ബൂസ്റ്റർ ഇല്ലെങ്കിൽ ഇഹ്തിറാസ് സ്റ്റാറ്റസ് നഷ്ടം
text_fieldsദോഹ: കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ പ്രതിരോധ ശേഷിയുടെ കാലയളവിൽ തിരുത്തുമായി പൊതുജനാരോഗ്യ മന്ത്രാലയം. പുതിയ ശാസ്ത്രീയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ രണ്ടാം ഡോസ് സ്വീകരിച്ചവർ ബൂസ്റ്റർ ഡോസ് എടുത്തില്ലെങ്കിലും ഒമ്പതാം മാസം മുതൽ വാക്സിനേഷൻ സ്റ്റാറ്റസ് നഷ്ടമാവുമെന്ന് മന്ത്രാലയം ചൊവ്വാഴ്ച പുറത്തുവിട്ട അറിയിപ്പിൽ വ്യക്തമാക്കുന്നു. 2022 െഫബ്രുവരി ഒന്ന് മുതൽ നിർദേശം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ, വാക്സിനേറ്റഡ് ആണെന്ന് സൂചിപ്പിക്കുന്ന ഇഹ്തിറാസിലെ ഗോൾഡ് ഫ്രെയിം സ്റ്റാറ്റസ് നഷ്ടമാവും. നിലവിൽ 12 മാസമാണ് വാക്സിനേഷൻ സ്റ്റാറ്റസ് ആയി അംഗീകരിച്ചത്. എന്നാൽ, രാജ്യാന്തര തലത്തിൽ കോവിഡ് വാക്സിനും പ്രതിരോധവുമായി ബന്ധപ്പെട്ട് നടന്ന പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് രാജ്യത്തെ വാക്സിനേഷൻ കാലാവധി സംബന്ധിച്ച് തിരുത്തിന് നിർദേശിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായാണ് വാക്സിനേഷൻ കാലാവധി സംബന്ധിച്ച നയത്തിൽ മാറ്റം വരുത്തുന്നത്. പുതിയ നിർദേശ പ്രകാരം ഖത്തർ അംഗീകൃത വാക്സിനുകൾ എടുത്തവർ, രണ്ടാം ഡോസ് എടുത്ത് ഒമ്പത് മാസത്തിനുള്ളിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചില്ലെങ്കിൽ വാക്സിൻ സ്വീകരിക്കാത്തവരായി കണക്കാക്കും. ഇഹ്തിറാസിൽ വാക്സിനേറ്റഡ് സ്റ്റാറ്റസ് ആയി കാണുന്ന ഗോൾഡൻ ഫ്രെയിമും ഇതോടെ നഷ്ടമാവും. എന്നാൽ, നിശ്ചിത കാലാവധിക്കുള്ളിൽ വാക്സിൻ സ്വീകരിക്കുകയാണെങ്കിൽ 'ഗോൾഡ് ഫ്രെയിം' സ്റ്റാറ്റസ് നിലനിർത്താൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു. രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം പൂർത്തിയായ എല്ലാവർക്കും ഖത്തറിൽ ബൂസ്റ്റർ ഡോസ് ലഭ്യമാണ്. ഇതിനകം 2.40 ലക്ഷം പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കുന്നു. പുതു വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്യുകയും രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബൂസ്റ്റർ ഡോസ് സജീവമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.