലിസ്റ്റ് പുറത്തിറങ്ങിയതിനു പിന്നാലെ അസ്വാരസ്യങ്ങൾ പരസ്യമായ പൊട്ടിത്തെറിയിലെത്തി. എതിർ വിഭാഗത്തിൽ നിന്നുള്ള അംഗങ്ങളായ സെക്രട്ടറി മുനീർ വെളിയംകോട്, ഷിബു സുകുമാരൻ, വൈസ് പ്രസിഡന്‍റ് ഡേവിസ് ഇടശ്ശേരി, എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.പി റഷീദ്, ബഷീർ തൂവാരിക്കൽ, ലത്തീഫ് കല്ലായി, ഓഡിറ്റർ അബ്ദുൾ റൗഫ് എന്നിവർ സ്ഥാനം ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ഇതിനു പുറമെ, പുനസംഘടനാ പട്ടികക്കെതിരെ പരാതികളും ഐ.സി.സിക്ക് ലഭിച്ചു.
ഏഴ് കാരണങ്ങൾ ഉന്നയിച്ചാണ് ഐ.സി.സി ഇൻകാസ് സെൻട്രൽ കമ്മിറ്റിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പുതുതായി സമർപ്പിച്ച ഭാരവാഹിപട്ടികക്കെതിരെ 200ൽ ഏറെ പരാതികൾ ലഭിച്ചതായും പുതിയ പട്ടിക അംഗീകരിക്കില്ലെന്നും, തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് പരാതികളിലെ ആവശ്യമെന്നും വ്യക്തമാക്കി. ഐക്യകണ്ഠേനയല്ല പട്ടിക തയ്യാറാക്കിയതെന്ന് പരാതികളുടെ അടിസ്ഥാനത്തിൽ വ്യക്തമാവുന്നതായി ഐ.സി.സി നോട്ടീസിൽ അറിയിച്ചു. 11 അംഗ മാനേജിങ് കമ്മിറ്റി ടീം എന്ന ഉപാധി ലംഘിക്കപ്പെട്ടു, രണ്ട് വനിതാ ഭാരവാഹികളെങ്കിലും വേണമെന്ന നിർദേശം പാലിച്ചില്ല, അസോ. ഓർഗനൈസേഷൻ സംബന്ധിച്ച ഭരണഘടന പ്രകാരമുള്ള കാലാവധി കഴിഞ്ഞു, പ്രസിഡന്‍റായി നിർദേശികപ്പെട്ട വ്യക്തി രണ്ട് ടേം കാലവധി കഴിഞ്ഞു, വാർഷിക ജനറൽ ബോഡി ചേർന്നതിന്‍റെ രേഖകൾ ഭാരവാഹിപട്ടികക്കൊപ്പം ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല തുടങ്ങിയ കാരണങ്ങളാണ് ഐ.സി.സി പുറത്തിറക്കിയ നോട്ടീസിൽ ചൂണ്ടികാണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.