സൗഹൃദ സംഗമമായി ഇഫ്താറുകൾ
text_fieldsഎന്‍റർപ്രണേഴ്‌സ് ക്ലബ് ഇഫ്താർ സംഗമവും ലോഗോ പ്രകാശനവും
ദോഹ: കേരള ബിസിനസ് സംരംഭകരുടെ കൂട്ടായ്മയായ കേരള എന്‍റർപ്രണേഴ്‌സ് ക്ലബ് അംഗങ്ങൾക്കായി നോമ്പ് തുറയും കേരളത്തിൽനിന്ന് ഖത്തറിലെത്തി വിവിധ മേഖലയിൽ ബിസിനസ് മേഖലയിൽ കഴിവ് തെളിയിച്ചവർക്കായുള്ള കേരള എന്‍റർപ്രണേഴ്‌സ് ക്ലബ് ബിസിനസ് എക്സലൻസ് അവാർഡിെൻറ ലോഗോ പ്രകാശനവും നടത്തി. ഒറിക്സ് വില്ലേജ് റസ്റ്റാറന്‍റില്‍ നടന്ന പരിപാടിയിൽ കൾച്ചറൽ ഫോറം അഡ്വൈസറി കൗൺസിൽ ചെയർമാൻ ഡോ. താജ് ആലുവ ഉദ്ഘാടനം നിർവഹിച്ചു. മികച്ച സംരംഭകർക്കായുള്ള ബിസിനസ് എക്സലൻസ് അവാർഡ് ലോഗോയുടെ പ്രകാശനം കൾച്ചറൽ ഫോറം പ്രസിഡന്റ് എ.സി. മുനീഷ് നിർവഹിച്ചു. ബിസിനസ് എക്സലൻസ് അവാർഡില്‍ ഖത്തറിലെ പ്രവാസി സമൂഹത്തിലെ യുവസംരംഭകർ, സ്ത്രീ സംരംഭകർ, ഇന്നോവേറ്റർ, നിർമാണ മേഖല തുടങ്ങി ഇടത്തരം-ചെറുകിട സംരംഭകരെയാണ് പരിഗണിക്കുക. കെ.ഇ.സി പ്രസിഡന്‍റ് ശരീഫ് ചിറക്കൽ അധ്യക്ഷത വഹിച്ചു.
വനിത സംരംഭകർ അടക്കം പങ്കെടുത്ത പരിപാടിയിൽ കെ.ഇ.സി വൈസ് പ്രസിഡന്‍റ് ശിഹാബ് വലിയകത്ത്, കൾച്ചർ ഫോറം ജനറൽ സെക്രട്ടറി മജീദലി കെ.ഇ.സി, ട്രഷറർ അസ്‌ഹറലി പി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഹാഫിസ്, ഹാനി കെ, അൽത്താഫ്, കെ.സി. നബീൽ, ഷാഹിദ് എന്നിവർ നേതൃത്വം നല്‍കി. പ്രോഗ്രാം കൺവീനർ അബ്ദുൽ റസാഖ് സ്വാഗതവും കെ.ഇ.സി എക്സിക്യൂട്ടിവ് അംഗം മൻസൂർ. പി നന്ദിയും പറഞ്ഞു. മേയ് 28ന് കെ.ഇ.സിയുടെ വിപുലമായ ജനറൽ ബോഡി യോഗം നടക്കുമെന്ന് പ്രസിഡന്‍റ് അറിയിച്ചു.
ഐ.എം.സി.സി പ്രവർത്തക സംഗമവും ഇഫ്താറും
ദോഹ: ഐ.എം.സി.സി പ്രവർത്തകസംഗമവും പുതിയ അംഗങ്ങൾക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. സുലൈമാൻ സഖഫി കാലടി റമദാൻ ഉദ്ബോധന പ്രഭാഷണം നടത്തി. ഏഷ്യൻ ടൗൺ പ്ലാസാ മാൾ സെഞ്ച്വറി റസ്റ്റാറന്‍റിൽ നടന്ന ചടങ്ങിൽ വിവിധ സംഘടന പ്രതിനിധികളായ സൽറ്റെസ് സാമുവൽ (സംസ്‌കൃതി ), അജിത് ( യുവകലാ സമിതി), ഗഫൂർ (എൻ.സി.പി), ശറഫുദ്ദീൻ (ഫ്രാറ്റെണിറ്റി ഫോറം) എന്നിവർ പങ്കെടുത്തു. പ്രസിഡന്റ് ഇല്യാസ് മട്ടന്നൂർ ആധ്യക്ഷത വഹിച്ചു. മൻസൂർ പി.എച്ച്, അമീർ ഷേഖ്, മുബാറക് നെല്ലിയാളി, ടി.ടി. നൗഷീർ, മുനീർ മേപ്പയൂർ, ഹനീഫ കടലൂർ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ജാബിർ ബേപ്പൂർ സ്വാഗതവും കബീർ മുസ്തഫ നന്ദിയും പറഞ്ഞു.
