ആശുപത്രി അപോയിൻമെന്റ് പാഴാക്കിയാൽ പണിയാവും
text_fieldsദോഹ: ആശുപത്രി അപോയിൻമെന്റ് എടുത്തിട്ടും പരിശോധനക്കെത്താത്ത രോഗികളുടെ അപോയിൻമെന്റ് റദ്ദാക്കാനുള്ള നടപടികളുമായി ഹമദ് മെഡിക്കൽ കോർപറേഷൻ. തുടർച്ചയായി രണ്ടു തവണ അപോയിൻമെന്റുകൾ പാഴാക്കുന്നവർക്ക് തുടർന്ന് അപോയിൻമെന്റുകൾ അനുവദിക്കാത്ത വിധത്തിലുള്ള പരിഷ്കാരങ്ങൾക്കാണ് അധികൃതർ തുടക്കം കുറിക്കുന്നത്.
ആശുപത്രിയിലെ ബുക്കിങ് സ്ലോട്ടുകൾ സംരക്ഷിക്കുന്നതിനും, മറ്റു രോഗികളുടെ കാത്തിരിപ്പു സമയം കുറക്കുന്നതിനുമാണ് നടപടി. ഈ സംവിധാനത്തിന്റെ ആദ്യ ഘട്ടം ഹമദ് മെഡിക്കൽ കോർപറേഷനു കീഴിലെ സായാഹ്ന ക്ലിനിക്കുകളിൽ ആരംഭിക്കുമെന്ന് ഹമദ് ഹെൽത്ത് കെയർ ക്വാളിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും പേഷ്യന്റ് എക്സ്പീരിയൻസ് ആന്റ് സ്റ്റാഫ് എൻഗേജ്മെന്റ് ക്വാളിറ്റി സെന്റർ ഡെപ്യൂട്ടി ചീഫുമായ നാസർ അൽ നഈമി പ്രാദേശിക അറബ് പത്രത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ആദ്യഘട്ടത്തിൽ സായാഹ്ന ക്ലിനിക്കുകളിൽ നടപ്പാക്കുന്ന ഈ നിർദേശം, തുടർന്ന് മോണിങ് ക്ലിനിക് ഉൾപ്പെടെയുള്ള സംവിധാനങ്ങളിലേക്കും നടപ്പാക്കും. ‘തുടർച്ചയായി രണ്ടുതവണ മെഡിക്കൽ അപോയിൻമെന്റ് നഷ്ടമായ രോഗികൾക്ക് പിന്നീട് അപോയിൻമെന്റ് ലഭിക്കില്ല. വീണ്ടും ലഭിക്കണമെങ്കിൽ, ആരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള പുതിയ റഫറലിന്റെ അടിസ്ഥാനത്തിലായിരിക്കും മറ്റൊരു അപോയിൻമെന്റ് ലഭ്യമാക്കുക.
മെഡിക്കൽ അപോയിൻമെന്റുകളിൽ 40 ശതമാനും പേരും ഹാജരാകാത്തത് മറ്റു രോഗികൾക്ക് അപോയിൻമെന്റ് സ്ലോട്ടുകൾ ലഭിക്കുന്നതിനെ ബാധിക്കുകയും സമയനഷ്ടത്തിലേക്ക് നയിക്കുകയും ചെയ്യുന്നതിനാലാണ് ഈ തീരുമാനമെടുക്കുന്നത്’ - നാസർ അൽ നഈമി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.