ഭരണഘടനാ തത്ത്വങ്ങളെ വിസ്മരിച്ചത് വെറുപ്പിന്റെ നിർമിതിക്ക് സഹായകമായി -ഹമീദ് വാണിയമ്പലം
text_fieldsദോഹ: മുഖ്യധാരാ പാരമ്പര്യ രാഷ്ട്രീയ കക്ഷികള്‍ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളെ പരിഗണിക്കാതിരുന്നതിനാലാണ് വെറുപ്പിന്റെ പൊതുബോധ നിർമിതിയും സാമൂഹിക സംഘാടനവും സാധ്യമായതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം പറഞ്ഞു. കള്‍ചറല്‍ ഫോറം പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വെറുപ്പും വിദ്വേഷവും സമൂഹത്തെ കാര്‍ന്നുതിന്നുന്നു. ജനാധിപത്യ- മതേതര സംവിധാനങ്ങള്‍ നിലനിര്‍ത്താനുള്ള കഠിന പ്രയത്നത്തിനുള്ള അവസരമാണിത്. ചില സമുദായങ്ങള്‍ അനര്‍ഹമായി നേടുന്നു എന്നതു പോലുള്ള നുണപ്രചാരണങ്ങള്‍ കണക്കുകള്‍ നിരത്തി പൊളിക്കുകയും അത്തരം ചെയ്തികള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യുന്നതിനുപകരം അപകടകരമായ മൗനം പാലിച്ച് അതില്‍നിന്ന് വോട്ടുലാഭം കൊയ്യുന്ന അത്യന്തം രാഷ്ട്രീയ വഷളത്തമാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായത്.
ഫ്രറ്റേണിറ്റി ദേശീയ പ്രസിഡന്‍റ് ഷംസീര്‍ ഇബ്രാഹീം മുഖ്യപ്രഭാഷണം നിർവഹിച്ചു. സമരങ്ങളെ മൂല്യനിര്‍ണയം നടത്തേണ്ടത് കാലാന്തരങ്ങളിലൂടെയാണെന്നും അങ്ങനെ ചെയ്യുമ്പോള്‍ പൗരത്വ പ്രക്ഷോഭങ്ങള്‍ വിജയിച്ച ഒരുമുന്നേറ്റം തന്നെയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കള്‍ചറല്‍ ഫോറം പ്രസിഡന്‍റ് എ.സി. മുനീഷ് അധ്യക്ഷത വഹിച്ചു. സാമൂഹിക സേവനത്തിലൂന്നിയാണ് കള്‍ചറല്‍ ഫോറം ഖത്തറില്‍ മുന്നോട്ടുപോകുന്നതെന്നും കോവിഡ് കാലങ്ങളിലടക്കം സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് വലിയ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കള്‍ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി മജീദ് അലി ആമുഖഭാഷണം നടത്തി. കള്‍ചറല്‍ ഫോറം വൈസ് പ്രസിഡന്‍റുമാരായ ചന്ദ്രമോഹന്‍, മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ അതിഥികളെ പൊന്നാടയണിയിച്ചു. ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍ ഭാവിപരിപാടികള്‍ വിശദീകരിച്ചു.
നടുമുറ്റം പ്രസിഡന്‍റ് സജ്ന സാക്കി, വൈസ് പ്രസിഡന്‍റ് നിത്യ സുബീഷ്, കെ.ഇ.സി പ്രസിഡന്‍റ് മുഹമ്മദ് ഷരീഫ് ചിറക്കല്‍, എക്സ്പാറ്റ് സ്പോര്‍ട്ടിവ് പ്രസിഡന്‍റ് സുഹൈല്‍ ശാന്തപുരം, കള്‍ചറല്‍ ഫോറം അഡ്വൈസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ റഷീദ് അഹമ്മദ്, കള്‍ചറല്‍ ഫോറം വൈസ് പ്രസിഡന്‍റ് ഷാനവാസ് ഖാലിദ്, ടീം വെല്‍ഫെയര്‍ ക്യാപ്റ്റന്‍ സഞ്ജയ് ചെറിയാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കള്‍ചറല്‍ ഫോറം കലാകാരന്മാര്‍ അവതരിപ്പിച്ച കലാപരിപാടികളും ലത്തീഫ് ഗുരുവായൂര്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'ബോധ്യം' നാടകവും അരങ്ങേറി. പ്രോഗ്രാം കണ്‍വീനര്‍ റഷീദ് കൊല്ലം നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.