സ്നേഹതീരം ഇഫ്താർ
ദോഹ: രണ്ടു വർഷത്തെ നീണ്ട ഇടവേളക്കുശേഷം സ്നേഹതീരം നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. മിഡ്മാക് സിഗ്നലിനടത്ത് ഓൾഡ് ഐഡിയൽ സ്കൂൾ കോമ്പൗണ്ടിൽ നടന്ന പരിപാടിയിൽ 200ഓളം പേർ പങ്കെടുത്തു. ശേഷം നടന്ന പൊതുയോഗം ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി സാബിത് സഹീർ ഉദ്ഘാടനം ചെയ്തു. സ്നേഹതീരം പ്രസിഡന്‍റ് മുസ്തഫ എം.വി. അധ്യക്ഷത വഹിച്ചു. അബ്ദുൽ റഊഫ് കൊണ്ടോട്ടി, ഇല്ല്യാസ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. വൈസ് പ്രസിഡന്‍റ് അലി കളത്തിങ്കൽ റമദാൻ സന്ദേശവും നൽകി. ജനറൽ സെക്രട്ടറി സലിം സ്വാഗതവും ട്രഷറർ ഷെമീം നന്ദിയും പറഞ്ഞു.
കതാറ റമദാൻ സംഗമം; നാളെ ഡോ. വാസിഅ് സംസാരിക്കും
ദോഹ: കതാറ ആംഫി തിയറ്ററിൽ നടക്കുന്ന റമദാൻ സംഗമത്തിൽ കേരളത്തിൽനിന്നുള്ള പണ്ഡിതനും പ്രഭാഷകനുമായ ഡോ. അബ്ദുൽ വാസിഅ് ധർമഗിരി സംസാരിക്കും. വ്യാഴാഴ്ച രാത്രി 9.30ന് ആരംഭിക്കുന്ന സംഗമത്തിൽ കുടുംബസമേതം പ്രവേശനം അനുവദിക്കും. ഔഖാഫ് മന്ത്രാലയത്തിന് കീഴിലെ ബിൻ സെയ്ദ് കൾച്ചറൽ സെന്‍റർ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഇതാദ്യമായാണ് ഒരു മലയാളിക്ക് ഖത്തറിെൻറ സാംസ്കാരിക തലസ്ഥാനമായ കതാറയിലെ ആംഫിതിയറ്ററിൽ ആയിരങ്ങളെ അഭിസംബോധന ചെയ്യാൻ അവസരം ലഭിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ പ്രവാസി വിഭാഗം എന്ന നിലയിൽ കൂടിയാണ് ഈ ക്ഷണം. മലേഷ്യയിലെ ഇന്‍റർനാഷനൽ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിൽ നിന്ന് ഇസ്‌ലാമിക് ജൂറിസ്‌പ്രഡൻസിൽ ഗവേഷണ ബിരുദം നേടിയ ഡോ. വാസിഅ് കേരള ഇസ്‌ലാമിക പണ്ഡിതസഭാ അംഗവും ദോഹ കേന്ദ്രമായ സെന്‍റർ ഫോർ സ്റ്റഡീസ് ആൻഡ് റിസർച്ച് ഡയറക്ടറും ദോഹ അൽ മദ്റസ അൽ ഇസ്ലാമിയയുടെ പ്രിൻസിപ്പലുമാണ്.
തൊഴിലാളികൾക്ക് വിഭവങ്ങളുമായി മുനിസിപ്പാലിറ്റി മന്ത്രാലയം
ദോഹ: കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളിലേക്ക് നോമ്പുതുറ വിഭവങ്ങളും ഭക്ഷ്യവസ്തുക്കളുമെത്തിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്‍റെ സഹായഹസ്തം. മന്ത്രാലയത്തിനുകീഴിലെ മെക്കാനിക്കൽ എക്യുപ്മെന്‍റ് വിഭാഗമാണ് അഫിഫ് ചാരിറ്റിയുമായി ചേർന്ന് ദുർബലരായ തൊഴിലാളി വിഭാഗങ്ങൾക്ക് റമദാനിൽ മുഴുവനും ഇഫ്താർ കിറ്റുകൾ എത്തിക്കുന്നത്. ആദ്യ ദിനത്തിൽ തുടങ്ങിയ പ്രവർത്തനം റമദാൻ അവസാനം വരെ തുടരും. ഏറ്റവും മുന്തിയ ഗുണനിലവാരത്തിലാണ് ഭക്ഷ്യവസ്തുക്കൾ തയാറാക്കുന്നത്. സാമൂഹിക ഉത്തരവാദിത്തം എന്ന നിലയിലാണ് മന്ത്രാലയത്തിനുകീഴിൽ ഈ പ്രവർത്തനം പുരോഗമിക്കുന്നതെന്ന് മെക്കാനിക്കൽ എക്യുപ്മെന്‍റ് വിഭാഗം ഡയറക്ടർ ഷരിദ സുൽത്താൻ അൽ റുമൈഹി പറഞ്ഞു. അഫിഫ് ചരിറ്റിയുടെ പ്രവർത്തനത്തിനും നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.