കടലിൽ എണ്ണ കലർന്നാൽ ഇവിടെ അറിയാം
text_fieldsദോഹ: കടലാഴങ്ങളെ മലിനമാക്കാൻ എണ്ണ ചോർന്നാൽ ഇനി അതിവേഗം തിരിച്ചറിയും. കടലിലെ മത്സ്യങ്ങൾ ഉൾപ്പെടെ ജീവജാലങ്ങളുടെയും പരിസ്ഥിതിയുടെയും നിലനിൽപിന് തിരിച്ചടിയാവുന്ന എണ്ണച്ചോർച്ചകൾ ഉടൻ കണ്ടെത്താനുള്ള സംവിധാനം സ്ഥാപിച്ച് ഖത്തർ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം. കടൽ മലിനമാവുന്നത് ഉപഗ്രഹം വഴി നിരീക്ഷിക്കാനും മുന്നറിയിപ്പ് നൽകാനുമുള്ള സംവിധാനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം ആസ്ഥാനത്ത് സ്ഥാപിച്ചു.
നോർവീജിയൻ സാറ്റലൈറ്റ് സർവിസായ കോങ്സ്ബർഗുമായി സഹകരിച്ച്, ജാപ്പനീസ് ഇറ്റോചു കമ്പനിയുമായി ചേർന്നാണ് ഉപഗ്രഹം വഴി കടലിനെയും എണ്ണപര്യവേക്ഷണ സംവിധാനങ്ങളെയും നിരീക്ഷിച്ച് കടൽ മലിനീകരണ മുന്നറിയിപ്പ് നൽകുന്ന സൗകര്യമൊരുക്കുന്നത്.
പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ പരിസ്ഥിതി ഓപറേഷൻ വിഭാഗമാണ് ഈ നൂതന പദ്ധതി ഖത്തറിൽ സ്ഥാപിക്കുന്നത്. പരിസ്ഥിതി മന്ത്രി ഡോ. ശൈഖ് ഫാലിഹ് ബിൻ നാസർ ആൽഥാനിയുടെ സാന്നിധ്യത്തിൽ ഇത് മന്ത്രാലയം ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു.
സദാ ഭൂമിയെ നിരീക്ഷിക്കുന്ന സാറ്റലൈറ്റിന്റെ സേവനം വഴിയാണ് കടലിൽ എണ്ണ ചോർന്നുണ്ടാകുന്ന മലിനീകരണം തിരിച്ചറിയുന്നത്. മഴയും മേഘങ്ങളും മൂടൽമഞ്ഞും ശക്തമായ സൂര്യപ്രകാശവും ഉൾപ്പെടെ കാലാവസ്ഥ വെല്ലുവിളികൾ ബാധിക്കാതെ തന്നെ 40 ലിറ്റർ മുതൽ ഏറ്റവും ചെറിയ തോതിലുള്ള എണ്ണച്ചോർച്ചയും പിടിച്ചെടുക്കാൻ കഴിയും.
ഉപരിതലത്തിൽ പ്രതിഫലിക്കുന്ന ചെറിയ അളവിലുള്ള ഓയിൽ പാടകളെയും റഡാർ തരങ്ങൾ തിരിച്ചറിഞ്ഞ് അപായ മുന്നറിയിപ്പ് നൽകും. ഉപഗ്രഹം അവയെ കറുത്തതോ അല്ലെങ്കിൽ ൈബ്ലൻഡ് സ്പോട്ടോ ആയി പിടിച്ചെടുത്ത്, ചിത്രങ്ങളും റിപ്പോർട്ടുകളും മന്ത്രാലയത്തിന് അയച്ചുകൊണ്ടാണ് എണ്ണച്ചോർച്ച സംബന്ധിച്ച് സൂചന നൽകുന്നത്.
ചെറിയ എണ്ണച്ചോർച്ച പോലും നേരത്തേ തിരിച്ചറിയുന്നതിലൂടെ കടലിന്റെ സ്വാഭാവികത കാത്തുസൂക്ഷിക്കാനും പരിസ്ഥിതിക്കുണ്ടാകുന്ന വലിയ ദുരന്തം തടയാനും എളുപ്പത്തിൽ കഴിയുമെന്ന് എൻജിനീയർ ദരീൻ സാലിഹ് അൽ മിസ്ഫിരി പറഞ്ഞു. സമുദ്ര പരിസ്ഥിതി സൂക്ഷിക്കുക എന്ന മന്ത്രാലയത്തിന്റെ ലക്ഷ്യങ്ങളുടെ ഭാഗം കൂടിയാണ് വിവിധ ഏജൻസികളുമായി സഹകരിച്ച് ഈ സംവിധാനം ഒരുക്കിയത്.
എണ്ണമലിനീകരണം തടയുന്നതുമായി ബന്ധപ്പെട്ട് ഖത്തർ ഒപ്പുവെച്ച അന്താരാഷ്ട്ര കരാറുകളുടെ ആവശ്യകതകൾ ഈ സംവിധാനം നിറവേറ്റുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി. ഖത്തറിന്റെ പരിധിയിലെ മേഖലകളാണ് ഈ സംവിധാനം വഴി നിരീക്ഷിക്കുന്നത്. മുന്നറിയിപ്പു ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഏറ്റവും വേഗത്തിൽ ബന്ധപ്പെട്ട വിഭാഗങ്ങൾ നടപടി സ്വീകരിക്കുകയും ചോർച്ച തടഞ്ഞ് സമുദ്രസുരക്ഷ ഉറപ്പാക്കാനും കഴിയും. സാറ്റലൈറ്റിൽനിന്ന് ദിവസവും ചിത്രങ്ങൾ മന്ത്രാലയത്തിലേക്ക് കൈമാറും.
എണ്ണക്കപ്പലുകളുടെ സഞ്ചാരത്തിലും പര്യവേക്ഷണത്തിലും മറ്റു കപ്പൽ യാത്രകളിലും ഉൾപ്പെടെ വിവിധ വഴികളിലൂടെ കടലിൽ മലിനീകരണത്തിനുള്ള സാധ്യതകൾ തടയുകയാണ് ഇതുവഴി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.