ഐഡിയൽ സ്കൂൾ ‘സയൻസ് ആൻഡ് മാത്സ് ഒളിമ്പ്യാഡ്’ ജൂൺ മൂന്നിന്
text_fieldsദോഹ: ഖത്തറിലെ വിവിധ സ്കൂളുകളിലെ ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർഥികൾക്കായി ഐഡിയൽ ഇന്ത്യൻ സ്കൂൾ സംഘടിപ്പിക്കുന്ന ‘സയൻസ് ആൻഡ് മാത്സ് ഒളിമ്പ്യാഡ്’ മാസെറ്റ് ജൂൺ മൂന്നിന് നടക്കുമെന്ന് സ്കൂൾ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ജൂൺ എട്ടിന് വിജയികളെ പ്രഖ്യാപിക്കും. 3000 ഖത്തർ റിയാലും സ്വർണ മെഡലും സർട്ടിഫിക്കറ്റുമാണ് ഒന്നാം സമ്മാനം, 2000 റിയാലും വെള്ളിമെഡലും സർട്ടിഫിക്കറ്റും രണ്ടാംസമ്മാനമായും മൂന്നാം സമ്മാനമായി 1000 റിയാലും മെഡലും സർട്ടിഫിക്കറ്റും നൽകും.
മത്സരത്തിനുള്ള രജിസ്ട്രേഷൻ കഴിഞ്ഞദിവസം മുതൽ ആരംഭിച്ചു. മേയ് 25വരെയാണ് രജിസ്ട്രേഷനുള്ള സമയപരിധി. 15 റിയാലാണ് ഫീസ്. മേയ് 20വരെ ഐഡിയിൽ ഇന്ത്യൻ സ്കൂൾ ഓഫീസിൽ നിന്നും രജിസ്ട്രേഷൻ ഫോം ലഭിക്കും. എട്ട്, ഒമ്പത്, 10 ക്ലാസുകളിലെ വിദ്യാർഥികൾക്കായി വിദ്യാഭ്യാസമന്ത്രാലയത്തിന്റെ സഹകരണത്തോടെ നടത്തുന്ന സയൻസ് ആൻഡ് മാത്സ് ഒളിമ്പ്യാഡ് ജൂൺ മൂന്നിന് രാവിലെ 10മുതൽ 11വരെയാണ് നടക്കുക.
വിവിധ സ്കൂളുകളിൽനിന്നായി 2000 ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടന്ന വാർത്തസമ്മേളനത്തിൽ സ്കൂൾ പ്രസിഡന്റ് ഡോ. ഹസൻ കുഞ്ഞി എം.പി, പ്രിൻസിപ്പൽ ശൈഖ് ഷമീം , ഒളിമ്പ്യാഡ് കോഓഡിനേറ്റർമാരായ റഫീക്ക്, റിയാസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.